ഗതി കെട്ടാല്‍, കുരയ്ക്കുന്ന പട്ടികള്‍ ചിലപ്പോള്‍ കടിക്കും; വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികള്‍ സ്വീകരിക്കില്ലെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ്
National
ഗതി കെട്ടാല്‍, കുരയ്ക്കുന്ന പട്ടികള്‍ ചിലപ്പോള്‍ കടിക്കും; വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികള്‍ സ്വീകരിക്കില്ലെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th April 2018, 9:09 am

ന്യൂദല്‍ഹി: ജനാധിപത്യത്തിന്റെ കാവല്‍നായ്ക്കളായ നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും മറ്റുവഴിയില്ലെങ്കില്‍ കടിക്കുമെന്ന് സുപ്രീം കോടതിയിലെ ജസ്റ്റിസ് കുര്യന്‍ ജോസഫ്. പഠനയാത്രയ്‌ക്കെത്തിയ കേരള മീഡിയ വിദ്യാര്‍ത്ഥികളോടുള്ള സംഭാഷണത്തിലാണ് കുര്യന്‍ ഇക്കാര്യം പറഞ്ഞത്.

“ജുഡീഷ്യറിയും മാധ്യമങ്ങളും ജനാധിപത്യത്തിന്റെ കാവല്‍നായ്ക്കളാണ്. രണ്ട് കൂട്ടരും ജാഗരൂകരായിരിക്കണം, ഉടമയുടെ സ്വത്ത് സംരക്ഷിക്കാന്‍ കുരയ്ക്കുന്നത് പോലെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കുരച്ച് കൊണ്ടിരിക്കണം. കുരച്ചിട്ടും യജമാനന്റെ ശ്രദ്ധ കിട്ടിയില്ലെങ്കില്‍, ഭീഷണി തുടര്‍ന്ന് കൊണ്ടിരിക്കുകയാണെങ്കില്‍, കുരയ്ക്കുന്ന നായ്ക്കള്‍ക്ക് കടിക്കുകയല്ലാതെ മറ്റു വഴികളില്ല.” – അദ്ദേഹം പറഞ്ഞു.


Read Also: ‘എന്തും സംഭവിക്കാം’; തമിഴ് ജനത കുടിവെള്ളത്തിന് വേണ്ടി പോരാടുമ്പോള്‍ ഐ.പി.എല്‍ എന്ന ചൂതാട്ടം ഇവിടെ വേണ്ട; ചെന്നൈ സൂപ്പര്‍ കിംഗ്സിന് തമിഴ് നേതാവിന്റെ മുന്നറിയിപ്പ്


സുപ്രീം കോടതിയില്‍ തുടരുന്ന അഭ്യന്തര പ്രശ്‌നങ്ങളെയും സര്‍ക്കാരും ജുഡീഷ്യറിയും തമ്മില്‍ നടക്കുന്ന പോരിനെയും ഉദ്ദേശിച്ചാണ് ജസ്റ്റിസിന്റെ പരാമര്‍ശം എന്നാണ് സൂചന.

സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ശേഷം താന്‍ സര്‍ക്കാരിന്റെ പദവികളൊന്നും സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം തന്നെ ജസ്റ്റിസ് ചെലമേശ്വറും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


Read Also: കര്‍ണാടക ചീഫ് ജസ്റ്റിസിന് നിയമമന്ത്രിയുടെ കത്ത്; കോടതിയും സര്‍ക്കാരും തമ്മില്‍ പോര് തുടരുന്നു


ജനുവരി 12ന് ജസ്റ്റിസ് ഗോഗോയി, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് തുടങ്ങിയ ജഡ്ജിമാര്‍ക്കൊപ്പം ചെലമേശ്വര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസുകള്‍ അനുവദിച്ചു നല്‍കുന്നതില്‍ പക്ഷപാതം കാട്ടുന്നുവെന്നതുള്‍പ്പെടെ കോടതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ ഉന്നയിച്ചിരുന്നു.