പാലക്കാട്: മലമ്പുഴ ഇറിഗേഷന്‍ വകുപ്പിന്റെ അറിവോടെ, വാട്ടര്‍ അതോറിറ്റി വ്യവസായങ്ങള്‍ക്ക് വന്‍തോതില്‍ വെള്ളം മറിച്ചുകൊടുക്കുന്നുവെന്നു പരാതി. കൃഷിക്കായി വെള്ളം നല്‍കുന്നതിന് നിയന്ത്രണമുള്ളപ്പോഴാണ് യാതൊരു നിയന്ത്രണമോ വ്യക്തമായ കണക്കോ ഇല്ലാതെ വാട്ടര്‍ അതോറിറ്റി വെള്ളം കടത്താന്‍ വ്യവസായങ്ങളെ അനുവദിക്കുന്നത്.
ഒരു ലിറ്ററിന് നാല് പൈസ എന്ന കണക്കിലാണ് കമ്പനികള്‍ വെള്ളം കൊണ്ടുപോകുന്നത്. വെള്ളം എടുക്കുന്നതിനു ഇറിഗേഷന്‍ വകുപ്പിന്റെ കയ്യില്‍ കണക്കുകളൊന്നുമില്ല. നിലവില്‍ 9.6 കോടി ലിറ്റര്‍ വെള്ളമാണ് കുടിവെള്ളാവശ്യത്തിനായി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വാട്ടര്‍ അതോറിറ്റിക്കായി നല്‍കുന്നത്.
ഇതില്‍ 4.2 കോടി ലിറ്റര്‍ വെള്ളം ഗാര്‍ഹികാവശ്യത്തിനാണ്. 3 കോടി ലിറ്റര്‍ വെള്ളം ലീക്കേജായി പോകുന്നുവെന്നും വാട്ടര്‍ അതോറിറ്റി പറയുന്നു. എന്നാല്‍ പോലും 5.1 കോടി ലിറ്റര്‍ വാട്ടര്‍ അതോറിറ്റി സ്വകാര്യ കമ്പനികള്‍ക്കായി മാറ്റി വെക്കുന്നു. വാട്ടര്‍ അതോറിറ്റി തന്നെ നല്‍കിയ ഔദ്യോഗിക വിവരകണക്കാണിത്. നിലവില്‍ കഞ്ചിക്കോട് വ്യവസായ മേഖലയിലെ 108 കമ്പനികള്‍ക്കാണ് അതോറിറ്റി വെള്ളം നല്‍കുന്നത്. ചെറുകിട കുപ്പിവെള്ള കമ്പനികള്‍ മുതല്‍ വന്‍കിട ഇരുമ്പുരുക്ക്, മദ്യനിര്‍മ്മാണ കമ്പനികളും ഈ കൂട്ടത്തിലുണ്ട്. ദിവസേന 15 ലിറ്റര്‍ വെള്ളമാണ് ഇങ്ങനെ നഷ്ടമാകുന്നത്.
നാട്ടുകാര്‍ക്ക് നല്‍കുന്ന ഓരോ തുള്ളി വെള്ളത്തിനും കണക്ക് പറഞ്ഞു പണം വാങ്ങുന്ന വാട്ടര്‍ അതോറിറ്റി വ്യവസായങ്ങള്‍ക്ക് വെള്ളം നല്‍കുന്നതില്‍ ഒരുപേക്ഷയും വിചാരിക്കുന്നില്ല. വെള്ളം അളന്നു നല്‍കാന്‍ ഉത്തരവാദിത്തമുള്ള ഇറിഗേഷന്‍ വകുപ്പും ഈ ചൂഷണത്തിന് നേരെ കണ്ണടക്കുകയാണ്. ഇവിടെ വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കാന്‍ അനുവദിക്കാത്തത് ഈ കൊള്ളക്ക് മറപിടിക്കാന്‍ ആണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അധികൃതരും വ്യവസായ ലോബിയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഈ കള്ളക്കളിയിലൂടെ പുറത്തുവരുന്നത്.
പ്രതിഷേധ പ്രകടനങ്ങളും പ്രക്ഷോഭവും വര്‍ധിച്ചതോടെ ബള്‍ക്ക് മീറ്റര്‍ സ്ഥാപിക്കണമെന്നു പറഞ്ഞു പാലക്കാട് ഇറിഗേഷന്‍ ഡിവിഷന്‍ വാട്ടര്‍ അതോറിറ്റിക്ക് കത്ത് നല്‍കുകയുണ്ടായി. എന്നാല്‍ അത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നു പറഞ്ഞു വാട്ടര്‍ അതോറിറ്റി ഒഴിവാകുകയായിരുന്നു. ഇതിനിടെ കിന്‍ഫ്ര പൈപ്പ് ലൈനിന്റെ നിര്‍മ്മാണവും ഇതിനൊപ്പം ആരംഭിച്ചിട്ടുണ്ട്.
മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ നിലവില്‍ പൈപ്പ് ലൈന്‍ ഇപ്പോള്‍ത്തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. പൈപ്പ് ലൈന്‍ ചൂഷണം ഇരട്ടിയാകുമെന്ന് കിന്‍ഫ്ര പൈപ്പ് ലൈന്‍ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ ജി. ശിവരാജന്‍ പറയുന്നു. ഇറിഗേഷന്‍ വകുപ്പിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ സമരസമിതി സംഘടിപ്പിച്ചിരുന്നു.
“നാല് പൈസക്ക് വാങ്ങുന്ന ഈ വെള്ളമാണ് കുടിവെള്ളക്കമ്പനികള്‍ 15ഉം ഇരുപതും രൂപക്ക് ഞങ്ങള്‍ക്ക് തന്നെ വില്‍ക്കുന്നത്. കൃഷിക്കുള്ള വെള്ളത്തിന് നിയന്ത്രണമുള്ളപ്പോള്‍ വ്യവസായങ്ങള്‍ക്ക് മാത്രം യാതൊരു നിബന്ധനയുമില്ലാതെ അതോറിറ്റി വെള്ളം കൊടുക്കുന്നത്?” കിന്‍ഫ്ര പൈപ്പ് ലൈന്‍ വിരുദ്ധ സമരസമിതി കണ്‍വീനര്‍ ബോബന്‍ മാട്ടുമന്ത ഡൂള്‍ന്യൂസിനോട് പറഞ്ഞു. സംഭരണിയിലുള്ള വെള്ളത്തില്‍ കുറവുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വെള്ളം 90 ദിവസത്തില്‍ നിന്നും 60 ദിവസമായി കുറച്ച വാട്ടര്‍ അതോറിറ്റി പക്ഷെ യഥേഷ്ടമായി വ്യവസായ കമ്പനികള്‍ക്ക് വെള്ളം നല്‍കുകയാണ്.
പാലക്കാടുള്ള കര്‍ഷകസമൂഹം വെള്ളം നല്‍കുന്ന ദിവസങ്ങളുടെ എണ്ണം വെട്ടികുറിച്ചതിനാല്‍ വന്‍ബുദ്ധിമുട്ടിലാണ്. രണ്ടാം വിള കൊയ്‌തെടുക്കണമെങ്കില്‍ ഇവര്‍ക്ക് 90 ദിവസത്തെ വെള്ളമെങ്കിലും വേണം.
“മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തുടക്കം മുതല്‍ തന്നെ കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതിക്ക് എതിരാണ്. കഴിഞ്ഞ ഒന്നരവര്‍ഷമായി നടക്കുന്ന ഈ പ്രക്ഷോഭത്തിന് അദ്ദേഹത്തിന്റെ പിന്തുണയുണ്ട്. ഹൈക്കോടതിയില്‍ ഞങ്ങള്‍ 13 റിട്ടുകള്‍ ഞങ്ങള്‍ കൊടുത്തിരുന്നു. 13 റിട്ടിനും അനുകൂലവിധിയാണ് ലഭിച്ചത്. വെള്ളം കാര്‍ഷികാവശ്യത്തിനു ഉപയോഗിക്കുന്നതിനു മുന്‍ഗണന നല്‍കണം എന്നാണു ഹൈക്കോടതി അന്ന് പറഞ്ഞത്” ബോബന്‍ മാട്ടുമന്ത പറയുന്നു.
ഈ വരുന്ന ഒക്ടോബര്‍ മുപ്പത്തിയൊന്നിന് മലമ്പുഴ ഇറിഗേഷന്‍ വകുപ്പുമായി ചര്‍ച്ചകൊരുങ്ങുകയാണ് കിന്‍ഫ്ര പൈപ്പ് ലൈന്‍ വിരുദ്ധ സമര സമിതി.
WATCH THIS VIDEO: