ന്യൂദല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ മാതാപിതാക്കളെ വിമാനത്തിനുള്ളില്‍ നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ച് യാത്രക്കാര്‍.
ചെന്നൈയില്‍ നിന്നും ദല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. അഭിനന്ദന്റെ മാതാപിതാക്കളാണെന്ന് ചില യാത്രക്കാര്‍ തിരിച്ചറിഞ്ഞതോടെ യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിക്കുയായിരുന്നു. സീറ്റ് ബെല്‍റ്റ് അടക്കം ഊരിവെച്ച് യാത്രക്കാര്‍ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാകുന്നുണ്ട്.
ആര്‍ത്തുവിളിച്ചും കൈയടിച്ചും ഒപ്പം നിന്ന് സെല്‍ഫിയെടുത്തുമാണ് യാത്രക്കാര്‍ സന്തോഷം പങ്കുവെച്ചത്. വിമാനം ലാന്റ് ചെയ്തപ്പോള്‍ ഇരുവരും ഇറങ്ങുന്നതുവരെ യാത്രക്കാര്‍ കാത്തിരിക്കുകയും ചെയ്തു.
എല്ലാവരോടും നന്ദി പറഞ്ഞാണ് അഭിനന്ദന്റെ പിതാവ് റിട്ടയേഡ് എയര്‍മാര്‍ഷല്‍ എസ് വര്‍ധമാനും ഭാര്യയും വിമാനത്തില്‍ നിന്നും ഇറങ്ങിയത്. അഭിനന്ദനെ സ്വീകരിക്കാന്‍ വാഗ അതിര്‍ത്തിയില്‍ കുടുംബം എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ അഭിനന്ദന്‍ വാഗാ അതിര്‍ത്തിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
“സമാധാനത്തിന്റെ സന്ദേശ”മെന്ന നിലയില്‍ അഭിനന്ദന്‍ വര്‍ധമാനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് വ്യാഴാഴ്ച വൈകീട്ട് പാക് പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തില്‍ ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചിരുന്നു.
30 മണിക്കൂര്‍ നീണ്ട പിരിമുറക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയ്ക്കുമെന്ന ഇമ്രാന്‍ ഖാന്റെ പ്രഖ്യാപനം എത്തുന്നത്.
അഭിനന്ദന്‍ റാവല്‍ പിണ്ടിയില്‍ നിന്ന് ലാഹോറിലേക്ക് തിരിച്ചിട്ടുണ്ട്. പ്രത്യേക വിമാനത്തിലാണ് ലാഹോറിലേക്ക് പാകിസ്ഥാന്‍ അഭിനന്ദനെ എത്തിക്കുന്നത്. അവിടെ നിന്ന് റെഡ്ക്രോസ്സിന് കൈമാറും. അതിന് ശേഷം പ്രാഥമികമായ ആരോഗ്യപരിശോധനകള്‍ റെഡ്ക്രോസ്സ് നടത്തും.
തുടര്‍ന്ന് റെഡ്ക്രോസ്സാണ് അഭിനന്ദനെ വാഗാ അതിര്‍ത്തിയിലേക്കെത്തിക്കുന്നത്. ഏതാനും കിലോമീറ്റര്‍ ദൂരം മാത്രമേ ലാഹോറില്‍ നിന്ന് വാഗാ അതിര്‍ത്തിയിലേക്കുള്ളൂ. വ്യോമസേനയുടെ പ്രത്യേക സംഘം അദ്ദേഹത്തെ വാഗാ അതിര്‍ത്തിയില്‍ സ്വീകരിക്കും.
വ്യോമസേന ഉദ്യോഗസ്ഥര്‍ ഇദ്ദേഹവുമായി സംസാരിക്കും. വന്‍ സ്വീകരണമാണ് ജനങ്ങളും അഭിനന്ദനായി ഇവിടെ ഒരുക്കിയിരിക്കുന്നത്.