ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സമീപകാലത്ത് വലിയ തോതിലുള്ള വിമർശനങ്ങൾ ഏറ്റു വാങ്ങിയിട്ടുള്ള താരമാണ് കെ.എൽ രാഹുൽ.
തുടർച്ചയായി മോശം പ്രകടനം കാഴ്ചവെച്ചിട്ടും ടീമിൽ സ്ഥിരമായി താരത്തിന് സ്ഥാനം ലഭിക്കുന്നതിനെതിരെ വലിയ വിമർശനങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്നടക്കം ഉയർന്ന് വന്നത്.
ഓസീസിനെതിരെയുള്ള ബോർഡർ-ഗവാസ്ക്കർ ടെസ്റ്റ് പരമ്പരയിൽ മോശം പ്രകടനം കാഴ്ചവെച്ചതിന്റെ പേരിൽ കെ.എൽ രാഹുലിന് തന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായിരുന്നു.
എന്നാൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ വിജയത്തിലേക്ക് നയിച്ചതോടെ കെ.എൽ രാഹുലിനെ പ്രശംസ കൊണ്ട് മൂടുകയാണ് ആരാധകർ. രാഹുലിന്റെ നേതൃത്വത്തിലിറങ്ങുന്ന ലഖ്നൗ ഈ സീസണിൽ രണ്ട് മത്സരങ്ങളിൽ വിജയം സ്വന്തമാക്കിയിരുന്നു.
ഏപ്രിൽ ഏഴിനാണ് സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ ലഖ്നൗവിന്റെ മത്സരം നടന്നത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുത്തപ്പോൾ, വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലഖ്നൗ കെ.എൽ രാഹുലിന്റെ 35 റൺസ്, ക്രുണാൽ പാണ്ഡ്യയുടെ 34 റൺസ് എന്നിവരുടെ ബാറ്റിങ് മികവിൽ ഹൈദരാബാദിന്റെ വിജയ ലക്ഷ്യമായ 121 റൺസ് നാല് ഓവർ ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു.
മത്സരത്തിൽ വിജയിച്ചതോടെയാണ് രാഹുലിന്റെ ക്യാപ്റ്റൻസി മികവിനേയും ബാറ്റിങ് മികവിനേയും പ്രശംസിച്ച് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദനങ്ങൾ പ്രവഹിക്കുന്നത്.
രാഹുൽ ടഫ് പിച്ചുകളിൽ ഗോട്ടാണ്, ഇതുപോലൊരു ക്യാപ്റ്റനെ ഇതിന് മുമ്പ് കണ്ടിട്ടില്ല, രാഹുൽ ഒരു റൺ മെഷീനാണ്, മോസ്റ്റ് അണ്ടർ റേറ്റഡ് ക്യാപ്റ്റൻ തുടങ്ങിയ വിശേഷണങ്ങളാണ് രാഹുലിനെ അഭിനന്ദിച്ച് കൊണ്ട് ആരാധകർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം ഏപ്രിൽ എട്ടിന് രണ്ട് മത്സരങ്ങളാണ് ഐ.പി.എല്ലിൽ നടക്കുന്നത്.
ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ദൽഹി ക്യാപിറ്റൽസിനെ നേരിടുമ്പോൾ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സിനെയാണ് അടുത്തതായി നേരിടുന്നത്.
Content Highlights:Watching cricket since 1991 but never saw a better captain than KL Rahul fans hails kl rahul