| Tuesday, 14th August 2012, 12:05 pm

നഗരത്തിലേക്ക് 35 ദിവസം കൂടിയേ വെള്ളം വിതരണം ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് ജല അതോറിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജല അതോറിറ്റി ശുപാര്‍ശ ചെയ്തു. ജില്ലയില്‍ വെള്ളമെത്തിക്കുന്നതിന് പ്രധാനമായും ആശ്രയിക്കുന്ന പേപ്പാറ ഡാമില്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് ജല അതോറിറ്റിയുടെ നടപടി.[]

പേപ്പാറ ഡാമില്‍ നിന്നും നഗരത്തിലേക്ക് 24 മണിക്കൂറും വെള്ളം നല്‍കാന്‍ കഴിയില്ലെന്നും 12 മണിക്കൂറാക്കി ഇത് നിജപ്പെടുത്തണമെന്നുമാണ് ജല അതോറിറ്റിയുടെ ആവശ്യം.

നിലവില്‍ പേപ്പാറ ഡാമില്‍ നിന്നു 35 ദിവസം കൂടി മാത്രമേ കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിയുകയുള്ളു. അല്ലെങ്കില്‍ ശക്തമായ മഴ ലഭിക്കണം. അതല്ലെങ്കില്‍ ഡാമില്‍ നിന്നും ഒരുമാസത്തിന് ശേഷം ഒരുതുള്ളി വെള്ളം പോലും എടുക്കാന്‍ കഴിയില്ലെന്നും ജല അതോറിറ്റി അറിയിച്ചു.

ഡാമില്‍ ഇനി ഒരുമാസത്തെ വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ ശശി പറഞ്ഞു. തിരുവനന്തപുരം നഗരത്തിലേക്ക് വെള്ളം നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ 50 ദിവസം വരെ വെള്ളം വിതരണം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയ്ക്ക് മുന്നിലാണ് അതോറിറ്റി ശുപാര്‍ശ സമര്‍പ്പിച്ചത്. വിഷയത്തില്‍ മന്ത്രിസഭയായിരിക്കും അന്തിമ തീരുമാനമെടുക്കുക.

We use cookies to give you the best possible experience. Learn more