| Sunday, 17th May 2020, 7:29 pm

കൊവിഡില്‍ ആശങ്കയെങ്കിലും വരണ്ട അണക്കെട്ടുകള്‍ നിറച്ച് മഹാരാഷ്ട്ര; കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മൂന്നിരട്ടി വെള്ളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് പ്രതിസന്ധി തുടരവെ അണക്കെട്ടുകളില്‍ വെള്ളം നിറയുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടി വെള്ളമാണ് അണക്കെട്ടുകളില്‍ ഇപ്പോഴുള്ളത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുടര്‍ച്ചയായ വരള്‍ച്ചയും ജലക്ഷമാവുമായിരുന്നു സംസ്ഥാനം നേരിട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും നല്ല മഴ ലഭിച്ചിരുന്നു.

മെയ് 15 ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് സംസ്ഥാനത്തൊട്ടാകെയുള്ള 3267 വന്‍കിട, ഇടത്തരം, ചെറുകിട അണക്കെട്ടുകളിലായി 17,066.71 ദശലക്ഷം ഘനമീറ്റര്‍ സംഭരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് ഇവയുടെ മൊത്തം ശേഷിയുടെ 41.73 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം മെയ് 15ന് ഇത് 14.92 ശതമാനം മാത്രമായിരുന്നു.

മറാത്ത്‌വാഡ മേഖലയിലുള്ള മഞ്ചാര ഡാം അടക്കമുള്ള പ്രധാന അണക്കെട്ടുകള്‍ വേനല്‍ക്കാലത്ത് വറ്റിവരണ്ട അവസ്ഥയിയായിരുന്നു ഉണ്ടാവാറുള്ളത്. എന്നാല്‍ ഇത്തവണ അത്തരമൊരു കാഴ്ച എവിടെയുമില്ല.

ഔറംഗബാദ് ഡിവിഷനിലെ പ്രധാനപ്പെട്ട ഒമ്പത് അണക്കെട്ടുകളിലെയും സ്ഥിതി ഇതുതന്നെയാണ്. മൊത്തം സംഭരണ ശേഷിയുടെ 43.9 ശതമാനം വെള്ളം ഇപ്പോള്‍ത്തന്നെയുണ്ട്. ഔറംഗബാദ്, ബീഡ്, ഹിങ്കോലി, നന്തെഡ്, ഒസ്മാനാബാദ് ജില്ലകളില്‍ കഴിഞ്ഞ വര്‍ഷം ഈ സമയത്ത് മൊത്തമുണ്ടായിരുന്നത് 0.44 ശതമാനം മാത്രമായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more