അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു; കേരളം വൈദ്യുതി ക്ഷാമത്തിലേക്ക്
Daily News
അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു; കേരളം വൈദ്യുതി ക്ഷാമത്തിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th October 2016, 10:16 am

കഴിഞ്ഞ പത്തുവര്‍ഷത്തിനിടിയിലെ ഏറ്റവും താഴ്ന്ന രണ്ടാമത്ത ജലനിരപ്പാണ് ഇടുക്കി അണക്കെട്ടില്‍ ഇപ്പോഴുള്ളത്. തുലാവര്‍ഷം വേണ്ട രീതിയില്‍ ലഭിക്കാത്തതിനാല്‍ ജില്ലയിലെ മറ്റ് ഡാമുകളിലും വെള്ളം ക്രമാതീതമായി കുറഞ്ഞു.

തൊടുപുഴ: ഇടുക്കി ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ കേരളം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങുന്നു.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടിയിലെ ഏറ്റവും താഴ്ന്ന രണ്ടാമത്ത ജലനിരപ്പാണ് ഇടുക്കി അണക്കെട്ടില്‍ ഇപ്പോഴുള്ളത്. തുലാവര്‍ഷം വേണ്ട രീതിയില്‍ ലഭിക്കാത്തതിനാല്‍ ജില്ലയിലെ മറ്റ് ഡാമുകളിലും വെള്ളം ക്രമാതീതമായി കുറഞ്ഞു.

2349.62 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 അടികുറവാണിത്. 2012നുശേഷമുള്ള ഏറ്റവും കുറഞ്ഞ ജലനിരപ്പും. 2401 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. നിലവിലുള്ള വെള്ളം സംഭരണശേഷിയുടെ നാല്‍പത്തിയഞ്ച് ശതമാനം മാത്രമാണ്. അതായത് പകുതിയില്‍ താഴെ. 978.223 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്.

തുലാമഴ ശക്തമായില്ലെങ്കില്‍ ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ വൈദ്യുതി ഉല്‍പ്പാദനത്തിന് ഇടുക്കി ഡാമില്‍ നിന്ന് വെള്ളം ലഭിക്കാതെയാകും. രണ്ടാഴ്ചയ്ക്കിടെ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് രണ്ട് തവണ മാത്രമാണ് മഴ പെയ്തത്.

കഴിഞ്ഞ ദിവസം 40.6 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഇതിലൂടെ 5.588 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുളള ജലം മാത്രമാണ് ലഭ്യമായത്. മഴ കുറഞ്ഞതോടെ നീരൊഴുക്ക് നിലച്ചതാണ് ഡാമിലെ ജലനിരപ്പ് ഇത്രയും താഴാന്‍ കാരണം. ജലനിരപ്പ് ക്രമാതീതമായി താഴാന്‍ തുടങ്ങിയതോടെ മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതി ഉല്‍പ്പാദനം കുറയ്ക്കാനും കെ.എസ്.ഇ.ബി ആലോചിക്കുന്നുണ്ട്.