വടകര: ഉയര്‍ന്ന ജനസാന്ദ്രതയും ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണവും കോഴിക്കോട് ജില്ലയിലെ തന്നെ രണ്ടാമത്തെ വലിയ നഗരമായ വടകരയുടെ മാലിന്യ പ്രശ്നങ്ങള്‍ സജീവമായി നിര്‍ത്തുന്നതിന് കാരണമായിട്ടുണ്ട്. വടകര നഗരത്തിലെ വ്യവസായ ശാലകളില്‍ നിന്നും കടകളില്‍ നിന്നും പുറംതള്ളുന്ന ദ്രവമാലിന്യങ്ങള്‍ കടലിനോട് ചേര്‍ന്ന് കിടക്കുന്ന, പ്രത്യേകിച്ച് കരിമ്പനപ്പാലം നിവാസികളുടെ ദൈനംദിന ജീവതത്തെ ഏറെ ബാധിക്കുന്നതായാണ് പരാതി. മാലിന്യനിര്‍മ്മാര്‍ജനത്തില്‍ നഗരസഭയുടെ കൃത്യമായ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും നിലനില്‍ക്കേ തോടുകളിലേക്ക് ദ്രവമാലിന്യങ്ങള്‍ ഒഴുക്കിവിടുന്ന ആറ് കടകള്‍ക്കെതിരെ നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടപടി എടുത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ നഗരത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താല്‍ നടത്തിയിരുന്നു. നഗരത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികളെയായിരുന്നു ഇത് ബാധിച്ചത്.
നഗരത്തിലെ ചാലുകളിലൂടെ ഒഴുകുന്ന വെള്ളം കടലിലേക്കെത്തുന്നത് പ്രധാനമായും കരിമ്പനപ്പാലം തോടു വഴിയാണ്. നഗരസഭയിലെ ജനങ്ങളുടെ ആരോഗ്യവും കരിമ്പനപ്പാലം നിവാസികളുടെ ജീവിതത്തേയും ബാധിക്കുന്ന രീതിയിലുള്ള മാലിന്യം പുറം തള്ളല്‍ ഒരു തരത്തിലും അനുവദിക്കാന്‍ കഴിയില്ലെന്ന് 39ാം വാര്‍ഡ് മെമ്പറും നഗരസഭാ കൗണ്‍സിലറും വടകര മുനിസിപ്പാലിറ്റി ആരോഗ്യ കമ്മിറ്റി സ്റ്റാന്‍ഡിങ്ങ് ചെയര്‍മാനുമായ ഗിരീഷന്‍ പി.കെ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“നഗരവല്‍ക്കരണത്തിന് മുമ്പ് ശക്തമായ വേലിയേറ്റങ്ങളായിരുന്നു കരിമ്പനപ്പാലം നിവാസികള്‍ നേരിട്ടിരുന്ന പ്രധാന ഭീഷണി. ഡിസംബര്‍ മാസങ്ങളിലുണ്ടാകുന്ന ഇത്തരം വേലിയേറ്റങ്ങള്‍ പ്രദേശത്തെ കുളങ്ങളിലെയും കിണറുകളിലേയും വെള്ളം ഉപയോഗശൂന്യമാക്കും. ലവണാശം കൂടിയ മണ്ണില്‍ മരങ്ങളും വളരില്ലായിരുന്നു. ആദ്യമൊക്കെ കര്‍ഷകര്‍ ചേര്‍ന്ന് താല്‍കാലിക ബണ്ടുകളും മറ്റും കെട്ടി വെള്ളം കയറുന്നത് തടഞ്ഞു നിര്‍ത്താറായിരുന്നു പതിവ്”.
“ഇതിനൊരു ശ്വാശത പരിഹാരമെന്ന നിലക്ക് 2001ല്‍ ജനകീയാസൂത്രണം വഴി ഇവിടം ചീര്‍പ്പു നിര്‍മ്മിക്കാന്‍ പദ്ധതിയായി. ഒരു വര്‍ഷം കൊണ്ടുതന്നെ 23 ലക്ഷം രൂപ ചിലവിട്ട് ചീര്‍പ്പു നിര്‍മ്മാണം പൂര്‍ത്തിയാക്കി. നവംബര്‍ മാസത്തോടെ ചീര്‍പ്പ് തുറന്നു വിടുന്നതോടെ ഉപ്പു വെള്ളം കേറുന്ന പ്രശ്നത്തിന് പരിഹാരമായി”- ഗീരിഷന്‍ പറഞ്ഞു.
ചീര്‍പ്പു നിര്‍മ്മാണം തങ്ങളെ വലിയ തോതില്‍ സഹായിച്ചതായി കരിമ്പന സ്വദേശികള്‍ സാക്ഷ്യപ്പെടുത്തുന്നു. “2004ലുണ്ടായ സുനാമിയില്‍ നിന്നും വടകരയെ വലിയ തോതില്‍ രക്ഷിച്ചത് ഈ ചീര്‍പ്പായിരുന്നു. എന്നാല്‍ സുനാമിയില്‍ ചീര്‍പ്പിന്റെ കുറച്ചു ഷട്ടറുകള്‍ തകര്‍ന്നു പോയിരുന്നു. പിന്നീട് പക്ഷെ ചീര്‍പ്പ് അടക്കുന്നതോടെ നഗരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഇവിടെ വന്ന് അടിയാന്‍ തുടങ്ങി. ഉപ്പു വെള്ളത്തേക്കാളും അപകടകരമായിരുന്നു ഇത്. പ്രദേശവാസികള്‍ക്ക് പകര്‍ച്ചവ്യാധികളും മറ്റും വരാനും ഇത് കാരണമായി കരിമ്പന സ്വദേശി സുരേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“ദ്രുദഗതിയിലുണ്ടായ നഗരവല്‍ക്കരണം മൂലം വടകരയില്‍ നിന്നും ഒഴുകിവരുന്ന മാലിന്യങ്ങളുടെ അളവ് വര്‍ധിച്ചു. ഇതോടെ ചീര്‍പ്പ് അടച്ചു കഴിഞ്ഞാല്‍ തോടുകളില്‍ മാലിന്യം കുന്നുകൂടുന്ന അവസ്ഥയുണ്ടായി. ചീര്‍പ്പ് തുറക്കണോ അടക്കണോ എന്ന തര്‍ക്കം ജനങ്ങള്‍ക്കിടയിലുണ്ടായി. അടച്ചു കഴിഞ്ഞാല്‍ മാലിന്യ പ്രശ്നവും, തുറന്നു കഴിഞ്ഞാല്‍ ഉപ്പു വെള്ളം കയറുന്ന സ്ഥിതിയും ഉണ്ടായി. വടകരയെ പൂര്‍ണ്ണമായും മാലിന്യമുക്തമാക്കലായിരുന്നു ഇതിനുള്ള പരിഹാരം” ഗിരീഷന്‍ പറഞ്ഞു.
“മുമ്പും വടകരയില്‍ മാലിന്യനിര്‍മ്മാര്‍ജന പദ്ധതികള്‍ നടപ്പിലാക്കിയിരുന്നെങ്കിലും കൃത്യമായി മുന്നോട്ടു കൊണ്ടു പോകുന്നതില്‍ ഇവ പരാജയപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്‍ വന്നതോടെയാണ് വടകരയുടെ മാലിന്യനിര്‍മാര്‍ജനത്തിന് പുത്തനുണര്‍വുണ്ടായത്.
“അങ്ങനെയാണ് വടകരയെ പൂര്‍ണ്ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പരിഷത്തിന്റെ സഹായത്തോടെ പരിസ്ഥിതി പ്രവര്‍ത്തകനായ മണലില്‍ മോഹനന്റെ വിദഗ്ദ നിര്‍ദേശങ്ങളുള്‍ക്കൊണ്ട് ക്ലീന്‍ സിറ്റി ഗ്രീന്‍ സിറ്റി, സീറോ വേസ്റ്റ് വടകര എന്ന പദ്ധതിക്ക് രൂപം കൊടുക്കുന്നത്. നഗരസഭയിലെ എല്ലാ വീടുകളിലേയും മാലിന്യങ്ങള്‍ ശേഖരിച്ച് തരം തിരിച്ച് കയറ്റി അയക്കുക, കടകളില്‍ പ്ലാസ്റ്റികിന്റെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നിങ്ങനെയാരുന്നു അതിന്റെ ഉദ്ദേശ്യം”.
Also Read ശബരിമലയിലേത് കുട്ടിച്ചാത്തന്‍ ; ഇപ്പോള്‍ നടക്കുന്നതെല്ലാം ആചാര ലംഘനം; ആര്‍ രാമാനന്ദ് സംസാരിക്കുന്നു
“മാലിന്യത്തിന്റെ അളവ് കുറക്കുന്നതോടൊപ്പം 62 പേര്‍ക്ക് മാലിന്യ നിര്‍മാര്‍ജനത്തിലും മറ്റിതര മേഖലകളിലും വിദഗ്ദ പരിശീലനം നല്‍കി ജോലി നല്‍കുകയും ചെയ്യാന്‍ പറ്റി ഇതിലൂടെ. 2018 ജനുവരി ഒന്നു മുതലാണ് ഈ പദ്ധതി പ്രാബല്യത്തില്‍ വന്നത്. വടകര നഗരസഭയിലെ മുസ്ലിം ലീഗിന്റെ 39ാം വാര്‍ഡ് ഒഴികെ ബാക്കിയെല്ലാ വാര്‍ഡുകളും ഈ പദ്ധതിയുമായി സഹകരിച്ചു വരുന്നുണ്ട്”- അദ്ദേഹം പറഞ്ഞു.
“പ്രാവര്‍ത്തിക തലത്തില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. കൃത്യമായ ബോധവല്‍കരണത്തിലൂടെ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പിച്ചെങ്കിലും ലഭിക്കുന്ന മാലിന്യങ്ങള്‍ തരം തിരിക്കാനും സൂക്ഷിച്ചു വെക്കാനും സ്ഥലം ആവശ്യമുണ്ടായിരുന്നു. പഴയ കെ.എസ്.ആര്‍.ടി.സി ടിപ്പോ ഉപയോഗശൂന്യമായി ഒഴിഞ്ഞു കിടന്നിടത്ത് തുടങ്ങാനിരുന്നപ്പോള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മറ്റു പാര്‍ട്ടികള്‍ അതിന് തടസ്സം നിന്നു.
Also Read ഫാഷിസ്റ്റ് കാലത്തെ മാധ്യമപ്രവര്‍ത്തനം-കാരവന്‍ എഡിറ്റര്‍ വിനോദ് ജോസ് സംസാരിക്കുന്നു
“പിന്നീടാണ് നാരായണനഗരതത്തിലെ ഉപയോഗശ്യൂന്യമായി കിടന്ന മത്സ്യഫെഡിന്റെ കെട്ടിടത്തിലേക്ക് ഇത് മാറ്റുന്നത്. ലോറി സമരം വന്നപ്പോള്‍ മാലിന്യം കയറ്റിയയക്കാന്‍ പറ്റാത്ത സ്ഥിതി വന്നപ്പോള്‍ ഇവിടെ മാലിന്യം കുന്നുകൂടിയ പ്രശ്നമുണ്ടായിരുന്നു. പിന്നീട് എല്ലാ വാര്‍ഡുകളിലും അഞ്ചു വീതം താല്‍കാലിക കേന്ദ്രങ്ങളിലും കൂടെ മാലിന്യം ശേഖരിക്കാന്‍ തുടങ്ങി”
“എത്ര സൂക്ഷിച്ചാലും വീട്ടില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പെരുകുന്ന അവസ്ഥയായിരുന്നു. കൊതുകു ശല്യവും മറ്റും ഇതു കാരണം ഉണ്ടാവാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൃത്യമായി മാലിന്യം ശേഖരിക്കാന്‍ ആളുകള്‍ എത്തുന്നതിനാല്‍ ഇതിന് നല്ല രീതിയില്‍ മാറ്റമുണ്ട്. വേസ്റ്റ് കൊണ്ടുപോകുന്നതിനും സംസ്‌കരണത്തിനുമായി അമ്പത് രൂപ നല്‍കണം”- കോട്ടക്കടവ് സ്വദേശി റീന ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“വീടുകളില്‍ നിന്നും മറ്റും ശേഖരിച്ച മാലിന്യങ്ങള്‍ കയറ്റി അയക്കാന്‍ ഭീമമായ തുക ആവശ്യമായിരുന്നു തുടക്കത്തില്‍. മൈസൂരിലെ ചൂളകളിലേക്കായിരുന്നു കൂടുതലായും ഇവ കയറ്റി അയച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രാദേശിക ആവശ്യങ്ങള്‍ക്കു തന്നെ ഈ മാലിന്യങ്ങള്‍ ഉപയോഗിക്കുകയും ഇതില്‍ നിന്ന് ഒരു വരുമാനം ഉണ്ടാവുന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തിയിട്ടുണ്ട്”
“കോഴിക്കോടും മറ്റുമുള്ള നിര്‍മ്മാണ പദ്ധതികള്‍ക്ക് ഇവിടെ നിന്നും ഉപേയാഗിക്കാന്‍ പറ്റുന്ന പ്ലാസ്റ്റിക്കുകള്‍ അയക്കുന്നുണ്ട്. ഈ പദ്ധതിക്ക് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആരോഗ്യരംഗത്തും മാറ്റങ്ങളുണ്ടായിട്ടുണ്ട്. പകര്‍ച്ചവ്യാധികളും മറ്റും വലിയ അളവില്‍ കുറച്ചുകൊണ്ടുവരുന്നതിന് ഈ പദ്ധതി നിര്‍ണ്ണായകമാണ്”- ഗിരീഷന്‍ പറഞ്ഞു.
Also Read മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയത് അറിഞ്ഞിട്ടില്ല: മാത്യു.ടി.തോമസ്
എന്നാല്‍ ഈ നേട്ടങ്ങളും പരിശ്രമങ്ങളും റദ്ദ് ചെയ്യുന്ന തരത്തിലാണ് നഗരങ്ങളിലെ ചില ഹോട്ടലുകളുടേയും കടകളുടേയും പ്രവര്‍ത്തനം എന്നദ്ദേഹം പറഞ്ഞു. വലിയ കടകള്‍ക്ക് തീര്‍ച്ചയായും വേണ്ട മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യാതെ കക്കൂസു മാലിന്യങ്ങളും മറ്റും നേരിട്ട് ഓവു ചാലിലേക്ക് ഒഴിക്കു വിടുന്നതാണ് പ്രവണതയെന്നും പരിശോധന നടത്തിയ ചില സ്ഥാപനങ്ങളില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് കൂടാതെ ചാലുകളിലേക്ക് മാലിന്യം നേരിട്ട് ഒഴുക്കി വിടുന്നതിനായി പ്രത്യേകം പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ടെുന്നും അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞു. ഈ പെപ്പുകള്‍ നീക്കം ചെയ്യുക, ശുചീകരണപ്ലാന്റ് സ്ഥാപിക്കുക എന്നിവയാണ് നഗരസഭയുടെ ആവശ്യം.
അതേസമയം പൊലീസിന്റെ ഔചിത്യരഹിതമായ നടപടി പാകം ചെയ്ത ഭക്ഷണസാധനങ്ങള്‍ പോലും ഉപയോഗ്യശൂന്യമാക്കി എന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ആരോപിച്ചു. പൊലീസ് നടപടിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായും അവര്‍ അറിയിച്ചു. മര്‍ച്ചന്റ് അസോസിയേഷന്റെ പിന്തുണയോടുകൂടിയായിരുന്നു ഇന്നലെ നടന്ന ഹര്‍ത്താല്‍.
Image Credits: Kauthuk