| Monday, 8th April 2019, 9:05 pm

രാഹുല്‍ കണ്ടെത്തിയ പുതിയ ഭൂഖണ്ഡത്തില്‍നിന്ന് ചില പഴയ വിശേഷങ്ങള്‍

ഒ.കെ ജോണി

എഴുപതുകളിലും എണ്‍പതുകളിലുമുണ്ടായ രണ്ട് നക്‌സലൈറ്റ് ആക്രമണങ്ങള്‍ക്കും, 2003-ല്‍ മുത്തങ്ങയിലെ പൊലീസ് വെടിവെപ്പില്‍ കലാശിച്ച ആദിവാസിക്കലാപത്തിനും ശേഷം ഇതാദ്യമായാണ് വയനാട് വീണ്ടും ദേശീയശ്രദ്ധ നേടുന്നത്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷനും പ്രതിപക്ഷനേതാവുമായ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലം എന്ന സവിശേഷതയാണ് ഇക്കുറി വയനാടിനെ പ്രശസ്തിയിലേക്കുയര്‍ത്തിയത്.

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം, ഇപ്പോഴും അവികസിത-പിന്നാക്ക ജില്ലയായിത്തുടരുന്ന വയനാടിന് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ഇടംനേടിക്കൊടുത്തു എന്നതാണ് ശ്രദ്ധേയം. കേരളത്തിനുപുറത്തുള്ള ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ക്കും വിദേശമാദ്ധ്യമങ്ങള്‍ക്കും രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് പുതിയതായി കണ്ടെത്തിയ ഒരജ്ഞാത ഭൂഖണ്ഡമാണ്

അതെന്തായാലും, ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷപ്പാര്‍ട്ടിയുടെ താരപരിവേഷമുള്ള ദേശീയനേതാവ് മത്സരിക്കുന്ന വയനാട് മണ്ഡലത്തിലെ അദ്ദേഹത്തിന്റെ വിജയസാദ്ധ്യത ഉറപ്പാക്കുന്നത് തീര്‍ത്തും പ്രാദേശികമായ താല്‍പ്പര്യങ്ങളായിരിക്കുമെന്നതാണ് കൗതുകകരമായ സംഗതി.

ദേശീയതലത്തില്‍ മുന്നണിയെന്ന നിലയിലുള്ള സഖ്യമൊന്നുമില്ലെങ്കിലും, ഭരണഘടനയെയും ഭരണഘടനാസ്ഥാപനങ്ങളെയും വെല്ലുവിളിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുവാന്‍ പൊതു ധാരണയുണ്ടാക്കിയ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും ഇടതുപക്ഷവും കേരളത്തില്‍ ബദ്ധവൈരികളുമാണ്. കേരളത്തില്‍ തുല്യശക്തരായ കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മിലാണ് സ്വാഭാവികമായും ഇക്കുറിയും മുഖ്യ മത്സരം. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുവാന്‍ തീരുമാനിച്ചതോടെ ദേശീയതലത്തിലുള്ള അവരുടെ സൗഹാര്‍ദ്ദത്തിനുതന്നെ ഉലച്ചിലുണ്ടായിരിക്കുന്നു.

രാഹുലിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഇടതുപക്ഷ നേതാക്കള്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മിലുള്ള ഈ കലഹത്തെ ബി.ജെ.പി ഒരു പ്രചരണായുധമാക്കുന്നുമുണ്ട്. എന്നാല്‍, കേരളത്തില്‍ കോണ്‍ഗ്രസുമായി മത്സരിക്കുന്ന ഇടതുപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും അവര്‍ക്കെതിരെ താനൊരു വിമര്‍ശനവും ഉന്നയിക്കുകയില്ലെന്നുമുള്ള പക്വമായ നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ വയനാട്ടില്‍ വെച്ച് രാഹുല്‍ ആ നിലപാട് മാദ്ധ്യമങ്ങളോട് തുറന്നുപറയുകയുംചെയ്തു.

രാഹുല്‍ ഗാന്ധിയുടെ ദേശീയ കാഴ്ചപ്പാടൊന്നുമില്ലാത്ത കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെപ്പോലെ സമചിത്തതയും വിവേകവും പ്രകടിപ്പിക്കുമെന്ന് കരുതാനാവില്ല. കാരണം, ഇടതുപക്ഷത്തെ നിര്‍വ്വീര്യമാക്കുക എന്ന ഏക ഉദ്ദേശ്യത്തോടെയാണ് അവര്‍ രാഹുലിനെ വയനാട്ടിലേക്ക് ആനയിച്ചതുതന്നെ. സോളാര്‍ അഴിമതിക്കേസുപോലുള്ള വൃത്തികെട്ട അപവാദകഥകളാല്‍ ജനങ്ങളുടെ വെറുപ്പും പുച്ഛവുമേറ്റുവാങ്ങിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ ജനരോഷം ഇടതുപക്ഷത്തിന് നല്‍കിയ വമ്പിച്ച ജനപിന്തുണ ഇല്ലാതാക്കുവാന്‍ രാഹുല്‍ ഗാന്ധിയെപ്പോലെ താരപരിവേഷമുള്ള ഒരു നേതാവിന്റെ സാന്നിദ്ധ്യം അവര്‍ക്കാവശ്യവുമായിരുന്നു.

ആ തന്ത്രം ഫലിച്ചാലുമില്ലെങ്കിലും വയനാട്ടില്‍ അത് വലിയ നേട്ടമുണ്ടാക്കുമെന്നുറപ്പാണ്. ഇത്തവണ വയനാട്ടിലെ തിരഞ്ഞെടുപ്പില്‍ സങ്കുചിതമായ പാര്‍ട്ടിക്കൂറും മുന്നണി ബന്ധങ്ങളും മറന്നുകൊണ്ടാവും ഭൂരിപക്ഷം വോട്ടര്‍മാരും രാഹുലിന് അനുകൂലമായ നിലപാടെടുക്കുക എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഇനിയും പ്രാഥമിക സൗകര്യങ്ങള്‍പോലുമില്ലാതെ, കേരളത്തിന്റെ മുഖ്യധാരയില്‍നിന്ന് വേറിട്ടുകിടക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് ആ അവഗണനയോടുള്ള കടുത്ത അസംതൃപ്തിയും പ്രാദേശികമായ വികസനമോഹങ്ങളും രാഹുലിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുന്ന മുഖ്യഘടകമായിരിക്കും.

ഒരുപക്ഷെ, രാഷ്ട്രീയനിരീക്ഷകര്‍ കാണാതെപോയ വയനാട്ടിലെ ഒരു സവിശേഷ സാഹചര്യമാണിത്. പാര്‍ട്ടികളുടെയും സമുദായങ്ങളുടെയും പരമ്പരാഗതമായ വോട്ടിങ്ങ് സമ്പ്രദായത്തെ ആസ്പദമാക്കിയുള്ള വിലയിരുത്തലിനെ അപ്രസക്തമാക്കുന്ന മട്ടിലുള്ള ഒരു തിരഞ്ഞെടുപ്പായിരിക്കും വയനാട്ടിലേത്.

കാപ്പിയും കുരുമുളകും ഏലവും ഉള്‍പ്പടെയുള്ള വാണിജ്യവിളകളുടെയും സുഗന്ധവ്യജ്ഞനങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ ഉല്‍പ്പാദനകേന്ദ്രം എന്ന കൊളോണിയല്‍ കാലം മുതലുള്ള ഖ്യാതിയും അത് നല്‍കിയ സാമ്പത്തിക പുരോഗതിയും എഴുപതുകളോടെ നഷ്ടമായ വയനാട് ഇന്ന് കേരളത്തിലെ വിദര്‍ഭയായിക്കഴിഞ്ഞു. കാര്‍ഷികമേഖലയുടെ തകര്‍ച്ച കര്‍ഷകരെ മാത്രമല്ല കാര്‍ഷികത്തൊഴിലാളികളായ ഭൂരഹിതരെയും ആദിവാസികളെയും നിത്യദാരിദ്ര്യത്തിലേക്ക് നയിക്കുകയാണ്. എണ്‍പതുകളുടെ ഒടുക്കംവരെയും പട്ടിണികിടന്ന് മരിക്കുന്ന ആദിവാസികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സാധാരണമായിരുന്ന വയനാട്ടില്‍നിന്ന് പിന്നീട് നാം കേള്‍ക്കുന്നത് കര്‍ഷകരുടെ തുടര്‍ച്ചയായ ആത്മഹത്യകളെക്കുറിച്ചാണ്.

ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം കര്‍ഷക ആത്മഹത്യകളുണ്ടായ പ്രദേശങ്ങളിലൊന്നാണിത്. ഈ കുറിപ്പെഴുതുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്കുമുമ്പും കടക്കണിയിലായ വയനാട്ടിലെ ഒരു കര്‍ഷകന്‍ ആത്മഹത്യചെയ്ത വാര്‍ത്ത മലയാള പത്രങ്ങളുടെ പ്രാദേശികപ്പേജിലെ ഒരു അപ്രധാന വാര്‍ത്തയായിരുന്നു. കര്‍ഷകരുടെ ആത്മഹത്യാ വാര്‍ത്തകള്‍ക്ക് പത്രങ്ങള്‍ ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും തങ്ങള്‍ക്ക് രക്ഷയില്ലെന്ന തോന്നലും അതില്‍നിന്നുണ്ടാവുന്ന സിനിസിസവും കര്‍ഷകരെയും ബാധിച്ചിരിക്കുന്നു.

ഭാവി പ്രധാനമന്ത്രിയായി മാദ്ധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന രാഹുല്‍ ഗാന്ധി വയനാടിന്റെ എം.പിയാകുന്നതോടെ കാര്‍ഷികമേഖലയായ വയനാടിന്റെ വികസനം സാദ്ധ്യമാകുമെന്ന് കോണ്‍ഗ്രസുകാരല്ലാത്തവര്‍പോലും പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുവാന്‍ ഇടതുപക്ഷം നിര്‍ബ്ബന്ധിതമാകുന്നത്.

വയനാട്ടുകാര്‍ നേരിടുന്ന അവഗണനയുടെയും അവമതിയുടെയും കഥകള്‍ നിരത്തുക ഈ സാന്ദര്‍ഭികക്കുറിപ്പിന്റെ ഉദ്ദേശ്യമല്ല. എങ്കിലും കൗതുകകരമെന്നോ വിചിത്രമെന്നോ വിശേഷിപ്പിക്കാവുന്ന ഒരു സംഗതി ചൂണ്ടിക്കാണിക്കാതെവയ്യ. അഴിമതിക്കാരും ക്രിമിനലുകളുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ, ശിക്ഷാനടപടിയുടെ ഭാഗമായി നാടുകടത്താനുള്ള ഒരിടമായാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ വയനാടിനെ കണ്ടിരുന്നത്. അതിനാല്‍, തലസ്ഥാനത്തുനിന്നും ഇതര ജില്ലകളില്‍നിന്നുമുള്ള അഴിമതിക്കാരും സാമൂഹികവിരുദ്ധരുമായ സര്‍ക്കാര്‍ ജീവനക്കാരുടെ പറുദീസയായി വയനാട് മാറിയിട്ടുമുണ്ട്. ശിക്ഷിക്കപ്പെട്ട് വയനാട്ടിലെത്തിയവര്‍ ഇവിടംവിട്ടുപോകുവാന്‍ സന്നദ്ധരല്ലെന്നതാണ് വിചിത്രം.

അഴിമതി നടത്താന്‍ ഇത്ര സുരക്ഷിതമായൊരിടം കേരളത്തില്‍ വേറെയില്ലെന്നാണ് അവര്‍ സ്വകാര്യമായിപ്പറയുന്നത്. അതുകൊണ്ട് സത്യസന്ധരായ ഉദ്യോഗസ്ഥന്മാര്‍ക്ക് ഇവര്‍ക്കിടയില്‍ അതിജീവിക്കുക പ്രയാസവുമാണ്. എണ്‍പതുകളില്‍ ഒരു മലയാള ദിനപത്രത്തിന്റെ ജില്ലാ ലേഖകനായി വയനാട്ടില്‍ മാദ്ധ്യമപ്രവര്‍ത്തനം തുടങ്ങിയ എന്നെപ്പോലൊള്‍ക്ക് ഈ ദുരവസ്ഥയുടെ സങ്കീര്‍ണ്ണതയറിയാന്‍ അക്കാലത്തെഴുതിയ എണ്ണമറ്റ വൃത്താന്തകഥകള്‍ ഓര്‍മ്മിക്കുകയേ വേണ്ടൂ. ഇന്നും അതിന് വലിയ മാറ്റമൊന്നുമില്ല. ഏതാനും ആഴ്ച്ചകള്‍ക്കുമുമ്പാണ്, പാവപ്പെട്ട ആദിവാസികള്‍ക്കുള്ള സഹായധനം തട്ടിയെടുത്ത ഒരു ട്രൈബല്‍ ഒഫീസറെ സസ്‌പെന്റുചെയ്തുവെന്ന വാര്‍ത്ത പത്രത്തില്‍ വായിച്ചത്.

ആദിവാസി ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ വകുപ്പുകളിലേക്ക് മാത്രം നോക്കിയാല്‍ മതി വയനാട്ടില്‍ നടക്കുന്ന ഭീമമായ കൊള്ളയുടെയും ആദിവാസിചൂഷണത്തിന്റെയും ആഴമറിയാന്‍. കേരളത്തിലെ ആദിവാസിജനസംഖ്യയുടെ ഭീമഭാഗവും വയനാട്ടിലായതിനാല്‍ ഓരോ വര്‍ഷവും വിവിധ വകുപ്പുകളിലൂടെ ആദിവാസി വികസനത്തിനെത്തുന്നത് കോടികളാണ്. ഈ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരും അവരുടെ യജമാനന്മാരായ രാഷ്ട്രീയോപജീവികളും ഈ പണത്തിലേറെയും കൊള്ളയടിക്കുകയാണെന്നത് ഒരു പുതിയ വാര്‍ത്തയല്ല. ആദിവാസി വികസനത്തിനായി ആയിരക്കണക്കിന് കോടികള്‍ വര്‍ഷംതോറും ചെലവഴിക്കുമ്പോഴും ആദിവാസികള്‍ ഉണ്ണാനും ഉടുക്കാനുമില്ലാതെയും കിടന്നുറങ്ങാന്‍ കൂരയില്ലാതെയും ഭിക്ഷാടകരെപ്പോലെ ചത്തുജീവിക്കുന്ന ഒരിടമാണ് ഇന്നും വയനാട്.

വയനാട്ടില്‍നിന്നുള്ള വനിതയായ ഒരു ആദിവാസിമന്ത്രിപോലും ആദിവാസി ഫണ്ട് സ്വന്തം കുടുംബക്കാര്‍ക്കായി ദുരുപയോഗംചെയ്തതിനെക്കുറിച്ച് മാദ്ധ്യമങ്ങല്‍ക്ക് റിപ്പോര്‍ട്ടുചെയ്യേണ്ടിവന്നുവെന്നതാണ് ക്രൂരമായ തമാശ. വയനാട്ടിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും അവസ്ഥയിതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരമോന്നത നേതാവുതന്നെ വയനാടിന്റെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാലും ഇതൊന്നും അവസാനിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, കേരളത്തിലെ ബ്യൂറോക്രസിയും രാഷ്ട്രീയോപജീവികളും ചേര്‍ന്ന മാഫിയാസഖ്യം അത്രമാത്രം ശക്തമാണ്.

എങ്കിലും വയനാട്ടുകാര്‍ രാഹുല്‍ ഗാന്ധിയില്‍ ഒരു രക്ഷകനെ കാണുന്നുണ്ടെന്നാണ് വിവിധ വിഭാഗങ്ങളില്‍പ്പെട്ട സാധാരണക്കാരുമായി സംസാരിക്കുമ്പോള്‍ വെളിപ്പെടുന്ന വസ്തുത. കക്ഷിരാഷ്ട്രീയത്തിനും സാമുദായിക പരിഗണനകള്‍ക്കും അതീതമായി രാഹുലിന് അനുകൂലമായൊരു തരംഗം വയനാട്ടിലുണ്ടെങ്കിലും അത് കോണ്‍ഗ്രസിനോടുള്ള പ്രതിപത്തികൊണ്ടല്ലെന്നതും വ്യക്തമാണ്.

യുവാവായ രാഹുലിന്റെ ആദര്‍ശപരിവേഷം മാത്രമാണ് ഈ അനുകൂലസാഹചര്യത്തിന് കാരണം. വയനാട്ടിലെ അംഗത്വം രാജിവെച്ച് രാഹുല്‍ അമേഠി തിരഞ്ഞെടുത്താലും വയനാടിനെ മറക്കില്ല എന്നാണ് നാട്ടുകാരുടെ പ്രത്യാശ. ഇനി അഥവാ അമേഠി ഉപേക്ഷിച്ച് വയനാട് നിലനിര്‍ത്തിയാലും തങ്ങള്‍ക്ക് ഈ ദേശീയനേതാവിനെ കാണാന്‍ കിട്ടുമോ എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. എന്നാല്‍, രണ്ടുവട്ടവും വയനാടിനെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയ കൊച്ചിക്കാരനായ മുന്‍ എം.പിയെയും വയനാട്ടുകാര്‍ അധികമൊന്നും നേരില്‍ക്കണ്ടിട്ടില്ല.

ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകളിലൂടെ പരിചിതനായ ഷാനവാസിനെ ജയിപ്പിച്ച വയനാട്ടുകാര്‍ പിന്നീടും അദ്ദേഹത്തെ കണ്ടിരുന്നത് ടിവി സ്‌ക്രീനിലാണ്. എന്നിട്ടും തന്നെ രണ്ടാംവട്ടവും തിരഞ്ഞെടുത്ത വയനാട്ടുകാരോട് ടെലിവിഷന്‍ ചാനലിലൂടെ നന്ദി പ്രകാശിപ്പിക്കുമ്പോള്‍, തന്നെ വയനാട്ടുകാര്‍ക്ക് സ്വീകാര്യനാക്കിയ ചാനലുകളോട് നന്ദിപറയുവാനും ഷാനവാസ് മറന്നില്ല. കോണ്‍ഗ്രസ് ടിക്കറ്റില്‍ ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന മണ്ഡലമാണിതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അഭിമാനിക്കുന്നത് വെറുതെയല്ല. അതുകൊണ്ടുതന്നെയാണ് തിരഞ്ഞെടുപ്പുകാലത്തുമാത്രം വന്നുപോകുന്ന ജനപ്രതിനിധികള്‍ ഒരു മെഡിക്കല്‍ കോളജുപോലുമില്ലാത്ത ഈ അവികസിത പ്രദേശത്തെ ഇത്രകാലവും അവഗണിച്ചതും.

അതിസുരക്ഷാകവചമുള്ള രാഹുല്‍ ഗാന്ധിയുടെ വരവിനുമുമ്പുതന്നെ വയനാട് സുരക്ഷാഭടന്മാരുടെയും രഹസ്യപ്പൊലീസിന്റെയും നിരീക്ഷണവലയത്തിലായിക്കഴിഞ്ഞിരുന്നു. രാഹുല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനെത്തിയതോടെ അത് കൂടുതല്‍ ശക്തമാകുകയുംചെയ്തു. കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനം നാമാവശേഷമായെങ്കിലും, കാടിനാല്‍ ചുറ്റപ്പെട്ട വയനാടിന്റെ പ്രകൃതിസാഹചര്യവും ഒന്നര ലക്ഷത്തോളം വരുന്ന ആദിവാസികളുടെയും ജനസംഖ്യയില്‍ മഹാഭൂരിപക്ഷംവരുന്ന ചെറുകിട കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും പരിതാപകരമായ ജീവിതനിലവാരവും അസംതൃപ്തിയും മറയാക്കി കമ്യൂണിസ്റ്റ് തീവ്രവാദ സംഘടനകള്‍ വയനാട്ടില്‍ വേരുറപ്പിക്കുവാന്‍ ശ്രമിക്കുന്നുവെന്നാണ് ഭരണകൂടം വിലയിരുത്തുന്നത്.

പുല്‍വാമയില്‍ രക്തസാക്ഷിയായ പട്ടാളക്കാരന്റെ വയനാട്ടിലെ കുടുംബാംഗങ്ങളെ രാഹുല്‍ ഗാന്ധി കഴിഞ്ഞ കേരളസന്ദര്‍ശനവേളയില്‍ കാണാനെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും, മാവോയിസ്റ്റ് സാന്നിദ്ധ്യം ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പിന്തിരിപ്പിച്ചത്. എ.കെ. 47 തോക്കുമായി വനത്തിലും ആദിവാസിഗ്രാമങ്ങളിലും ചുറ്റിനടക്കുന്ന ഏതാനും മാവോയിസ്റ്റുകള്‍ വയനാട് മണ്ഡലത്തിലെ ലക്കിടിയിലും നിലമ്പൂരിലുമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഇടയ്ക്കിടെ ആദിവാസികളില്‍നിന്ന് അരിയും മുളകും ഇരന്നുവാങ്ങാറുള്ള, പൊതുവെ നിരുപദ്രവികളായ ഈ ഗറില്ലാപ്പോരാളികള്‍ രാത്രികാലങ്ങളില്‍ നാട്ടിലിറങ്ങി ടൂറിസ്റ്റ് റിസോര്‍ട്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതില്‍ക്കവിഞ്ഞ വിപ്ലവപ്രവര്‍ത്തനമൊന്നും വയനാട്ടില്‍ അവര്‍ നടത്തിയതായി പൊലീസും ആരോപിക്കുന്നില്ല. നിത്യനിദാനച്ചിലവിനായി പണം തേടി ലക്കിടിയിലെ റിസോര്‍ട്ടിലെത്തിയ നിലമ്പൂര്‍ സ്വദേശിയായ ഒരു മാവോയിസ്റ്റ് നേതാവ് പൊലീസിന്റെ വെടിയേറ്റ് മരിച്ചതും ഈയിടെയാണ്.

കാലാവസ്ഥാവ്യതിയാനവും മാവോയിസ്റ്റ് ഭീഷണിയും മൂലം വിനോദസഞ്ചാരികള്‍ വരാതായെന്ന് പരാതിപ്പെട്ടിരുന്ന ടൂറിസ്റ്റ് റിസോര്‍ട്ടുടമകള്‍ക്ക് രാഹുല്‍ഗാന്ധിയുടെ വരവ് ശരിക്കും ഒരനുഗ്രഹമായിട്ടുണ്ട്. ദേശീയനേതാവിന്റെ മണ്ഡലത്തിലെ ആദ്യത്തെ ഗുണഭോക്താക്കള്‍ അവരാണെന്നുപറയാം. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തകരം മാദ്ധ്യമപ്രവര്‍ത്തകരും രാഷ്ട്രീയനിരീക്ഷകരുമെല്ലാം കൂട്ടമായി വന്നുതുടങ്ങിയതോടെ മാസങ്ങളായി പൂട്ടിക്കിടന്ന റിസോര്‍ട്ടുകളിലും സ്വകാര്യ ഗസ്റ്റ് ഹൗസുകളിലും താമസസൗകര്യം തികയാതെയായി. അവരെസ്സംബന്ധിച്ചിടത്തോളം ഏത് ടൂറിസം സീസണേക്കാളും ലാഭകരമാണ് ഈ തിരഞ്ഞെടുപ്പുകാലം.

ടൂറിസം വ്യവസായത്തിന്റെ ലാഭക്കൊതിമൂലം അതിവേഗം നാശത്തിലേക്ക് നീങ്ങുന്ന നീലഗിരി ബയോസ്ഫിയറില്‍ ഉള്‍പ്പെട്ട രാജീവ് ഗാന്ധി നാഷനല്‍ പാര്‍ക്കിന് അതിരിടുന്ന ജില്ലയാണ് വയനാടെന്ന യാദൃച്ഛികതയുമുണ്ട്. പ്രകൃതിസ്‌നേഹികളുടെയും പരിസ്ഥിതിശാസ്ത്രജ്ഞന്മാരുടെയും ആവലാതികള്‍ കണക്കിലെടുത്ത് കേരളത്തിലെ വയനാടും തമിഴുനാട്ടിലെ നീലഗിരിയും മുതുമലയും കര്‍ണ്ണാടകത്തിലെ ബന്ദിപ്പുരയും ഉള്‍പ്പെടുന്ന വനമേഖലയെ സംരക്ഷിത വനോദ്യാനമായി പ്രഖ്യാപിച്ചത് രാഹുലിന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയാണ്.

സ്വന്തം പിതാവിന്റെ പേരില്‍ ലോകപ്രശസ്തമായ ഈ ജൈവ വനമേഖലയുടെ സംരക്ഷണം ഉറപ്പാക്കുവാന്‍ രാഹുല്‍ ഗാന്ധി ഉത്സാഹിക്കുമെന്ന പ്രതീക്ഷയാണ് പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കുള്ളത്. കാര്‍ഷികമേഖലയായ വയനാട് സാമ്പത്തികത്തകര്‍ച്ചയിലായതോടെ വയനാടിനെ വിനോദസഞ്ചാരകേന്ദ്രമാക്കുവാനുള്ള തീവ്രശ്രമങ്ങളാരംഭിച്ചതാണ് വയനാടിന്റെ പാരിസ്ഥിതികഘടനയെ കൂടുതല്‍ ദോഷകരമായി ബാധിച്ചതെന്ന വസ്തുത വികസനപ്രേമികളായ നാട്ടുകാരും അവരുടെ നേതാക്കളും വിസ്മരിക്കുന്നുവെന്നതാണ് വയനാടിന്റെ ശാപം.

1984-ല്‍ അമേഠിയില്‍ മത്സരിച്ച രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയെ പരാജയപ്പെടുത്തുവാന്‍ വയനാട്ടില്‍നിന്ന് പോയ നല്ലതമ്പി തേര എന്ന തമിഴ്‌നാട്ടുകാരനായ മെഡിക്കല്‍ ഡോക്ടര്‍ക്ക് അഞ്ഞൂറ് വോട്ടാണ് കിട്ടിയതെങ്കില്‍, രാഹുലിനെതിരെ മത്സരിക്കുവാന്‍ തുശൂര്‍ ഉപേക്ഷിച്ച് വയനാട്ടിലെത്തിയ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളപ്പള്ളിക്ക് അമ്പതിനായിരത്തിലേറെ വോട്ടുകള്‍ കിട്ടുമെന്നാണ് തുഷാറിന്റെ സമുദായസംഘടനയായ എസ്.എന്‍.ഡി.പിയിലെ കടുത്ത ശത്രുക്കള്‍പോലും പറയുന്നത്.

നല്ലതമ്പി തേര

പരമ്പരാഗതമായി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ അനുയായികളാണ് വയനാട്ടിലെ ശ്രീനാരായണീയരെങ്കിലും തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന ഒരു ചെറിയ വിഭാഗവുമുണ്ട്. അതിനാല്‍, തുഷാറിന് വയനാട്ടില്‍ ബി.ജ.പിയുടെ വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവരും. അമിത് ഷായുടെ അനുഗ്രഹാശിസ്സുകളോടെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ വെള്ളാപ്പള്ളി ലോക്‌സഭയിലേക്ക് മത്സരിക്കുന്നത് പക്ഷെ, രാജ്യസഭയിലെത്തുവാനാണെന്നതാണ് കൗതുകകരമായ സംഗതി. തുഷാറിന്റെ മറ്റൊരു ലാഭം, രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷപ്പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷനെ നേരിടുന്ന എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ദേശീയതലത്തില്‍ ലഭിക്കുന്ന പ്രശസ്തിയാണ്.

പേരിനെങ്കിലും സ്വന്തമായൊരു പാര്‍ട്ടിയും സാമുദായിക പിന്‍ബലവുമുള്ള തുഷാര്‍ വെള്ളപ്പള്ളിയെപ്പോലുള്ളവര്‍ മാത്രമല്ല; താല്‍ക്കാലികപ്രശസ്തി കൊതിച്ച് തിരഞ്ഞെടുപ്പുകാലത്ത് പതിവായി പ്രത്യക്ഷപ്പെടുന്ന അജ്ഞാതരും കുപ്രസിദ്ധരുമെല്ലാം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുവാന്‍ വയനാട്ടിലേക്കാണെത്തുന്നത്.

ഇതിനിടെയാണ്, സോളാര്‍ അഴിമതിക്കേസിലെ നായികയെന്ന് ഖ്യാതിയുള്ള സരിതാ നായരും രാഹുലിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. സോളാര്‍ അഴിമതിക്കേസില്‍ പലമട്ടില്‍ തന്നെ നിരന്തരം പീഡിപ്പിച്ച ചില കോണ്‍ഗ്രസ് നേതാക്കളോടും അവരെ സംരക്ഷിച്ച കോണ്‍ഗ്രസ്് നേതൃത്വത്തോടുമുള്ള പ്രതിഷേധമറിയിക്കുവാനാണത്രെ സരിത നായര്‍ ചുരം കയറി വയനാട്ടിലെത്തുന്നത്. നരേന്ദ്രമോദിയുടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിജ്ഞാബദ്ധനായ കോണ്‍ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുതല്‍, ടെലിവിഷന്‍ ചാനലുകളിലൂടെ പ്രേക്ഷകപ്രീതിയാര്‍ജ്ജിച്ച വിവാദനായികയായ സരിതാ നായര്‍വരെയുള്ളവരെ ആകര്‍ഷിക്കുന്ന ലോക്‌സഭാ മണ്ഡലമാണിത്.

വയനാടിന് ഇപ്പോള്‍ കിട്ടിയ ദേശീയശ്രദ്ധ ഈ നാടിനൊരു ശാപമായിത്തീരുമോ എന്നും പേടിക്കണം. ടൂറിസംവികസനം കൊണ്ട് നശിച്ചുകൊണ്ടിരിക്കുന്ന വയനാട്ടിലേക്ക് ഇനിയും അത്തരം പുതിയ വികസനപദ്ധതികള്‍ കൂടുതല്‍ ഉണ്ടാകുമോ എന്നാണ് വയനാട്ടുകാരനായ ഞാന്‍ ഭയപ്പെടുന്നത്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും വന്നുകൊണ്ടിരിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ പുറംലോകത്തിന് നല്‍കുന്ന വയനാടിനെക്കുറിച്ചുള്ള അതിശയോക്തികലര്‍ന്ന വിവരണങ്ങള്‍ കാണുമ്പോള്‍ ആ പേടി അസ്ഥാനത്തല്ലെന്നും പറയേണ്ടിവരും.

ലോകപ്രശസ്തമായ എടക്കല്‍ ഗുഹാചിത്രങ്ങള്‍ എഴുതപ്പെട്ട നവീന ശിലായുഗകാലം മുതല്‍, ഏറ്റവുമൊടുവില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ഭാരത്് ധര്‍മ്മജന സേനയുടെ ആവിര്‍ഭാവകാലംവരെയുള്ള വയനാടിന്റെ ചരിത്രവും ഐതിഹ്യവും പഠിച്ചുകൊണ്ടിരിക്കുകയാണവര്‍. പുതിയതായി കണ്ടെത്തിയ ഒരു ഭൂഖണ്ഡത്തെക്കുറിച്ച് ആദ്യമായി റിപ്പോര്‍ട്ടുചെയ്യുന്ന സാഹസിക ഭൗമപര്യവേക്ഷകരുടെ ആവേശമാണ് മാദ്ധ്യമ റിപ്പോര്‍ട്ടുകളില്‍ കാണുന്നത്.

വയനാടിനെക്കുറിച്ച് കേട്ടറിവുപോലുമില്ലാത്ത ഉത്തരേന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ പ്രവാഹം ആരംഭിച്ചതോടെ അവര്‍ക്ക് വേണ്ട അടിസ്ഥാന പശ്ചാത്തലവിവരങ്ങള്‍ നല്‍കുകയെന്ന അധികഭാരംകൂടി വയനാട്ടുകാരായ പത്രപ്രവര്‍ത്തകരുടെ ചുമലിലായിരിക്കുന്നു. രണ്ടരപ്പതിറ്റാണ്ടിനുമുമ്പേ ദൈനംദിന പത്രപ്രവര്‍ത്തനം ഉപേക്ഷിച്ച് വിശ്രമജീവിതം നയിക്കുന്ന എന്നെപ്പോലൊരാള്‍ക്കുപോലും വിശ്രമമില്ലാതായി എന്നു പറഞ്ഞാല്‍, പൊടുന്നനെ വയനാടിന് ലഭിച്ച മാദ്ധ്യമശ്രദ്ധയുടെ വ്യാപ്തിയെപ്പറ്റി കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. ദൈവത്തിന്റെ സ്വന്തം നാട് എന്ന അസംബന്ധവും അശ്ലീലവുമായ പരസ്യവാചകത്തേക്കാള്‍ എന്തുകൊണ്ടും ഭേദമായിരിക്കും രാഹുല്‍ ഗാന്ധിയുടെ സ്വന്തം മണ്ഡലമുള്ള നാട് എന്ന വിശേഷണം.

ഒ.കെ ജോണി

We use cookies to give you the best possible experience. Learn more