ന്യൂദല്‍ഹി: കനത്ത മഴയില്‍ ചോര്‍ന്നൊലിച്ച് ദല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരം. കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ചോര്‍ന്നൊലിക്കുന്ന പാര്‍ലമെന്റിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോര്‍ ഇതുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിക്കുകയും ചെയ്തു. ബി.ജെ.പിയെ പരിഹസിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും രംഗത്തെത്തി.
കോടികള്‍ മുടക്കിയാണ് ബി.ജെ.പി സര്‍ക്കാര്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം പണിതതെന്നും നടപടികള്‍ പഴയ കെട്ടിടത്തിലേക്ക് തന്നെ മാറ്റണമെന്നും അഖിലേഷ് യാദവ് സഭയില്‍ പറഞ്ഞു.
സഭയ്ക്ക് പുറത്ത് പേപ്പര്‍ ചോര്‍ച്ചയും അകത്ത് വെള്ളച്ചോര്‍ച്ചയുമാണെന്ന് മാണിക്കം ടാഗോര്‍ ബി.ജെ.പിയെ പരിഹസിച്ച് എക്‌സില്‍ കുറിച്ചു. പാര്‍ലമെന്റ് ചോരുന്ന സാഹചര്യത്തില്‍ ഇനിയുള്ള സെക്ഷനുകള്‍ പഴയ പാര്‍ലമെന്റില്‍ വെച്ച് നടത്തണമെന്ന് അഖിലേഷ് യാദവ് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
പഴയ പാര്‍ലമെന്റ് ഇതിലും ഭേദമായിരുന്നു. ശതകോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടമാണ് ചോര്‍ന്നൊലിക്കുന്നതെന്നും അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചു. ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ നിര്‍മിച്ച സകലതും ഇത്തരത്തില്‍ ചോരുകയാണല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ 20,000 കോടി രൂപയുടെ കേന്ദ്ര വിസ്ത പുനര്‍വികസന പദ്ധതിയുടെ ഭാഗമായി പുതിയ പാര്‍ലമെന്റ് മന്ദിരം 2023 മെയ് 28നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.
എന്നാല്‍, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പുതിയ കെട്ടിടം 862 കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്.
ദല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കനത്ത മഴയാണ് പെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ദല്‍ഹിയില്‍ 108 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. 14 വര്‍ഷത്തിനിടെ ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മഴയാണിത്.
Content Highlight: ‘Water dripping program’: Opposition MPs jab BJP over Parliament roof leakage