ഇടുക്കി ഡാം കാണാം; വാട്ടർ മെട്രോയിൽ കറങ്ങാം കൗതുകമായി ജലവിഭവ വകുപ്പിന്റെ പ്രദർശനം
Keraleeyam 2023
ഇടുക്കി ഡാം കാണാം; വാട്ടർ മെട്രോയിൽ കറങ്ങാം കൗതുകമായി ജലവിഭവ വകുപ്പിന്റെ പ്രദർശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd November 2023, 10:37 pm

തിരുവനന്തപുരം: ഇടുക്കി ഡാം കാണാനും ചെല്ലാനത്ത് ചെല്ലാനും വാട്ടർ മെട്രോയിൽ കറങ്ങാനും അവസരമൊരുക്കി സംസ്ഥാന ജലസേചന വകുപ്പിന്റെ പ്രദർശനം. കേരളീയത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനിയിൽ ഒരുക്കിയ പ്രദർശനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ നവകേരളം കർമ്മ പദ്ധതി കോ ഓർഡിനേറ്റർ ടി.എൻ. സീമ, വാട്ടർ അതോറിറ്റി സെക്രട്ടറി അശോക് കുമാർ, ജോയിന്റ് എം.ഡി. ദിനേശൻ ചെറുവാട്ട്, വിവിധ വകുപ്പുമേധാവികൾ, പങ്കെടുത്തു.

വിനോദത്തിനൊപ്പം വിജ്ഞാനവും പകരുന്ന നിരവധി പവലിയനുകളാണ് ഒരുക്കിയിരിക്കുന്നത്. അണക്കെട്ടുകളുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഇൻസ്റ്റലേഷനുകൾ, ഇടുക്കി അണക്കെട്ടിന്റെ മാതൃക, കായലിന്റെ സൗന്ദര്യം ആസ്വദിച്ച് കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിക്കുന്നത് നേരിട്ടറിയുന്നതിനും ആസ്വദിക്കുന്നതിനുമുള്ള വിർച്വൽ റിയാലിറ്റി പവലിയൻ എന്നിവ പ്രധാന ആകർഷണങ്ങളാണ്.

‘വി.ആർ’ ഷോ കാണുന്നതിന് ഉദ്ഘാടന ദിവസം മുതൽ തന്നെ വലിയ തിരക്കാണിവിടെ. ഒപ്പം, വിദ്യാർഥികൾക്ക് ജല സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കി നൽകുന്ന തരത്തിലുള്ള വിവിധ സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഭൂജല വകുപ്പിനു കീഴിലുള്ള ജലപരിശോധന ലാബുകളുടെ പ്രവർത്തനം, ഫലപ്രദമായ ഭൂജല വിനിയോഗ മാർഗങ്ങൾ, ചെല്ലാനത്ത് വിജയകരമായി നടപ്പാക്കിയ തീരശോഷണ സംരക്ഷണ നടപടികൾ തുടങ്ങിയവയുടെ വിശദാംശങ്ങളും പ്രദർശനത്തിലുണ്ട്. വിവിധ തരത്തിലുള്ള ജലസേചന മാതൃകകൾ, ജലസംരക്ഷണത്തിനുള്ള നൂതന മാർഗങ്ങൾ, കിണർ റീചാർജിങ് പ്രവർത്തനങ്ങൾ എല്ലാം വിശദമായി മനസിലാക്കാനും സാധിക്കും.

ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ മണ്ണ് സംരക്ഷണ നടപടികൾ, പെരിയാർ നദീതടത്തിന്റെ മാതൃക, പ്രളയ മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രവർത്തനം എന്നിവയും കണ്ടു മനസിലാക്കാം.

Content Highlight: Water department exhibition in Keraleeyam