| Friday, 17th August 2018, 10:34 am

ഇടമലയാറില്‍ ജലനിരപ്പ് കുറയുന്നു; അണക്കെട്ടില്‍ നിന്ന് ഒഴുകുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാന്‍ നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഇടമലയാറില്‍ ജലനിരപ്പ് കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. ജലനിരപ്പ് ഡാമിന്റെ പരമാവധി സംഭരണശേഷിയായ 169 മീറ്ററിനെക്കാള്‍ അല്‍പം താഴ്ന്നതോടെ അണക്കെട്ടില്‍നിന്നു പുറന്തള്ളുന്ന വെള്ളത്തിന്റെ അളവ് 1200 ഘനമീറ്റര്‍ ആയി കുറച്ചു.

ഇപ്പോള്‍ ഡാമിലെ ജലനിരപ്പ് 168.96 മീറ്ററാണ്. 36 മീറ്റര്‍ വരെ ഉയര്‍ന്ന ഭൂതത്താന്‍കെട്ട് അണക്കെട്ടിലെ ജലവിതാനം 34.70 ആയി കുറഞ്ഞു.

പെരിയാറില്‍ ജലനിരപ്പ് അല്‍പം താഴ്ന്നു എന്നു സൂചനയുണ്ടെങ്കിലും പ്രളയബാധിത പ്രദേശങ്ങളില്‍ മാറ്റങ്ങള്‍ ഒന്നും തന്നെയില്ല. വാഹനങ്ങള്‍ ഒന്നും ആലുവ വഴി ഓടുന്നില്ല.


ALSO READ: പത്തനംതിട്ടയില്‍ വെള്ളം താഴ്ന്നു തുടങ്ങി; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം


ആലുവ നഗരത്തില്‍ പ്രളയം രൂക്ഷമായി തുടരുകയാണ്. ആളുകള്‍ കുടുങ്ങിക്കിടക്കുന്നിടത്തേക്ക് എത്ര ആവശ്യപ്പെട്ടിട്ടും രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ എത്തുന്നില്ലെന്നു വ്യാപക പരാതിയുണ്ട്.

പെരുമ്പാവൂര്‍, മൂവാറ്റുപുഴ മേഖലകളില്‍ ഭക്ഷ്യക്ഷാമം രൂക്ഷം. അരി, പലവ്യഞ്ജനം, പച്ചക്കറി തുടങ്ങി അവശ്യവസ്തുക്കള്‍ ലഭ്യമാകുന്നില്ല. കാലടി മേഖലകളിലെ റൈസ് മില്ലുകളില്‍ വെള്ളം കയറി പ്രവര്‍ത്തനം നിലച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേരളത്തില്‍ കാലവര്‍ഷത്തിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്നുദിവസം കൂടി മഴ തുടരുമെങ്കിലും ശക്തി കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഴയ്ക്ക് കാരണമായ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണ്ടെത്തല്‍. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മധ്യപ്രദേശിലേക്ക് നീങ്ങിയെന്നും കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more