തൃശൂര്‍ നഗരത്തിലെ 51 ടണ്‍ മാലിന്യം പോലീസ് സംരക്ഷണയില്‍ സേലത്തെത്തിച്ചു
Kerala
തൃശൂര്‍ നഗരത്തിലെ 51 ടണ്‍ മാലിന്യം പോലീസ് സംരക്ഷണയില്‍ സേലത്തെത്തിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st July 2012, 1:22 pm

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ മാലിന്യം പോലീസ് സംരക്ഷണത്തോടെ സേലത്തെത്തിച്ചു. അന്‍പത്തൊന്ന് ടണ്‍ മാലിന്യമാണ് സേലത്തേക്ക് കയറ്റിവിട്ടത്.

ഇന്നലെ രാത്രി പത്തരയോടെയാണ് നഗരത്തില്‍ കഴിഞ്ഞ ആറു മാസമായി ചീഞ്ഞളിഞ്ഞു കിടന്നിരുന്ന മാലിന്യം മൂന്നു ലോറികളിലായി സേലത്തേക്ക് കൊണ്ടുപോയത്. []

വെയിംഗ് ബ്രിഡ്ജില്‍ തൂക്കം നോക്കിയതിനുശേഷമായിരുന്നു മാലിന്യ ലോറികള്‍ തൃശൂര്‍ വിട്ടത്. മാലിന്യം കൊണ്ടുപോകുന്നത് തടയുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് മേയര്‍, ഐ.ജിയുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ അതിര്‍ത്തിവരെ മാലിന്യ ലോറികള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

മേയര്‍ ഐ.പി. പോള്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗം സതീഷ് അപ്പുക്കുട്ടന്‍, സദാനന്ദന്‍ വാഴപ്പിള്ളി തുടങ്ങിയവര്‍ സ്ഥലത്തെത്തി മേല്‍നോട്ടം വഹിച്ചു.

ദിനംപ്രതി അഞ്ഞൂറ് ടണ്ണില്‍ കുറയാത്ത മാലിന്യം സേലത്തെ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമാണ്. ഇതിനായി മാലിന്യം കിട്ടുന്നിടത്തുനിന്നൊക്കെയും എത്തിക്കാന്‍ ബ്രോക്കര്‍മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് കോര്‍പറേഷന്റെ മാലിന്യവും സേലത്തെത്തിക്കുന്നുണ്ട്. സേലത്തെത്തുന്ന മാലിന്യം ജൈവവളമാക്കി വിറ്റഴിക്കുകയാണ് അവര്‍ ചെയ്യുന്നത്.

തൃശൂര്‍ നഗരത്തില്‍ മാലിന്യം കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് തൃശൂര്‍ കോര്‍പറേഷനിലേക്ക് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഇന്നു നടത്താനിരുന്ന മാര്‍ച്ച് മുന്നില്‍ക്കണ്ടാണ് രാത്രിതന്നെ മേയറുടെ നേതൃത്വത്തില്‍ മാലിന്യം സേലത്തേക്ക് കയറ്റിവിട്ടത്.

ടണ്ണിന് 2,700 രൂപ നല്‍കി മാലിന്യം കയറ്റിവിടാനാണ് തൃശൂര്‍ കോര്‍പറേഷന്‍ അടിയന്തര കൗണ്‍സില്‍ യോഗം അനുമതി നല്‍കിയിരിക്കുന്നത്. ആഴ്ചയില്‍ 400 ടണ്‍ മാലിന്യമെങ്കിലും നല്‍കണമെന്നാണ് കരാര്‍. നഗരത്തില്‍ കിടക്കുന്ന മാലിന്യം തികഞ്ഞില്ലെങ്കില്‍ ലാലൂരിലെ മാലിന്യം നല്‍കാനാണ് ധാരണ.

അതിനിടെ മാലിന്യം കൊണ്ടുപോകുന്നതില്‍ അഴിമതിയുണ്ടെന്നുള്ള ആരോപണവുമായി സി.പി.ഐ.എം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരം ആരോപണങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് മേയര്‍ പറഞ്ഞു.