| Saturday, 26th June 2021, 9:05 am

ബത്തേരി കോഴവിവാദം; വയനാട് ബി.ജെ.പി. നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി; പിന്നാലെ ഭാരവാഹികളുടെ കൂട്ടരാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരിയില്‍ ഉയര്‍ന്ന കോഴ വിവാദത്തില്‍ വയനാട് ബി.ജെ.പിയില്‍ പൊട്ടിത്തെറിയും കൂട്ടിരാജിയും. യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ വയനാട് ബി.ജെ.പിയില്‍ നടപടി സ്വീകരിച്ചതിന് പിന്നാലെ നിരവധി ഭാരവാഹികള്‍ രാജിവെച്ചു.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിനെയും ബത്തേരി മണ്ഡലം പ്രസിഡന്റിനെയും സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെയാണ് യുവമോര്‍ച്ചയുടെ നഗരസഭാ കമ്മിറ്റി ഭാരവാഹികള്‍ രാജിവെച്ചത്.

വയനാട് യുവമോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയിലിനെ ജില്ലാ കമ്മിറ്റിയും മണ്ഡലം പ്രസിഡന്റ് ലിലില്‍ കുമാറിനെ ബത്തേരി മണ്ഡലം കമ്മിറ്റിയുമാണ് സ്ഥാനത്ത് നിന്നും മാറ്റിയത്.

കോഴ വിവാദത്തില്‍ സംസ്ഥാനത്തെ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതാണ് നടപടിക്ക് കാരണമായതെന്നാണ് കരുതുന്നത്.

ഇതിന് പിന്നാലെ യുവമോര്‍ച്ച ഭാരവാഹിത്വത്തിലുള്ള 13 പേരാണ് രാജിവെച്ചത്. പാര്‍ട്ടിയുടെ ഏകപക്ഷീയമായ നിലപാടിനെ എതിര്‍ത്തു കൊണ്ടാണ് രാജിയെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു.

സി.കെ. ജാനുവിന് വേണ്ടിയും വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും വോട്ട് അഭ്യര്‍ത്ഥിച്ച് അമിത് ഷാ വയനാട്ടില്‍ നടത്തിയ റാലിയെ ദീപു ഉള്‍പ്പെടെയുള്ള യുവമോര്‍ച്ച നേതാക്കള്‍ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

ബി.ജെ.പി. സംഘടനാ സെക്രട്ടറി എം. ഗണേഷ് കഴിഞ്ഞ ദിവസം ജില്ലയിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയും രാജിയും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Wayanad BJP leaders resign from leadership in protest with disciplinary action

Latest Stories

We use cookies to give you the best possible experience. Learn more