ആലപ്പുഴ: ആലപ്പുഴയില്‍ ജനനിരപ്പുയരുന്നു. വെള്ളംകയറിയതിനെ തുടര്‍ന്ന് ആലപ്പുഴ-ചങ്ങനാശ്ശേരി എ.സി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. എ.സി. കനാലില്‍ വെള്ളം നിറഞ്ഞ് പുറത്തേയ്ക്ക് ഒഴുകുന്നതാണ് റോഡിലേയ്ക്ക് വെള്ളംകയറാന്‍ ഇടയാക്കുന്നത്.
മനക്കച്ചിറ മുതല്‍ വാഹനഗതാഗതം ഭൂരിഭാഗവും നിലച്ചിരിക്കുകയാണ്. വലിയ വാഹനങ്ങള്‍ മാത്രമാണ് ഇതുവഴി കടന്നുപോകുന്നത്. ചെറിയ വാഹനങ്ങള്‍ക്ക് ഒന്നാംപാലം വരെയാണ് പരമാവധി പോകാന്‍ കഴിയുക.
കുട്ടനാട് അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേയ്ക്കും മാറിക്കൊണ്ടിരിക്കുകയാണ്. ലോറികളിലാണ് ഇവരെ വീടുകളില്‍നിന്ന് മാറ്റുന്നത്. പല വീടുകളിലും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോള്‍ ആലപ്പുഴ മേഖലയില്‍ മഴ കുറഞ്ഞുനില്‍ക്കുകയാണ്. എന്നാല്‍ പമ്പ അടക്കമുള്ള നദികളിലൂടെ കിഴക്കന്‍ മേഖലകളില്‍നിന്നു വരുന്ന വെള്ളത്തിന്റെ തോത് വര്‍ധിച്ചിട്ടുണ്ട്. ഇതാണ് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ഉയരുന്നതിന് ഇടയാക്കിയിരിക്കുന്നത്. കെ.എസ്.ആര്‍ടി.സി സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.