| Saturday, 10th August 2019, 9:03 pm

ചെങ്ങന്നൂരില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നു; വീടൊഴിയാത്തവരെ ബലംപ്രയോഗിച്ച് നീക്കാന്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നു. കഴിഞ്ഞ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ബുധനൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറിയിട്ടുണ്ട്. ഇവിടങ്ങളിലെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിതുടങ്ങിയിട്ടുണ്ട്.

പമ്പ, അച്ചന്‍കോവില്‍ നദികളാണ് ചെങ്ങന്നൂരിലൂടെ ഒഴുകുന്നത്. ഈ നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും പെട്ടെന്ന് ക്യാമ്പുകളിലേക്ക് മാറണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ നിന്ന് മാറാന്‍ തയ്യാറാകാത്തവരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പമ്പ, അച്ചന്‍കോവില്‍ നദികളാണ് ചെങ്ങന്നൂരിലൂടെ ഒഴുകുന്നത്. ഇവ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറിത്തുടങ്ങി. കഴിഞ്ഞ പ്രളയം ദുരിതം വിതച്ച പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ബുധനൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്‌ന പ്രദേശങ്ങളെല്ലാം വെള്ളം കയറി. നൂറുകണക്കിന് വീടികളിലും കൃഷിയിടങ്ങളിലും വെള്ളം കയറിത്തുടങ്ങി.

നിലവില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ 24 ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ടായിരത്തോളം ആളുകളാണ് ക്യാംപുകളില്‍ എത്തിയിട്ടുള്ളത്.

പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തില്‍ വാര്‍ഡുതല പ്രളയ ദുരിതാശ്വാസ കമ്മിറ്റികള്‍ രൂപവത്കരിച്ചിട്ടുണ്ട്. രാത്രിയില്‍ വെള്ളം കൂടുതല്‍ ഒഴുകി എത്തിയാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആളുകളെ ഒഴിപ്പിക്കാനാണ് നിര്‍ദ്ദേശം. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ്, ഐടിബിപി സേനാംഗങ്ങള്‍ ചെങ്ങന്നൂരില്‍ ക്യാമ്പുചെയ്യുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വാഹനങ്ങളും ബോട്ടുകളും ക്രമീകരിച്ചിട്ടുണ്ടെന്ന് സജി ചെറിയാന്‍ എം.എല്‍.എ അറിയിച്ചു.

We use cookies to give you the best possible experience. Learn more