തിരുവനന്തപുരം: കടലെടുക്കുന്ന തീരത്തെ തിരിച്ചുപിടിക്കാനും തീരം കടല്‍ കാര്‍ന്നെടുക്കുന്നത് തടയാനും പുതിയ സാങ്കേതിക വിദ്യയുമായി ഒരുകൂട്ടം ഗവേഷകര്‍. ‘വേവ് വെന്റിലേറ്റര്‍’ എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക് സംസ്ഥാന ഫിഷറീസ് വകുപ്പും കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയും അനുമതി നല്‍കി.
പ്രത്യേക രീതിയില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ബ്ലോക്കുകളാണ് വേവ് വെന്റിലേറ്റര്‍. എട്ട് മീറ്റര്‍ നീളവും , 5.5 മീറ്റര്‍ ഉയരവും 70 ടണ്‍ ഭാരവുമുള്ള ആറ് കാലുകളുള്ള കോണ്‍ക്രീറ്റ് നിര്‍മ്മിതിയുടെ എല്ലാ കാലുകള്‍ക്കും കൂടി 4.31 മീറ്റര്‍ നീളമുണ്ടാവും. കാലുകള്‍ക്ക് മുകളില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ ബീമിനു മുകളിലായി 2.5 മീറ്റര്‍ ഉയരത്തിലാണ് വെന്റിലേറ്റര്‍. ഇതിന്റെ നാല് സ്ലാബുകള്‍ക്ക് 300 ഡിഗ്രി ചരിവുണ്ട്.
ക്രയിനുകളുടെ സഹായത്തോടെ വെന്റിലേറ്റര്‍ എടുത്തുമാറ്റാനായി രണ്ടു ഹൂക്കുകള്‍ ഘടിപ്പിച്ചിരിക്കും. കടലാക്രമണം ഉണ്ടാകുന്ന ഭാഗങ്ങളില്‍ കരയില്‍ നിന്നും 50 മീറ്റര്‍ മാറിയാണ് ഇവ സ്ഥാപിക്കുക. ഒരു കിലോമീറ്ററില്‍ ഇത്തരത്തിലുള്ള 55 വെന്റിലേറ്ററുകള്‍ വേണം. 10 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
കരയിലെത്തുന്ന തിരമാലകള്‍ വെന്റിലേറ്ററിന്റെ കോണ്‍ക്രീറ്റ് പാളിയില്‍ തട്ടുന്നതോടെ തിരമാലുകളുടെ ശക്തി കുറയും. അതുവഴി തീരം ഒഴുകിപ്പോകുന്നത് തടയാനാകുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസറായിരുന്ന വി. ആര്‍ പണിക്കര്‍, കേരള സര്‍വ്വകലാശാലയിലെ എന്‍വയണ്‍മെന്റ് സയന്‍സ് വിഭാഗം മുന്‍ മേധാവിയും ഡീനുമായ ഡോ. ശോഭ കൃഷ്ണന്‍, പന്തളം, എന്‍.എസ്.എസ് കോളജിലെ അസി. പ്രഫസര്‍ ഡോ. എസ് സന്തോഷ്, പാരിപ്പള്ളി എന്‍ജിനിയറിങ് കോളജിലെ പ്രഫ സത്യശീലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വേവ് വെന്റിലേറ്റര്‍ നിര്‍മ്മിക്കുന്നത്.
തീരം ഒഴുകിപ്പോകുന്നത് തടയുന്നതിനു പുറമേ തീരത്ത് മണല്‍ അടിയാനും ഇത് സഹായിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. തിരമാലയ്‌ക്കൊപ്പം വരുന്ന മണല്‍ വെന്റിലേറ്ററിന്റെ സഹായത്താല്‍ തീരത്ത് അടിയും. ഇങ്ങനെ ഒരുമാസംകൊണ്ട് തീരത്ത് മണ്ണ് നിറയും. തുടര്‍ന്ന് വെന്റിലേറ്ററുകള്‍ 50 മീറ്റര്‍ കടലിനുള്ളിലേക്ക് മാറ്റിസ്ഥാപിക്കും. വര്‍ഷത്തില്‍ രണ്ടുതവണ ഇങ്ങനെ ചെയ്താല്‍ ഒരു കിലോമീറ്റര്‍ തീരത്ത് അഞ്ച് ലക്ഷം ഘനമീറ്റര്‍ മണല്‍ അടിയുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
2012 ല്‍ ഇവര്‍ ഇതിനുള്ള പദ്ധതി രേഖ കേന്ദ്രസര്‍ക്കാറിനു കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഓഷ്യന്‍ ഡെവലപ്പ്‌മെന്റിന് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രം പദ്ധതിക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ഫിഷറീസ് വകുപ്പും കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയും ആലപ്പാട് പഞ്ചായത്തില്‍ സ്റ്റഡി പ്രോജക്ടായി പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു.
കടലാക്രമണവും തീരശോഷണവും തടയാന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടപ്പാക്കി വിജയിച്ച ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടര്‍ സംവിധാനത്തിന് സമാനമാണ് ഇതെന്നാണ് ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ് കോഡിനേറ്ററായ റോബേര്‍ട്ട് ഡൂള്‍ന്യൂസിനോടു പറഞ്ഞത്. തീരത്തുനടന്നുവരുന്ന ഗുരുതരമായ ശോഷണം കല്ലും, മണല്‍ചാക്കും അടുക്കി പ്രതിരോധിക്കാമെന്ന വ്യാജ ധാരണ മാറ്റാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ പദ്ധതി അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചില ആശങ്കകളും അദ്ദേഹം മുന്നോട്ടുവെച്ചു. കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് വേവ് വെന്റിലേറ്ററുമായി ബന്ധപ്പെട്ട അളവുകള്‍ നിശ്ചയിച്ചതെന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് റോബേര്‍ട്ട് പറഞ്ഞത്.
കടല്‍ക്ഷോഭങ്ങളുണ്ടാകുമ്പോള്‍ തീരം കടലെടുക്കുന്നത് കേരളത്തിന്റെ പല തീരദേശമേഖലയിലും പതിവാണ്. ഇതുവഴി സംസ്ഥാനത്തിന് 1500 ചതുരശ്ര കിലോമീറ്റര്‍ കര നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ‘ഇതുപോലുളള ഒരു സാങ്കേതിക വിദ്യ കടലില്‍ സ്ഥാപിക്കുന്നതിനു മുമ്പ്, മൂന്ന് തരത്തിലുള്ള പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. മണ്‍സൂണിനു മുമ്പ്, മണ്‍സൂണ്‍, മണ്‍സൂണിനുശേഷം എന്നിങ്ങനെ മൂന്ന് സമയത്ത് നമ്മുടെ കടലിന്റെ സ്വഭാവം എന്താണെന്ന് പഠിച്ചിട്ട് ഇത്തരം സാങ്കേതിക വിദ്യകള്‍ സ്ഥാപിക്കാവൂ. അത് നടത്തിയിട്ടാണോ ഈ അഞ്ചര മീറ്റര്‍ ഉയരമെന്ന് തീരുമാനിച്ചതെന്ന് വ്യക്തമല്ല. തീരത്തുനിന്നും 50 മീറ്റര്‍ അകലെയാണ് സ്ഥാപിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോയെന്ന കാര്യത്തില്‍ ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫിന് സംശയമുണ്ട്. കാരണം വലിയ തുറയെ ഉദാഹരണമായെടുക്കുകയാണെങ്കില്‍ മണ്‍സൂണ്‍ കാലത്ത് തിര ഒടിയുന്നത് തീരത്തുനിന്നും ഏതാണ്ട് 70, 80 മീറ്റര്‍ അപ്പുറമാണ്. അങ്ങനെയുള്ള പ്രദേശത്ത് 50 മീറ്ററില്‍ ഇത് പണിതാല്‍ അതിന് എന്തുമാത്രം സാംഗത്യമുണ്ട്, അപ്പോള്‍ അവിടെയാണ് പ്രീമണ്‍സൂണ്‍, മണ്‍സൂണ്‍, പോസ്റ്റ് മണ്‍സൂണ്‍ പഠനം നടത്തി ചെയ്യേണ്ടത്. തിരയുടെ ഉയരവും, തിര ഒടിയുന്ന സ്ഥലവും, കടലിന്റെ ശക്തിയും ഇതെല്ലാം പഠന വിധേയമാക്കണം.’ അദ്ദേഹം പറയുന്നു.
അഞ്ചരമീറ്റര്‍ ഉയരം എന്നു നിശ്ചയിച്ചതിന്റെ യുക്തിയിലും അദ്ദേഹം സംശയമുന്നയിക്കുന്നുണ്ട്. ‘ സ്ഥാപിക്കുന്ന സ്ഥലത്ത് വേലിയിറക്ക സമയത്ത് ആറുമീറ്റര്‍ ഉയരമാണ് അവിടുത്തെ കടലിനുള്ളതെങ്കില്‍ ഇവര്‍ക്ക് അഞ്ചര മീറ്റര്‍ എന്നുള്ളത് ഉറപ്പിക്കാം. ആറുമീറ്ററിന്റെ താഴെയാണെങ്കില്‍ ഇതുകൊണ്ട് ഒരുപാട് അപകടങ്ങളുണ്ടാവും. എഞ്ചിന്‍വെച്ച വള്ളങ്ങള്‍ ഇതിനെ മറികടന്ന് പോകുമ്പോള്‍ വേവ് വെന്റിലേറ്ററില്‍ ഇടിച്ച് മറിയും.’
കോണ്‍ക്രീറ്റ് ഉപയോഗിച്ചുള്ള നിര്‍മാണമായതിനാല്‍ ഓഫ്‌ഷോര്‍ ബ്രേയ്ക്ക് വാട്ടറിനെ അപേക്ഷിച്ച് കടലിന് പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കുറവാണെന്ന കാര്യവും റോബേര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
‘നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫി ഡെവലപ്പ് ചെയ്തിരിക്കുന്ന ജിയോ ടെക്‌സ്‌റ്റൈല്‍ ട്യൂബ് ഉപയോഗിച്ചുള്ള ബ്രേയ്ക്ക് വാട്ടറിന് വലിയ ന്യൂനതയുണ്ട്. അത് അവര്‍ ഉപയോഗിക്കുന്ന മെറ്റീരിയല്‍ തന്നെയാണ്. അടിസ്ഥാനപരമായി അതൊരു പ്ലാസ്റ്റിക് ഉല്പന്നമാണ്. ഇതിന് പരമാവധി പതിനഞ്ച് മുതല്‍ ഇരുപതു വര്‍ഷത്തെ ആയുസേയുള്ളൂ. ഈ വര്‍ഷത്തിനുള്ളില്‍ അത് അള്‍ട്രാ വയലറ്റ് രശ്മിയുടെ സഹായത്തോടെ പൊടിഞ്ഞ് മൈക്രോപ്ലാസ്റ്റിക് ആയി മാറാന്‍ സാധ്യതയുള്ള മെറ്റീരിയലാണ്. അത് നമ്മുടെ കടലിന് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കും. അതിന്റെ സ്ഥാനത്ത് ഇവര്‍ കോണ്‍ക്രീറ്റില്‍ ചെയ്യുന്നു എന്നു പറയുന്നത് തീര്‍ച്ചയായിട്ടും അഭിനന്ദനാര്‍ഹമാണ്. ‘