മുംബൈ: തങ്ങളുടെ മുന്‍ സഖ്യ കക്ഷിയായിരുന്ന ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേനാ അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ. ബി.ജെ.പിയുമായുള്ള സഖ്യത്തിലെ 25 വര്‍ഷം പാഴായിപ്പോയെന്നും ശിവസേനയെ സ്വന്തം വീട്ടില്‍വച്ച് തകര്‍ക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.
ശിവസേനയെ ഒറ്റുകൊടുക്കുകയും നശിപ്പിക്കാന്‍ ശ്രമിക്കുകനുമാണ് ബി.ജെ.പി ശ്രമിച്ചത്. ബി.ജെ.പിയുടെ അവസരവാദ ഹിന്ദുത്വ അധികാരത്തിന് വേണ്ടി മാത്രമുള്ളതാണ് എന്നാണ് തന്റെ വിശ്വാസമെന്നും താക്കറെ പറഞ്ഞു. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ 96ാം ജന്‍മവാര്‍ഷികത്തില്‍
ശിവസേനാ പ്രവര്‍ത്തകരുടെ വിര്‍ച്വല്‍ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ദേശീയ തലത്തില്‍ ബി.ജെ.പി നയിക്കുകയും മഹാരാഷ്ട്ര ശിവ സേന നോക്കുകയും ചെയ്യട്ടെ എന്നായിരുന്നു ഇരു പാര്‍ട്ടികളും തമ്മിലുണ്ടാക്കിയ ധാരണ. എന്നാല്‍ അവര്‍ ഞങ്ങളെ വഞ്ചിച്ച് സ്വന്തം വീട്ടില്‍ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചു. അതുകൊണ്ട് തിരിച്ചടിക്കേണ്ടി വന്നു,’ താക്കെറെ പറഞ്ഞു.
മഹാരാഷ്ട്രയ്ക്ക് പുറത്ത് ദേശീയ തലത്തില്‍ ശിവസേനയുടെ പങ്ക് വിപുലീകരിക്കാന്‍ ശ്രമിക്കും. ശിവസേന, അകാലിദള്‍ തുടങ്ങിയ ഘടകകക്ഷികള്‍ ഇറങ്ങിപ്പോയ സാഹചര്യത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണി ചുരുങ്ങിപ്പോയെന്നും താക്കറെ പറഞ്ഞു.
അധികാരത്തിലൂടെ ഹിന്ദുത്വ അജണ്ടയെ മുന്നോട്ടു നയിക്കുകയായിരുന്നു ശിവസേന. അധികാരത്തിന് വേണ്ടി ശിവസേന ഒരിക്കലും ഹിന്ദുത്വത്തെ ഉപയോഗിച്ചിട്ടില്ല. ഹിന്ദുത്വയുടെ ശക്തിക്കു വേണ്ടിയാണ് ശിവസേന ബി.ജെ.പിക്കൊപ്പം ചേര്‍ന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ ദേശീയ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ബി.ജെ.പി തങ്ങളെ ചതിച്ചതുകൊണ്ടും തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തിയതുകൊണ്ടുമാണ് 2019ല്‍ സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും ചേര്‍ന്ന് സഖ്യമുണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: ‘Wasted’ 25 years with BJP, they tried to destroy us in our home: Uddhav Thackeray