Kerala News
പെരിയാറില്‍ ജലനിരപ്പുയരുന്നു; തീരത്തുള്ളവര്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 15, 06:24 am
Wednesday, 15th August 2018, 11:54 am

കൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കനത്ത ജാഗ്രതനിര്‍ദ്ദേശവുമായി പൊലീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍. പെരിയാറിന്റെ തീരത്തുള്ളവര്‍ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും റോഡുകളിലെ തിരക്ക് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് അധികമായതിനെത്തുടര്‍ന്ന് 33 ഡാമുകളും തുറന്നുവിട്ടിരിക്കുകയാണ്. നദീതീരത്തുള്ളവര്‍ ജാഗ്രത പലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ALSO READ: കുറ്റ്യാടി ചുരത്തില്‍ ആറാം വളവില്‍ മണ്ണിടിഞ്ഞു: വയനാട്ടിലേക്കുള്ള ഗതാഗതം സ്തംഭിച്ചു


മഴ ശക്തമായതോടെ ചാലക്കുടിപ്പുഴയിലെ ഡാമുകള്‍ വീണ്ടും ഉയര്‍ത്തി. അതിരപ്പിള്ളി,വാഴച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് വിനോദ സഞ്ചാരികളെ കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്.

അതേസമയം മലബാറില്‍ മഴ ശക്തമായി തുടരുകയാണ്.

കനത്ത മഴയില്‍ കോഴിക്കോട് അഞ്ചിടങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായിട്ടുണ്ട്. ജില്ലയില്‍ ഈ മാസം 18 വരെ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ആനക്കാമ്പൊയില്‍,മറിപ്പുഴ, കക്കയം, കരിയാത്തമ്പാറ എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കാലവര്‍ഷം കനത്ത നഷ്ടമാണ് സംസ്ഥാനത്ത് വിതയ്ക്കുന്നത്. മുല്ലപെരിയാര്‍ അണക്കെട്ട് തുറന്നതിനെ തുടര്‍ന്ന് തെക്കന്‍ ജില്ലകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇതേ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചിരുന്നു.