ജൊഹന്നാസ് ബര്‍ഗ്: പന്ത് ചുരണ്ടല്‍ സംഭവം കൊണ്ട് കുപ്രസിദ്ധി നേടിയ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ പരമ്പരയിലെ നാലാം ടെസ്റ്റില്‍ അപൂര്‍വ്വ നിമിഷവും. ക്ഷണിക്കാതെ കടന്ന് വന്ന തേനീച്ചയാണ് കളിക്കിടെ ചിരിക്കുള്ള വക സമ്മാനിച്ചത്. കീപ്പര്‍ ക്വിന്റണ്‍ ഡി.കോക്കിന് തേനീച്ചയുടെ കുത്തേറ്റതാണ് സംഭവം.
ഓസ്‌ട്രേലിയന്‍ ഇന്നിങ്ങ്‌സിന്റെ 30- ാം ഓവറിലായിരുന്നു സംഭവം. 16 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന
ഷോണ്‍ മാര്‍ഷിന് തേനീച്ച രക്ഷകനാവുകയായിരുന്നു. സ്റ്റംപിങ്ങിനൊരുങ്ങി നിക്കവേയാണ് താരത്തിന് അപ്രതീക്ഷിതമായി തേനീച്ച കടിയേറ്റത്. കേശവ് മഹാരാജിന്റെ പന്തില്‍ മുന്നോട്ട് കയറിയ മാര്‍ഷിനെ കബളിപ്പിച്ച് പന്ത് കീപ്പറിലേക്ക് പായുകയായിരുന്നു. എന്നാല്‍ തേനീച്ചയുടെ കുത്തേറ്റതോടെ ഡീ കോക്കിന് പന്ത് കൈപിടിയിലൊതുക്കാന്‍ സാധിച്ചില്ല. ഇതിന്റെ വീഡിയോ ട്വിറ്ററിലും ഫേസ്ബുക്കിലും വൈറലായിരിക്കുകയാണ്.
അതേസമയം ഓസ്‌ട്രേലിയയ്‌ക്കെതിരെ കൂറ്റന്‍ ലീഡ് നേടി ദക്ഷിണാഫ്രിക്ക മുന്നേറിക്കൊണ്ടിരിക്കുകയാണ്. 110/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്‌ട്രേലിയയെ 221 റണ്‍സിനു ഓള്‍ഔട്ടാക്കിയ ശേഷം രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 134/3 എന്ന നിലയിലാണ്. 401 റണ്‍സിന്റെ ലീഡാണ് മത്സരത്തില്‍ ആതിഥേയരുടെ കൈവശമുള്ളത്. എയ്ഡന്‍ മാര്‍ക്രം 37 റണ്‍സ് നേടി പുറത്തായപ്പോള്‍ മൂന്നാം ദിവസം സ്റ്റംപ്‌സിനു ഡീന്‍ എല്‍ഗാര്‍(39*) ഫാഫ് ഡു പ്ലെസി(34*) എന്നിവരാണ് ക്രീസില്‍. ഹാഷിം അംല(16), എബി ഡി വില്ലിയേഴ്‌സ്(6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. പാറ്റ് കമ്മിന്‍സ് രണ്ടാം ഇന്നിംഗ്‌സിലും ബൗളിംഗ് മികവ് തുടര്‍ന്നു. രണ്ട് വിക്കറ്റാണ് താരം നേടിയത്. നഥാന്‍ ലയണിനു ഒരു വിക്കറ്റ് ലഭിച്ചു.
110/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്‌ട്രേലിയയെ മുന്നോട്ട് നയിച്ചത് പരിക്കേറ്റ തള്ളവിരലുമായി കളിച്ച ടിം പെയിനും പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ്. ഇരുവരും അര്‍ദ്ധ ശതകങ്ങള്‍ നേടി പുറത്തായി അധികം വൈകാതെ ഓസ്‌ട്രേലിയയുടെ ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു. 99 റണ്‍സ് കൂട്ടുകെട്ടിനു ശേഷം പാറ്റ് കമ്മിന്‍സ് ആണ് പുറത്തായത്. 50 റണ്‍സായിരുന്നു കമ്മിന്‍സിന്റെ സംഭാവന. 62 റണ്‍സ് നേടിയ ടിം പെയിന്‍ ഇന്നിംഗ്‌സിലെ അവസാന വിക്കറ്റായാണ് മടങ്ങിയത്.
വെറോണ്‍ ഫിലാന്‍ഡര്‍, കാഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ തിളങ്ങി. മോണേ മോര്‍ക്കലിനാണ് ഒരു വിക്കറ്റ് ലഭിച്ചത്.