Pulwama Terror Attack
പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികന്റെ സംസ്‌ക്കാര ചടങ്ങില്‍ ഷൂ ധരിച്ച് ബി.ജെ.പി മന്ത്രിമാര്‍; കേന്ദ്രമന്ത്രിയടക്കമുള്ളവര്‍ക്ക് ബന്ധുക്കളുടെ ശകാരം (വീഡിയോ)
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 20, 04:52 am
Wednesday, 20th February 2019, 10:22 am

മീററ്റ്: പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍ അജയ് കുമാറിന്റെ അന്തിമ ചടങ്ങുകളില്‍ ഷൂ ധരിച്ച് ഇരുന്ന കേന്ദ്രമന്ത്രി സത്യപാല്‍ സിങ്ങിനും സംസ്ഥാനമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്ങിനും മീററ്റ് എം.പി രാജേന്ദ്ര അഗര്‍വാളിനുമെതിരെ ബന്ധുക്കളുടെ പ്രതിഷേധവും ശകാരവും.

ഒന്നാം നിരയില്‍ തന്നെയാണ് നേതാക്കള്‍ ഇരുന്നത്. ഇവരോട് ബന്ധുക്കള്‍ കയര്‍ക്കുന്നതിന്റെയും എല്ലാവരോടും ഷൂ ഊരി മാറ്റാന്‍ ആവശ്യപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

നേരത്തെ മുംബൈ പൊലീസ് കമ്മീഷണറായിരുന്ന സത്യപാല്‍ സിങ്ങ് വിരമിച്ച ശേഷം ബി.ജെ.പിയില്‍ ചേരുകയും കേന്ദ്രമന്ത്രിയാവുകയും ചെയ്തയാളാണ്. സേനയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളായിട്ട് പോലും മര്യാദകള്‍ പാലിക്കാത്ത സത്യപാല്‍ സിങ്ങിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന നിലപാട് ബി.ജെ.പി നേരത്തെയും സ്വീകരിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവോ സ്വദേശിയായ സി.ആര്‍.പി.എഫ് ജവാന്‍ അജിത് കുമാറിന്റെ വിലാപയാത്രയില്‍ ബി.ജെ.പി എം.പി സാക്ഷി മഹാരാജ് തെരഞ്ഞെടുപ്പ് റോഡ് ഷോയിലെന്ന പോലെയാണ് പെരുമാറിയിരുന്നത്. മൃതദേഹത്തിന്റെ അടുത്ത് നിന്ന് ചിരിച്ചും വിലാപയാത്രയെ പ്രതീക്ഷിച്ച് നിന്ന ജനങ്ങളെ കൈവീശിക്കാണിച്ചിട്ടുമായിരുന്നു സാക്ഷി മഹാരാജ് വിലാപയാത്രയില്‍ പങ്കെടുത്തത്

വയനാട് സ്വദേശി വസന്ത കുമാറിന്റെ ഭൗതിക ശരീരത്തിന് സമീപത്ത് വെച്ച് സെല്‍ഫിയെടുത്ത കണ്ണന്താനത്തിന്റെ നടപടിയും വിമര്‍ശനത്തിന് കാരണമായിരുന്നു.