international
അവധി വ്യാപാരത്തിലേക്ക് ഇനി കുടിവെള്ളവും; മുന്‍കൂറായി വാങ്ങുകയും വില്‍ക്കുകയും ചെയ്യാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 15, 05:59 am
Tuesday, 15th December 2020, 11:29 am

ഷിക്കാഗോ: ലോകം കനത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതിനിടെ സ്വര്‍ണവും അസംസ്‌കൃത എണ്ണയും പോലെ വിപണി വിലയനുസരിച്ച് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഉത്പന്നമായി കുടിവെള്ളവും മാറുന്നു. അമേരിക്കയാണ് കുടിവെള്ളത്തിനെ കച്ചവടച്ചരക്കായി മാറ്റുന്ന പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതോടെ ജലത്തിന് അന്താരാഷ്ട്ര വിപണിയായിരിക്കും വില നിശ്ചയിക്കുക.

ഷിക്കാഗോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മെര്‍ക്കന്റൈന്‍ എക്‌സ്‌ചേഞ്ച് ആണ് വെള്ളത്തിന്റെ കമ്മോഡിറ്റി ഫ്യൂച്ചര്‍ (അവധി വ്യാപാരം) ആരംഭിക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ നിശ്ചയിച്ച വിലയില്‍ ഭാവിയെ ലക്ഷ്യമാക്കി ഉത്പന്നങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കരാറാണ് കമ്മോഡിറ്റി ഫ്യൂച്ചര്‍. നിശ്ചിത തുക മുന്‍കൂറായി നല്‍കി ഉത്പന്നം വാങ്ങാം. വിപണിയില് ഉത്പനത്തിന് വില കൂടുകയാണെങ്കില്‍ വില്‍പനക്കാരന് ലാഭമുണ്ടാക്കാനാവും. സ്ഥലക്കച്ചവടം ഇതിനൊരുദാഹരണമാണ്.

അതായത് വിപണിയില്‍ ജലത്തിന് വില കൂടുകയാണെങ്കില്‍ വില്‍ക്കുന്നവര്‍ക്ക് ലാഭമുണ്ടാക്കാനാവും. ഇല്ലെങ്കില്‍ നഷ്ടവും നേരിടും. വെള്ളത്തിന് ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ വില കുതിച്ചുയരും.

2025ഓടെ ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗത്തിനും ജലദൗര്‍ലഭ്യം നേരിടുമെന്നാണ് സൂചന. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് അമേരിക്കയുടെ നീക്കം. വാള്‍സ്ട്രീറ്റിലായിരിക്കും ഇതിന്റെ വ്യാപാരം ആദ്യം ആരംഭിക്കുക. കുടിവെള്ള ക്ഷാമം നേരിട്ടേക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ തന്നെയാണ് അമേരിക്ക.

കാലിഫോര്‍ണിയയില്‍ എട്ടുവര്‍ഷത്തെ വരള്‍ച്ച നേരിടുന്നതിനാലും അമേരിക്കയിലെ വെസ്റ്റ് കോസ്റ്റില്‍ കാട്ടുതീയും ചൂടും വര്‍ധിച്ചതിനാലും ഈ വര്‍ഷം സെപ്തംബറില്‍ തന്നെ ജല വ്യാപാരത്തിന്റെ കോണ്‍ട്രാക്ട് പ്രഖ്യാപിച്ചിരുന്നു.

ഒരു ചതുരശ്ര ഏക്കറില്‍ ലഭ്യമായ വെള്ളമാണ് ഒരു യൂണിറ്റായി വ്യാപാരം ചെയ്യുക. അതായത് 1233 ക്യൂബിക് മീറ്ററിന് തുല്യമായ ജലമായിരിക്കും ഇത്.

486.53 ഡോളറായിരിക്കും ജലത്തിന്റെ അടിസ്ഥാന വില. ഇത് ഏകദേശം 36,000 രൂപ വരും. എന്‍.ക്യു.എച്ച്.ടു.ഒ എന്ന കോഡ് നാമത്തിലായിരിക്കും ഇതിന്റെ വ്യാപാരം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Water to be traded as Futures commodity like of gold and oil