തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ഒരു ലിറ്റര്‍ വെള്ളത്തിന് 22.30 രൂപയുടെ ചെലവ് വരുന്നുണ്ടെന്നും അതിലൂടെ ലഭിക്കുന്നത് പത്തര രൂപയാണെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ഇ.ബി, റണ്ണിങ് കോണ്‍ട്രോക്ടേര്‍സ്, ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, ചികിത്സ തുടങ്ങിയവക്കുള്ള പണം വാട്ടര്‍ അതോറിറ്റിയുടെ വരുമാനത്തില്‍ നിന്ന് വേണം കൊടുത്ത് തീര്‍ക്കാനെന്നും കെ.എസ്.ആര്‍.ടി.സി പോലെയാവാതിരിക്കാനാണ് വാട്ടര്‍ അതോറിറ്റി കരം വര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിലെ നേരെ ചൊവ്വെ എന്ന പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
”വിമര്‍ശനം ഉണ്ടാവുമ്പോഴും ഇതിന്റെ യാഥാര്‍ത്ഥ്യം തിരിച്ചറിയുമെന്ന് ഞാന്‍ കരുതി. ഒരു ലിറ്റര്‍ വെള്ളത്തിന് 22.30 രൂപയുടെ ചെലവ് വരുന്നുണ്ട്. നമുക്ക് അതിലൂടെ ലഭിക്കുന്നത് പത്തര രൂപയാണ്. ഇതിന് വേണ്ടി ഉപയോഗിക്കുന്ന ആലം, ബ്ലീച്ചിങ് പൗഡര്‍ തുടങ്ങിയവയുടെ വിലയും ഞാന്‍ എടുത്ത് നോക്കിയപ്പോള്‍ മൂന്ന് ഇരട്ടിവരെ വര്‍ധിച്ചിട്ടുണ്ട്. 22.30 രൂപ മുതല്‍ മുടക്കുള്ള ഒരു സാധനം പത്തര രൂപക്ക് വിറ്റഴിക്കുമ്പോള്‍ അവിടെ തന്നെ പത്തര രൂപയുടെ വ്യത്യാസം വരും.
കെ.എസ്.ഇ.ബിക്ക് 1300 കോടി രൂപ കൊടുത്ത് തീര്‍ക്കാനുണ്ട്. പൈപ്പ് എവിടെയെങ്കിലും പൊട്ടിക്കിടന്നാല്‍ ശരിയാക്കാന്‍ പോകേണ്ട റണ്ണിങ് കോണ്‍ട്രോക്ടേര്‍സ് അതിന് പോകാത്ത സ്ഥിതിവിശേഷം വന്നു. കാരണം അവര്‍ക്ക് കുടിശ്ശിക കൊടുത്ത് തീര്‍ക്കാനുണ്ട്. വാട്ടര്‍ അതോറിറ്റി മറ്റ് ഡിപ്പാര്‍ട്‌മെന്റ് പോലെയല്ല. ഇതിലെ ജോലിക്കാരുടെ ശമ്പളം, അവരുടെ പെന്‍ഷന്‍, കുട്ടികളുടെ പഠനം, ചികിത്സ തുടങ്ങിയവയെല്ലാം ഇതിന്റെ വരുമാനത്തില്‍ നിന്ന് വേണം കൊടുത്ത് തീര്‍ക്കാന്‍. ഒറ്റവാക്കില്‍ പറഞ്ഞാല്‍ വാട്ടര്‍ അതോറിറ്റി കെ.എസ്.ആര്‍.ടി.സി പോലെയാവാതിരിക്കാനാണ് വില വര്‍ധിപ്പിച്ചത്. കെ.എസ്.ആര്‍.ടി.സിയെ ഇങ്ങനെയാക്കിയതിലുള്ള ബുദ്ധിമുട്ടുകളും സാധ്യതകളും ഇന്ന് ജനങ്ങള്‍ക്ക് ബോധ്യപെട്ട് തുടങ്ങി. അങ്ങനെ പോകേണ്ട ഒരു മേഖലയല്ലല്ലോ വെള്ളത്തിന്റെ പ്രശ്‌നം,” മന്ത്രി പറഞ്ഞു.
വെള്ളക്കരം കൂട്ടിയതിന് പിന്നാലെ നിയമസഭയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ വിമര്‍ശനങ്ങളോടും അദ്ദേഹം പ്രതികരിച്ചു. മലയാള മനോരമയിലെ ഒരു കാര്‍ട്ടൂണ്‍ ഉയര്‍ത്തിയാണ് തന്നോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നതെന്നും, കാര്‍ട്ടൂണില്‍ കാണുന്നത് പോലെ കേരളസംസ്‌കാരം അനുസരിച്ച് അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടക്കുന്ന വ്യക്തിയുടെ മുഖത്ത് തളിക്കാന്‍ ആരെങ്കിലും വെള്ളത്തിന്റെ വില നോക്കുമോയെന്നും റോഷി അഗസ്റ്റിന്‍ ചോദിച്ചു.
‘നമ്മുടെ സംസ്‌കാരം അനുസരിച്ച് ഏതെങ്കിലും ഒരു സാധാരണക്കാരന്‍ അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടന്നാല്‍ അവന്റെ മുഖത്ത് കുറച്ച് വെള്ളം തളിക്കാന്‍ ആരെങ്കിലും വെള്ളത്തിന്റെ വില ചോദിച്ച് മുഖത്ത് അടിക്കുന്ന സ്ഥിതി കേരളസംസ്‌കാരത്തിന് ചേര്‍ന്നതാണോ? അങ്ങനെ സംഭവിച്ചിട്ടില്ല. മലയാള മനോരമയിലെ ആ കാര്‍ട്ടൂണിനെ ഒരു സന്ദേശമായി കണക്കാക്കുന്നു. കേരളത്തിലെ പൊതുസമൂഹത്തിന് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിക്കാന്‍ കരുതലോടെ വെള്ളം ഉപയോഗിക്കേണ്ടത് ആവശ്യമാണെന്നുള്ള എന്റെ പരാമര്‍ശത്തെയും അതുപോലെ പരിഗണിക്കേണ്ടേ ,” റോഷി അഗസ്റ്റിന്‍ പറഞ്ഞു.
അതേസമയം, പ്രതിഷേധങ്ങള്‍ക്കിടെ സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ചുള്ള പുതുക്കിയ താരിഫ് ജല അതോറിറ്റി പുറത്തിറക്കി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മിനിമം 50 മുതല്‍ 550 വരെ കൂടും. മിനിമം നിരക്ക് 22.05 രൂപയില്‍ നിന്നും 72.05 രൂപയായി ഉയര്‍ന്നു. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 15,000 ലിറ്റര്‍ വരെ സൗജന്യമായി ലഭിക്കും.
content highlight: Water Resources Minister Roshi Agustin has responded to the criticism related to the increase in water in the state