ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ക്രിസ്ത്യന്‍ പള്ളി വിശ്വാസികള്‍ക്ക് പണം വാഗ്ദാനം ചെയ്തത് വാര്‍ത്തയായിരിക്കയാണ്. കല്‍പറ്റ സെന്റ് വിന്‍സെന്റ് ഡി പോള്‍ ഫൊറോന പള്ളിയാണ് അഞ്ചാമത്തെ കുട്ടി പിറന്നാല്‍ ദമ്പദികള്‍ക്ക് 10,000 രൂപ വാഗ്ദാനം ചെയ്തിരിക്കുന്നത്. അമേരിക്കയിലെ കാത്തലിക് ന്യൂസ് ഏജന്‍സിയിലാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതെക്കുറിച്ചന്വേഷിക്കാന്‍ ഡൂള്‍ന്യൂസ് ഫെറോന പള്ളി അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ വാര്‍ത്ത സ്ഥിരീകരിക്കുകയാണ് ചെയ്തത്.[]
ക്രിസ്ത്യന്‍ ജനസംഖ്യ കുറഞ്ഞുവരികയാണെന്നും അത് നികത്താനായണ് പദ്ധതി നടപ്പാക്കുന്നതെന്നുമാണ് പള്ളി അധികൃതരുടെ വാദം. എന്നാല്‍ ഇത് തങ്ങളുടെ ഔദ്യോഗിക നിലപാടല്ലെന്ന് കെ.സി.ബി.സി വ്യക്തമാക്കിയിട്ടുണ്ട്. വിവിധ മത വിഭാഗങ്ങള്‍ ഭൂരിപക്ഷവും ന്യൂനപക്ഷവുമായി കഴിയുന്ന നമ്മുടെ നാട്ടില്‍ പണം കൊടുത്ത് ജനസംഖ്യ വര്‍ധിപ്പിച്ച് മതത്തെ ശക്തിപ്പെടുത്തുകയെന്നത് പരിചയമില്ലാത്തതാണ്. ജനസംഖ്യാ നിയന്ത്രണം സര്‍ക്കാര്‍ നയമായിരിക്കെ പ്രത്യേകിച്ചും.
ജനസംഖ്യ കുറഞ്ഞ് വംശനാശ ഭീഷണി നേരിടുന്ന ചില ആദിവാസി വിഭാഗങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ജനസംഖ്യ കുറഞ്ഞ് ക്രിസ്ത്യാനിറ്റി പോലുള്ള ഒരു മതവിഭാഗം ഇല്ലാതാകുമെന്ന് ചിലര്‍ ആശങ്കപ്പെടുന്നത് ഏറെ ആശ്ചര്യകരമാണ്. കേരളത്തിലെ പൊതു സാമൂഹ്യ ബോധത്തിന് നേരെ നോക്കി കൊഞ്ഞനം കുത്തുന്ന നിലപാടാണ് ഫെറോന പള്ളി അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു, കേരളത്തില്‍ ക്രിസ്തുമതം വംശനാശ ഭീഷണിയിലോ?
തോമസ് ഐസക്, സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം
പള്ളിയുടെ ഇത്തരമൊരു സമീപനത്തിന് ക്രിസ്ത്യന്‍ വിശ്വാസവുമായി യാതൊരു ബന്ധവുമില്ല. ഇത്തരം വാര്‍ത്തകളെയൊന്നും നമ്മള്‍ അത്ര ഗൗരവമായി എടുക്കേണ്ട ആവശ്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. പള്ളി എന്നും കുടുംബാസൂത്രണത്തിന് എതിരായിരുന്ന സ്ഥാപനമാണ്. ഈ രീതിയില്‍ ഇന്‍സെന്റീവ് കൊടുത്ത് ജനസംഖ്യ വര്‍ധിപ്പിക്കുകയാണെങ്കില്‍ അതെത്രമാത്രം ഫലപ്രദമാകുമെന്ന് നമ്മള്‍ കണ്ടറിയേണ്ടിയിരിക്കുന്നു. ഇത്തരം ഗിമ്മിക്കുകള്‍ കൊണ്ട് ജനസംഖ്യ വര്‍ധിപ്പിക്കാന്‍ കഴിയുകയില്ല. അതുമാത്രമല്ല, പൊതുജനാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വളരെയധികം മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.
കേരളത്തില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ ജില്ലകളായ കോട്ടയം, പത്തനംതിട്ട പ്രദേശങ്ങളിലാണ് ജനസംഖ്യാ നിരക്ക് കുറവുള്ളത്. സര്‍ക്കാര്‍ കുടുംബാസൂത്രണത്തിന് ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഇന്‍സെന്റീവ് പ്രഖ്യാപിച്ചതുകൊണ്ടല്ല, ജനസംഖ്യ കുറഞ്ഞത്. ഇവിടത്തെ ജീവിത നിലവാരവും മറ്റും ഉയര്‍ന്ന സാഹചര്യത്തില്‍ സ്വാഭാവികമായുണ്ടായ മാറ്റമാണ്. സ്ത്രീ പുരുഷ ബന്ധങ്ങളിലുണ്ടായ മാറ്റങ്ങളും ജനസംഖ്യ കുറയാനുള്ള കാരണമാണ്. ഇന്‍സെന്റീവ് കൊണ്ട് ഇവിടെ ഒന്നും നടപ്പാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
സിസ്റ്റര്‍ ജെസ്മി, സെന്റ് മേരീസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍
കുടുംബത്തിലെ കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഞാന്‍ കുറച്ച് ഓര്‍ത്തഡോക്‌സായി ചിന്തിക്കുന്നയാളാണ്. ഏഴ് കുട്ടികളുള്ള കുടുംബത്തിലെ അംഗമാണ് ഞാന്‍. ഒരു പാട് കുട്ടികളുണ്ടാകുമ്പോള്‍ ട്രെയിനിംഗ് നന്നായികിട്ടും. അച്ഛനമ്മമാരടുത്തുനിന്നും മാത്രമല്ല ചേച്ചിമാരില്‍ നിന്നും ചേട്ടന്‍മാരില്‍ നിന്നുമൊക്കെ പഠിക്കാന്‍ കഴിയും. കുട്ടികളെ നല്ല വണ്ണം വളര്‍ത്താനും പഠനത്തിനുള്ള ചിലവ് കുറയ്ക്കാനും വേണ്ടിയാണ് മക്കളുടെ എണ്ണം കുറയ്ക്കുന്നതെന്നാണ് പറയുന്നത്. എന്നാല്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമുണ്ടാവുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന മാനസികപ്രശ്‌നങ്ങളും, അതിനുള്ള കൗണ്‍സിലിംങ്ങിന്റെയും ചികിത്സയുടേയും ചിലവ് വച്ചുനോക്കുമ്പോള്‍ കൂടുതല്‍ കുട്ടികളുണ്ടാവുന്നതാണ് നല്ലത്. ഇതിനു പുറമേ ഈ കുട്ടികള്‍ മുതിര്‍ന്നാല്‍ അത് കുടുംബത്തിന് സാമ്പത്തികമായ സഹായവുമാകും.
പക്ഷെ കാത്തലിക് സഭ ഇതുചെയ്തിരിക്കുന്നത് ഈ പോസിറ്റീവായ ലക്ഷ്യം മനസില്‍വച്ചുകൊണ്ടല്ല. അവരുടെ ഉദ്ദേശം വോട്ടുബാങ്ക് ഉണ്ടാക്കുകയാണ്. ഭരണസംവിധാനത്തില്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം കൂട്ടുകയാണ് അവര്‍ ലക്ഷ്യമിടുന്നത്. മുസ്‌ലീം വിഭാഗത്തിലുള്ളവര്‍ക്ക് ഭരണസംവിധാനത്തില്‍ സ്വാധീനം കൂടുന്നതിനെ ചെറുക്കാനുള്ള ഒരു ശ്രമമാണിത്.
ഇവിടെ മുസ്‌ലീം തീവ്രവാദത്തിനേക്കാള്‍ ശക്തം ക്രിസ്റ്റ്യന്‍ തീവ്രവാദമാണ്. മുസ്‌ലീം തീവ്രവാദം പുറമേ കാണും. എന്നാല്‍ അതിനേക്കാള്‍ വലുതാണ് ക്രിസ്ത്യാനികള്‍ ഉള്ളില്‍ വെയ്ക്കുന്ന തീവ്രവാദം. ടി.ജെ ജോസഫിന്റെ കൈവെട്ടിയവരാണോ, കൈവെട്ടപ്പെട്ടതിനുശേഷം അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടവരാണോ കൂടുതല്‍ തീവ്രവാദികള്‍?
സഭയുടെ ഈ നടപടി യഥാര്‍ത്ഥ വിശ്വാസികളില്‍ പുച്ഛവും, വ്യസനവുമാണുണ്ടാക്കുക. സ്‌കോളര്‍ഷിപ്പ് കിട്ടാന്‍ വേണ്ടി പ്രസവിക്കുകയെന്നതിനെ അസംബന്ധം എന്നല്ലാതെ എന്താണ് പറയുക. പരസ്പരം സ്‌നേഹം വളര്‍ത്താനും, സ്വാര്‍ത്ഥതയില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാനുമായി കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാനായി അവര്‍ക്ക് വേണ്ടത്ര അവബോധം കൊടുക്കുന്നത് നല്ലതാണ്. പക്ഷെ സഭ ഇപ്പോള്‍ ചെയ്യുന്നത് വളരെ ചീപ്പാണ്. കത്തോലിക്കാ സഭ ഇത്ര തരം താഴാന്‍ പാടില്ല.
സ്റ്റീഫന്‍ ആലത്തറ, കെ.സി.ബി.സി വക്താവ്
കല്‍പറ്റ സെന്റ് വിന്‍സെന്റ് ഡി പോള്‍ ഫൊറോന പള്ളി വികാരിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ഈ പദ്ധതി കെ.സി.ബിസിയുടെ ഔദ്യോഗിക നയമല്ല. ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ഇത്തരം പദ്ധതികള്‍ക്ക് കെ.സി.ബി.സി എതിരാണ്. മതപരമായും ഇത് ശരിയല്ല. മതവിശ്വാസത്തിന് എതിരായി ഇത്തരം ഒരു പദ്ധതി അച്ഛന്‍ നടപ്പാക്കിയത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ച് കെ.സി.ബി.സി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല.
യു. കലാനാഥന്‍, യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ്
ക്രിസ്ത്യാനികള്‍ മാത്രമല്ല, ഏത് വിഭാഗത്തിലുള്ളവരായാലും ജനാധിപത്യരാഷ്ട്രത്തില്‍ പ്രാതിനിധ്യം ലഭിക്കുവാന്‍ വേണ്ടി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്. ഭരണതലത്തില്‍ സ്വാധീനം ലഭിക്കുവാന്‍ വേണ്ടി ക്രിത്രിമമായി ജനസംഖ്യവര്‍ധിപ്പിക്കുന്ന രീതി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണ്. പാര്‍ലമെന്ററി സിസ്റ്റത്തില്‍ ഈ രീതിയെ പ്രോത്സാഹിപ്പിക്കുന്ന പഴുതുകളുണ്ട്. ഭരണഘടന സൂഷ്മമായി പരിശോധിച്ചാല്‍ ഇത് മനസിലാക്കാം.
ഭരണഘടനയുടെ 30ാം വകുപ്പാണ് ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നത്. ഇത് ഭരണഘടനയുടെ തന്നെ 14ാം വകുപ്പായ നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്‍മാരാണ് എന്ന തത്വത്തിന് എതിരാണ്. ന്യൂനപക്ഷമാണെങ്കില്‍ ധാര്‍മ്മികതയെ ലംഘിക്കാനുള്ള അവകാശമാണ് ആ വകുപ്പ് നല്‍കുന്നത്. ഉദാഹരണത്തിന് മുസ്‌ലീം വിഭാഗങ്ങള്‍ക്കിടയിലുള്ള ബഹുഭാര്യത്വത്തിന്റെ കാര്യമെടുക്കാം. ഒരാള്‍ക്ക് നാല് വിവാഹം വരെ കഴിക്കുന്നതില്‍ തെറ്റില്ല എന്നാണ് പറയുന്നത്. നാലിലധികം വിവാഹം കഴിക്കുകയാണെങ്കില്‍ അതിലുണ്ടാകുന്ന കുട്ടികള്‍ക്ക് പരമ്പരാഗത സ്വത്തില്‍ അവകാശമില്ലെന്നേയുള്ളൂ. ഇത് മുസ്‌ലീം വിഭാഗത്തിലുള്ളവരുടെ ജനസംഖ്യ വന്‍തോതില്‍ വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇത് കണ്ട ക്രിസ്റ്റ്യാനികള്‍ ഇതിനോട് മത്സരിക്കാനായി കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാക്കുന്നവര്‍ക്ക് പണം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വിദേശത്ത് നിന്നും ലഭിക്കുന്ന പണമാണ് ഇതിന് ഉപയോഗിക്കുന്നത്. ക്രിസ്ത്യാനികള്‍ ഏകഭാര്യത്വത്തിനെയേ അംഗീകരിക്കുന്നുള്ളൂ. അതിനാല്‍ മുസ്‌ലീം വിഭാഗങ്ങളുടെ പാത പിന്‍തുടരാന്‍ അവര്‍ക്ക് കഴിയില്ല.
ഇതിന് പരിഹാരമായി എനിക്ക് നിര്‍ദേശിക്കാനുള്ളത് ഭരണഘടനയിലെ 44ാം അനുഛേദത്തില്‍ പറയുന്ന ഏകസിവില്‍കോഡ് നിയമം നടപ്പാക്കുക എന്നതാണ്. മതവിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ എടുത്തുമാറ്റുക. എല്ലാവര്‍ക്കും ഒരേ നിയമം എന്ന രീതി നടപ്പാക്കുക. പക്ഷെ അത് ചെയ്യാനുളളവര്‍ ഭരണത്തിലില്ല. ഈ മതവിഭാഗങ്ങളുടെ വോട്ട് നഷ്ടപ്പെടുമെന്ന ഭീതിയാണവര്‍ക്ക്. ഇതിന് ഒരു പരിഹാരം മാത്രമേയുള്ളൂ. മതത്തെ രാഷ്ട്രീയത്തില്‍ നിന്നും വേര്‍പ്പെടുത്തുക. മതേതരത്വത്തിന്റെ അടിസ്ഥാന പ്രമാണം നടപ്പാക്കുക.
ലീന്‍ തോബിയാസ്, ക്രിയേറ്റീവ് ഡയരക്ടര്‍, പി ഫോര്‍ പനോരമ
ഞാന്‍ മലയാള മനോരമയില്‍ ജോലി ചെയ്തിരുന്ന സമയത്ത് വയനാട്ടിലെ കര്‍ഷക ആത്മഹത്യകളെക്കുറിച്ച് പഠിക്കാന്‍ അവിടെ പോയിരുന്നു. ഒരു വീട്ടുകാര്‍ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ വിവരിച്ചപ്പോള്‍, കാര്‍ഷികമായ പ്രശ്‌നങ്ങള്‍ക്കപ്പുറം മറ്റു ചില വസ്തുതകളും ആത്മഹത്യക്ക് പിന്നിലുണ്ടെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലായി. ഒപ്പീസും (പള്ളിയില്‍ കൊടുക്കേണ്ട പണം) അവര്‍ക്ക് നല്‍കേണ്ടിയിരുന്നു. എല്ലാം കൂടി കടം മൂത്തിട്ടാണ് ഈ മനുഷ്യന്‍ ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്റെ മകന്‍ വയനാട്ടിലെ ഒരു സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളില്‍ പഠിക്കുന്നുണ്ട് ഇപ്പോള്‍. ആത്മഹത്യകള്‍ നടക്കുന്ന സമയത്ത് കാത്തലിക്‌സിന്റെ വലിയ പള്ളികള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്.
ഞാന്‍ ഒരു കാത്തലിക് വിശ്വാസിയാണ്. സഭയിലെ സജീവ പ്രവര്‍ത്തകനാണ്. ഇക്കാര്യങ്ങള്‍ ഞാന്‍ സഭയില്‍ പറഞ്ഞിട്ടുണ്ട്. ഒരു സഭാനേതാക്കന്മാരോ ബിഷപ്പുമാരോ ഇത്തരം കര്‍ഷകരെയോ കുടുംബത്തെയോ സഹായിച്ചിട്ടില്ല. അതേസമയം, കോടിക്കണക്കിന് മൂലധനം വേണ്ടുന്ന പള്ളികള്‍ ഉയര്‍ന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചതും ഇവരുടെ സഭയില്‍ തന്നെയാണ്. ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് “നികൃഷ്ട ജീവി” പ്രയോഗം അവിടുത്തെ ബിഷപ്പിനെതിരെ നടന്നത്. പള്ളികള്‍ കെട്ടിപ്പൊക്കുകയല്ലാതെ ആ ബിഷപ്പെല്ലാം എന്താണ് ഇക്കാര്യത്തില്‍ ചെയ്തത്?
അന്ന് കേട്ട ഒരു തമാശ, ആത്മഹത്യ ചെയ്ത കുടുംബങ്ങള്‍ക്ക് കുറേ ഷര്‍ട്ടുകളും മുണ്ടുകളും പള്ളി കൊണ്ടു കൊടുത്തിരുന്നത്രെ. വയനാട്ടില്‍ നിന്നൊരാള്‍ കണ്ണൂരിലേക്ക് പെണ്ണ് കാണാന്‍ പോയപ്പോള്‍ പെണ്‍വീട്ടുകാര്‍ ഞെട്ടിയത്രെ. കാരണം, പെണ്ണിന്റെ സഹോദരന്‍ ദാനം ചെയ്ത ഷര്‍ട്ടാണത്രെ പെണ്ണുകാണാന്‍ വന്ന ആള്‍ ഇട്ടിരുന്നത്.
അഞ്ചാമത്തെ കുട്ടിയുണ്ടായാല്‍ 10,000 രൂപ തരാമെന്നാണ് ഇപ്പോഴത്തെ വാഗ്ദാനം. ഈ 10,000 രൂപ വാങ്ങി ഒരു കുട്ടി വളര്‍ന്നാല്‍ എന്തെല്ലാം ചെലവുകളാണ് വേറെയുണ്ടാവുക. എനിക്ക് തോന്നുന്നത് നാളെ ജൂബിലി മെഡിക്കല്‍ കോളേജിലൊക്കെ ഫീസ് വെച്ച് കയറ്റാനും വോട്ട് തട്ടാനുമൊക്കെയാണ് ഇത്തരത്തില്‍ 10,000 രൂപയില്‍ ജനസംഖ്യാ വര്‍ദ്ധനവിന് ശ്രമിക്കുന്നത് എന്നാണ്. ഇവരുടെ ഏതെങ്കിലും ആശുപത്രിയില്‍ പാവങ്ങള്‍ക്ക് വല്ല സേവനവും ലഭ്യമാക്കുന്നുണ്ടോ? ഉള്ളതായി എനിക്കറിയില്ല.
ടി. ആരിഫലി, ജമാഅത്തെ ഇസ്‌ലാമി അമീര്‍
മൗലികമായ വിഷയമാണിത്. മാന്‍പവറിനെ രണ്ട് തരത്തില്‍ കാണാനാകും. ഇന്റലക്ച്വലെന്നും (ബുദ്ധിപരമായതും) ഫിസിക്കലെന്നും (ശാരീരികമായതെന്നും). ബിഹാര്‍, ആസ്സാം, ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ആളുകള്‍ കേരളത്തിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. ഇവിട ആളില്ല. ലോകാടിസ്ഥനത്തിലേക്ക് മനുഷ്യ ശക്തിയെ കയറ്റുമതി ചെയ്യുന്ന ആളുകളാണ് നമ്മള്‍ കേരളീയര്‍.
എല്ലാ വിഭാഗങ്ങളും ജനസംഖ്യ കുറയുന്നതിനെ പേടിക്കുന്ന അവസ്ഥയുണ്ട്. ക്രൈസ്തവ സമൂഹം ആദ്യം ജനസംഖ്യയെ പേടിച്ചു. ജനസംഖ്യയുടെ കാര്യത്തില്‍ ക്രൈസ്തവ വിഭാഗങ്ങളില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. അത് നികത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അതില്‍ സാമുദായിക വര്‍ഗ്ഗീയത കാണേണ്ടതില്ല. അതിനോടുള്ള പ്രതികരണത്തില്‍ മറ്റുള്ളവര്‍ക്കും സാമുദായിക വര്‍ഗ്ഗീയത ഉണ്ടാകാന്‍ പാടില്ല. ജനസംഖ്യ എന്നാല്‍ ഭയപ്പെടേണ്ട ഒന്നല്ല എന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ അഭിപ്രായം.
സാലു മേച്ചേരില്‍, സെന്റ് വിന്‍സെന്റ് ഡി പോള്‍ ഫൊറോന പള്ളിയിലെ പദ്ധതി ഡയരക്ടര്‍
ഇത് ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ളതല്ല. ജീവനെ പ്രോത്സാഹിപ്പിക്കുക എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കുന്നത്. ജീവനെതിരായിട്ട് വലിയ പ്രശ്‌നങ്ങള്‍ നടക്കുന്ന കാലഘട്ടത്തില്‍ കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞ് വരുന്ന ഒരു പ്രതിഭാസം കാണുന്നുണ്ട്. ഇതിനായി ഞങ്ങളഉടെ ഒരു ഇന്റര്‍നാഷണല്‍ സംഘടനയുണ്ട്. ഇതില്‍ ക്രൈസ്തവര്‍, മുസ്ലിംകള്‍, ഹിന്ദുക്കള്‍ എന്നിങ്ങിനെയില്ല. ഒരു സമുദായത്തിന്റെ മാത്രം ജനസംഖ്യയെ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം വെച്ചിട്ടുള്ളതല്ല ഇത്. ജീവനെ സ്വാഭാവികമായ മരണം വരെ സൂക്ഷിക്കുക എന്നതാണ് ലക്ഷ്യം.
പദ്ധതിയില്‍ മറ്റു സമുദായങ്ങളെ ഉള്‍പ്പെടുത്താനായിട്ടില്ല. കാരണം, ചര്‍ച്ചിന് ചെറിയ തോതിലേ ഇത് ഇപ്പോള്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. കെ. സി. ബി. സിയുടെ പ്രൊവിഡന്‍സ് സമിതിയുടെ ഭാഗമാണ് ഞങ്ങള്‍. പ്രസവിക്കാന്‍ സ്ത്രീകള്‍ക്ക് മടിയായ കാലഘട്ടമാണിത്, ദമ്പതികള്‍ കുഞ്ഞുങ്ങള്‍ വേണ്ട എന്ന് തീരുമാനിക്കുന്ന കാലഘട്ടമാണിത്. ഇത്തരമൊരു അവസ്ഥയില്‍ ഓരോ ഇടവകയിലും അവിടുത്തെ അവസ്ഥക്ക് അനുസരിച്ചാണ് പ്രവര്‍ത്തനം. കെ. സി. ബി. സിയോട് ചോദിച്ചിട്ടല്ല ഇത് ചെയ്യുന്നത്.
കല്‍പറ്റ ഇടവകയില്‍ കാര്‍ഷിക ആത്മഹത്യകള്‍ വലിയ ഒരു പ്രതിഭാസമായി നടന്നിട്ടില്ല. ജനസംഖ്യാ കണക്ക് വന്നപ്പോള്‍ മറ്റെല്ലാ സ്ംസ്ഥാനങ്ങളില്‍ നിന്നും വിപരീതമായിട്ട്, കേരളത്തിലെ ജനസംഖ്യാ നിരക്ക് വികസിത രാജ്യങ്ങളിലുള്ളതിനേക്കാള്‍ വളരെ കുറവായാണ് കാണപ്പെട്ടത്. 2030 ആകുമ്പോഴേക്ക് കേരളം വൃദ്ധരുടെ സംസ്ഥാനമാകുമെന്നാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ കണക്കിലുള്ളത്. അദ്ധ്വാനിക്കാന്‍ ശേഷിയുള്ള ശരീരം ഉണ്ടാകപ്പെടേണ്ടതാണ്.
അത്‌കൊണ്ട് മറ്റു സമുദായങ്ങളും അവര്‍ക്ക് കഴിയുന്ന രീതിയില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യട്ടെ. അതില്‍ പേടിക്കേണ്ട കാര്യമില്ല, യുദ്ധത്തിനൊന്നുമല്ലല്ലോ ഇത്. ലോകത്തില്‍ പല രാജ്യങ്ങളിലും ഇത് നടപ്പിലാക്കുന്നുണ്ട്. ജനസംഖ്യ വര്‍ദ്ധിക്കുന്നതിനനുസരിച്ച് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് പറയുന്നത് ശരിയല്ല.