| Thursday, 24th October 2024, 8:01 am

ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ വർഗീയ ആക്രമണങ്ങൾ വർധിക്കുന്നു; റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ വർഗീയ ആക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ബഹ്‌റൈച്ച്, ബരാബങ്കി, മുസാഫർനഗർ, ഗാസിയാബാദ്, ബുലന്ദ്ഷഹർ, സഹരൻപൂർ എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരു മാസമായി വർഗീയ സംഘർഷം രൂക്ഷമാണ്. വർഗീയ ആക്രമണങ്ങൾ സൃഷ്ടിക്കാൻ ചിലർ കരുതിക്കൂട്ടി പ്രവർത്തനങ്ങൾ നടത്തുന്നതായി പ്രാദേശിക ജനങ്ങൾ പറയുന്നു.

പ്രാദേശിക മുസ്‌ലിങ്ങൾ കാണിച്ച സംയമനം കാരണം ബരാബങ്കിയിൽ അടുത്തിടെ ഒരു വർഗീയ സംഘർഷം തടയപ്പെട്ട ആശ്വാസത്തിലാണ് നാട്ടുകാരനായ മുഹമ്മദ് റഫീക്ക്. ദുർഗാ വിഗ്രഹ ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമത്തെത്തുടർന്ന് ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ വർഗീയ സംഘർഷം ഉടലെടുത്തിരുന്നു.

അവിടെ നിന്ന് ഏകദേശം 100 കിലോമീറ്റർ തെക്ക്, ബരാബങ്കിയിലെ ടികൈത് നഗറിലെ റഫീക്കിൻ്റെ ഗ്രാമത്തിലൂടെ കടന്നുപോകുന്ന ദുർഗ വിഗ്രഹ ഘോഷയാത്ര റൗസ മസ്ജിദിന് പുറത്ത് നിർത്തിയപ്പോൾ സമാനമായ ഒരു സാഹചര്യം ഉണ്ടായെന്ന് റഫീഖ് പറയുന്നു.

ഘോഷയാത്രയിലുണ്ടായിരുന്ന ചില അക്രമികൾ മസ്ജിദ് വളപ്പിനുള്ളിലേക്ക് ചെരുപ്പുകൾ വലിച്ചെറിയുകയും അതിൻ്റെ താഴികക്കുടങ്ങളിൽ നിറങ്ങൾ ഒഴിക്കുകയും ചെയ്തു. ഘോഷയാത്രയ്‌ക്കൊപ്പമുള്ള മൊബൈൽ ഡി.ജെ മ്യൂസിക് സിസ്റ്റത്തിൽ മുസ്‌ലിങ്ങളെ ലക്ഷ്യമിട്ടുള്ള അശ്ലീല ഗാനങ്ങൾ വെക്കുകയും ചെയ്തു. എന്നാൽ പ്രാദേശിക മുസ്‌ലിങ്ങൾ സംയമനം പാലിച്ചതിനാൽ വലിയൊരു കലാപം ഒഴിവായി.

‘ഞങ്ങൾ പ്രതികരിച്ചിരുന്നെങ്കിൽ വലിയ വർഗീയ സംഘർഷം ഉണ്ടായേനെ. അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നെങ്കിൽ ഭരണകൂടവും അവരെ പിന്തുണയ്ക്കുമായിരുന്നു,’ റഫീക്ക് പറഞ്ഞു.

ഘോഷയാത്രയ്ക്ക് ഗ്രാമത്തിലൂടെ കടന്ന് പോകാൻ 45മിനിറ്റ് ആയിരുന്നു അനുവദിച്ചത്. അവർ 2 മണിക്കൂറിലധികം സമയമെടുത്തു, പള്ളിക്ക് പുറത്ത് സംഗീതം ആലപിക്കാൻ ആവശ്യത്തിലധികം സമയം ചെലവഴിച്ചു.

പിന്നീട് റഫീഖ് പൊലീസിൽ പരാതിപ്പെടുകയും മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഒരു ആരാധനാലയം മലിനമാക്കിയതിന് ഹിന്ദുക്കളായ നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ മറ്റുള്ളവരുടെ പങ്ക് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ, പടിഞ്ഞാറ് മുസാഫർനഗർ, ഗാസിയാബാദ് മുതൽ കിഴക്ക് ഖുഷിനഗർ, ഡിയോറിയ വരെയുള്ള നിരവധി ജില്ലകളിൽ സംഘർഷങ്ങളും തെരുവ് പ്രകടനങ്ങളും ഉൾപ്പെടെയുള്ള വർഗീയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രകോപനപരമായ പ്രസംഗങ്ങളും ആക്ഷേപകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളും ദുർഗാ വിഗ്രഹ ഘോഷയാത്രയ്ക്കിടെയുള്ള അക്രമാസക്തമായ വാക്കേറ്റങ്ങളും വർഗീയ സംഘർഷങ്ങൾ വർധിപ്പിച്ചു. ചില സന്ദർഭങ്ങളിൽ, പ്രകോപനപരമായ പ്രസ്താവനകളിലൂടെയും ഭീഷണികളിലൂടെയും എരിതീയിൽ എണ്ണയൊഴിക്കാൻ ബി.ജെ.പി നിയമസഭാംഗങ്ങളും നേതാക്കളും ശ്രമിച്ചിട്ടുണ്ടെന്ന് പ്രാദേശിക ജനങ്ങൾ പറയുന്നതായി ദി സ്ക്രോൾ റിപ്പോർട്ട് ചെയ്തു.

മുസാഫർനഗറിലെ ബുധാനയിൽ, ഒക്ടോബർ 19 ന്, അഖിൽ ത്യാഗി എന്ന വ്യക്തി ഇസ്‌ലാമിനെക്കുറിച്ച് ചില ആക്ഷേപകരമായ കാര്യങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ധാരാളം മുസ്‌ലിങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. പൊലീസ് ഉടൻ തന്നെ ത്യാഗിയെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചെന്ന കിംവദന്തികൾ ഉയർന്നതോടെ വീണ്ടും പ്രതിഷേധം ഉയർന്നു.

ഒക്ടോബർ 16 ന് ഡിയോറിയയിലെ സേലംപൂർ പ്രദേശത്തെ മജൗലി രാജ് കസ്ബയിലും വർഗീയ സംഘർഷം ഉണ്ടായി. ദുർഗ വിഗ്രഹ ഘോഷയാത്രയ്ക്കിടെ സംഘർഷമുണ്ടായതിനെ തുടർന്ന് രണ്ട് ഹിന്ദു യുവാക്കളെ ഒരു മുസ്‌ലിം യുവാവ് കത്തി കൊണ്ട് കുത്തിക്കൊന്നു.

ഇവരിൽ ഒരാളായ രാജൻ പട്ടേലിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെ തുടർന്ന് ഘോഷയാത്രയിൽ നിന്ന് നിരവധി പേർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത് വർഗീയ സംഘർഷം രൂക്ഷമാക്കി. പ്രതിയായ അംഗൂർ ആലത്തെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ഒക്‌ടോബർ 12 ന് ബാലിപൂർ നാര ഗ്രാമത്തിൽ ദുർഗ്ഗാ വിഗ്രഹ ഘോഷയാത്രയ്ക്കിടെ ചില ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ കൗശാമ്പിയിലെ മഞ്ജൻപൂർ മേഖലയിലും സംഘർഷാവസ്ഥ ഉടലെടുത്തു.

ഒക്‌ടോബർ 12 ന് ഗോണ്ടയിൽ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. കോട്ട്‌വാലി പ്രദേശത്തെ ഒരു ക്ഷേത്രത്തിന് സമീപം തങ്ങൾക്ക് നേരെ കല്ലെറിഞ്ഞുവെന്ന് ദുർഗ്ഗാ വിഗ്രഹ ഘോഷയാത്രയിൽ പങ്കെടുത്തവർ ആരോപിച്ചു. ഇതേത്തുടർന്ന് ഘോഷയാത്രയിലുണ്ടായിരുന്നവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം നടത്തിയെങ്കിലും പൊലീസ് ഉറപ്പുനൽകിയതിനെ തുടർന്ന് പ്രശ്നം പരിഹരിച്ചു. വിഷയം അന്വേഷിച്ചുവരികയാണെന്ന് എസ്.പി ജയ്‌സ്വാൾ പറഞ്ഞു.

Content Highlight: Wave of Communal Flare-Ups Sweeps Uttar Pradesh Ahead of Bypolls

We use cookies to give you the best possible experience. Learn more