ചെറുതോണി: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ഡാമിനടുത്തുള്ള പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2395.26 അടിയാണ് നിലവിലെ ജലനിരപ്പ്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ജലനിരപ്പ് 2395 അടിയിലെത്തിയിരുന്നു. തുടര്‍ന്നാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ക്രമപ്രകാരം ജലനിരപ്പ് 2399 അടി ആകുമ്പോള്‍ മൂന്നാമത്തെ മുന്നറിയിപ്പ് നല്‍കേണ്ടതാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ 2397 അടിക്കോ അതിനും മുമ്പോ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഷട്ടര്‍ തുറക്കാനും സാധ്യതയുണ്ട്.
അതേസമയം ഇടുക്കിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡാമിന് താഴെയുള്ളവര്‍ക്കും പെരിയാറിന്റെ തീരത്തുള്ളവര്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ALSO READ: ഇടുക്കി ഡാമില്‍ ജലനിരപ്പ് 2395 അടി; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
വെളളം തുറന്നുവിട്ടാല്‍ ചെറുതോണിയാറിന്റെ ഇരുകരകളിലുള്ളവര്‍ക്കും പെരിയാറിന്റെ തീരത്തു കരിമണല്‍ വൈദ്യുതി നിലയം വരെയുളള ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്കും നാശനഷ്ടങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവില്‍ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ജനങ്ങള്‍ ആശങ്കപ്പെടെണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് 2397 അടി വെള്ളമായാല്‍ റെഡ് അലര്‍ട്ട് നല്‍കും. ഇതോടെ പ്രദേശവാസികളോട് ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിനുശേഷം ചെറുതോണിയിലെ അഞ്ച് ഷട്ടറുകളില്‍ മധ്യത്തിലുള്ള ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തും. 34 അടി വീതിയും 40 അടി ഉയരവുമാണ് ഈ ഷട്ടറിനുള്ളത്. സെക്കന്‍ഡില്‍ 1750 ഘനയടി വെള്ളം ഇതിലൂടെ പുറത്തേക്കൊഴുകും.
അതേസമയം ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു.