| Monday, 30th May 2016, 2:43 pm

ആ വെള്ളച്ചാട്ടത്തിന് കുഴപ്പമുണ്ടാകില്ലെന്ന് പറയുന്നവര്‍ ഈ വെള്ളച്ചാട്ടം കാണുന്നുണ്ടോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു ജില്ലാപഞ്ചായത്ത് ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിയ മിനി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ് നിലവില്‍ വന്നത് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്തായിരുന്നു.

വലിയ അഭിമാനമായി അധികൃതര്‍ അന്ന് അത് ഉയര്‍ത്തിക്കാട്ടിയെങ്കിലും  പ്രൗഡ്വോജ്വലമായ മീന്‍വല്ലം എന്ന വെള്ളച്ചാട്ടത്തിന്റെ അന്ത്യകുറിക്കുന്നതായിരുന്നു ഈ മിനി ഹൈഡ്രോ ഇലക്ട്ര്ിക് പ്രൊജക്ട്ട്.

ജില്ലയില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പ്രധാനകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു മീന്‍വല്ലം വെള്ളച്ചാട്ടം. മഴക്കാലമാകുന്നതോടെ ആര്‍ത്തിരമ്പുന്ന ഈ വെള്ളച്ചാട്ടം ആനന്ദകരമായ കാഴ്ചകളില്‍ ഒന്നായിരുന്നു. എന്നാല്‍ വെള്ളച്ചാട്ടം കാണാനായി ഇന്ന് അവിടെയെത്തുന്ന ഇക്കോ ടൂറിസ്റ്റുകള്‍ക്ക് അത്തരമൊരു കാഴ്ച കാണാനാവുന്നില്ല. വെള്ളച്ചാട്ടം പോയിട്ട് ഒരു തുള്ളി വെള്ളം പോലും ഇവിടെ ഇല്ല.

മീന്‍വെല്ലം മിനി ഹൈഡ്രോ ഇലക്ട്രിക് പദ്ധതി ആദ്യഘട്ടത്തില്‍ വിജയമായപ്പോള്‍ മൂന്ന് മിനി ഹൈഡ്ര ഇലക്ട്രിക് പ്രൊജക്ടറും ഒരു മൈക്രോ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടും കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ജില്ലാ പഞ്ചായത്ത്.

വെള്ളച്ചാട്ടത്തിന്റേയും അരുവിയുടേയും സ്വാഭാവികമായ ഒഴുക്കിനെ പദ്ധതി ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അതെല്ലാം അവഗണിച്ചുകൊണ്ടിരുന്നു ഇത്തരമൊരു പദ്ധതി അവിടെ നടപ്പാക്കിയത്.

പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താതെ നാല് പദ്ധതികള്‍ കൂടി നടപ്പിലാക്കുന്നതോടെ ജില്ലായിലെ പരമ്പരാഗത വെള്ളച്ചാട്ടങ്ങളെല്ലാം ഇല്ലാതാവുമെന്നതില്‍ യാതൊരു സംശയവും ഇല്ലെന്ന് പരിസ്ഥിതി സംഘടനകള്‍ വ്യക്തമാക്കുന്നു.

വെള്ളച്ചാട്ടത്തിനെയോ അരുവിയുടെ സ്വാഭാവികമായ ഒഴുക്കിനേയോ ഒട്ടും തന്നെ ബാധിക്കുകയില്ലെന്ന് ആണയിട്ട അനേകം പഠന റിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തില്‍ ആണ് ഈ പദ്ധതി നിലവില്‍ വന്നത്. വെറും 3 മെഗാവാട്ട് പ്രൊജക്റ്റിന്റെ സ്ഥിതി ഇതെങ്കില്‍ 163 മെഗാവാട്ട് അതിരപ്പിള്ളി പദ്ധതി നിലവില്‍ വന്നാല്‍ എന്തായിരിക്കും ഫലം എന്നാണ് ഇനി ചിന്തിക്കേണ്ടത്.

പാലക്കാട് മണ്ണാര്‍ക്കാട് റൂട്ടില്‍ തുപ്പനാട് നിന്നും 8 കിലോമീറ്ററുകള്‍ ഉള്ളിലായി വനപ്രദേശത്താണ് 20-25 അടി ഉയരത്തില്‍ 15 മുതല്‍ 20 അടിവരെ ആഴമുള്ള മീന്‍വെള്ളം വെള്ളച്ചാട്ടം സ്ഥിതി ചെയ്തിരുന്നത്.

പത്ത് പടിയോളമുള്ള വെള്ളച്ചാട്ടത്തിന്റെ എട്ടോളം ഭാഗങ്ങള്‍ ഉള്‍വനത്തിലെ ഉയര്‍ന്ന കുന്നിന്‍മുകളിലാണ്. ഓരോ വെള്ളച്ചാട്ടത്തിന്റേയും ഉയരം ഏതാണ്ട് 40 മീറ്ററോളം ആയിരുന്നു. ഏറെ മനോഹരമായ കാഴ്ചയായിരുന്നു മീന്‍വെല്ലം വെള്ളച്ചാട്ടം കാഴ്ചക്കാര്‍ക്ക് സമ്മാനിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more