Video: വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നില്ല; ഞങ്ങള്‍ പ്രശ്‌നത്തിലാണ്; വിമാനത്തിനുള്ളില്‍ രാഹുലിന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞ് കശ്മീരി സ്ത്രീ
India
Video: വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നില്ല; ഞങ്ങള്‍ പ്രശ്‌നത്തിലാണ്; വിമാനത്തിനുള്ളില്‍ രാഹുലിന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞ് കശ്മീരി സ്ത്രീ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th August 2019, 9:51 am

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും സംഘത്തേയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് വൈകീട്ട് ദല്‍ഹിയിലേക്ക് തിരിക്കവേ വിമാനത്തിനുള്ളില്‍ വച്ച് രാഹുല്‍ ഗാന്ധിക്ക് മുന്നിലെത്തി പൊട്ടിക്കരയുന്ന കശ്മീരി സ്ത്രീയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചതിന് പിന്നാലെ താഴ് വരയിലെ ആളുകള്‍ നേരിടുന്ന ഭീകാരാവസ്ഥ വിവരിച്ചുകൊണ്ട് രാഹുലിന് മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു സ്ത്രീ. ഓഗസ്റ്റ് അഞ്ചു മുതല്‍ എന്താണ് താഴ്‌വരയിലെ ജനങ്ങളുടെ അവസ്ഥ എന്ന് വിശദീകരിക്കുകയാണ് സ്ത്രീ ചെയ്യുന്നത്.

” ഞങ്ങളുടെ കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. എന്റെ സഹോദരന്‍ ഒരു ഹൃദ്രോഗിയാണ്. പത്ത് ദിവസമായി ഡോക്ടറെ കാണാന്‍ സാധിക്കുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ഞങ്ങള്‍ക്ക് നീതി കിട്ടുമോ എന്നറിയില്ല. ഞങ്ങള്‍ പ്രശ്‌നത്തിലാണ്”- എന്നായിരുന്നു യുവതിയുടെ വാക്കുകള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതോടെ സീറ്റില്‍ നിന്നെഴുന്നേറ്റ് സ്ത്രീയുടെ കൈപിടിച്ച് രാഹുല്‍ ഗാന്ധി ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

രാഹുലിനൊപ്പം കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നു.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കശ്മീരിലെത്താന്‍ വേണ്ടി തിരിച്ച കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും സംഘത്തേയും ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ തടയുകയായിരുന്നു. വൈകീട്ടത്തെ വിമാനത്തില്‍ സംഘത്തെ തിരിച്ചയക്കുകയും ചെയ്തിരുന്നു.

ജമ്മു കശ്മീരിനുള്ള പ്രത്യേകപദവി കേന്ദ്രസര്‍ക്കാര്‍ എടുത്തു മാറ്റിയതിനു ശേഷം മേഖലയിലെ സ്ഥിതിഗതികള്‍ വീക്ഷിക്കാനും ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനുമായാണ് പ്രതിപക്ഷസംഘം കശ്മീരിലേക്ക് പുറപ്പെട്ടത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷസംഘം ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍, സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇവരെ വിമാനത്താവളത്തില്‍ തടയുകയായിരുന്നു. വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കാണുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് കുറച്ചുസമയം നേരിയ സംഘര്‍ഷത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. വിമാനത്താവളത്തിന്റെ വി.ഐ.പി ലോഞ്ചില്‍ കയറാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെയും സുരക്ഷാ അധികൃതര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് സംഘം ദല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു.

ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ അശാന്തമെന്ന് വ്യക്തമായതായി രാഹുല്‍ പ്രതികരിച്ചിരുന്നു.കശ്മീര്‍ ഗവര്‍ണര്‍ തന്നെ ക്ഷണിച്ചിരുന്നെന്നും എന്നാല്‍, അവിടെ സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സ്ഥിതിഗതികള്‍ മോശമെന്ന് വ്യക്തമാണെന്നും മാധ്യമങ്ങളെ അടക്കം വേട്ടയാടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.