പൊതുസ്ഥലത്ത് വന്‍തോതില്‍ മാലിന്യ നിക്ഷേപം; ബിഗ്ബാസാറിനെ നഗരസഭ കയ്യോടെ പിടികൂടി
Daily News
പൊതുസ്ഥലത്ത് വന്‍തോതില്‍ മാലിന്യ നിക്ഷേപം; ബിഗ്ബാസാറിനെ നഗരസഭ കയ്യോടെ പിടികൂടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th March 2016, 8:22 pm

തിരുവനന്തപുരം: പൊതു സ്ഥലത്തും സ്വകാര്യ വ്യക്തിയുടെ പറമ്പിലുമായി വന്‍തോതില്‍ മാലിന്യം നിക്ഷേപിച്ച ബിഗ്ബസാറിനെതിരെ നഗരസഭ നടപടി. തിരുമല കൊങ്കളം നാഗരുകാവിന് സമീപത്തുള്ള സ്ഥലത്താണ് കേശവദാസപുരം ബിഗ്ബാസാറില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിച്ചത്. അഞ്ച് ലോഡോളം വരുന്ന മാലിന്യങ്ങള്‍ ഈ സ്ഥലത്തുണ്ടായിരുന്നു.

നഗരസഭാ മേയര്‍ അഡ്വ. വി.കെ പ്രശാന്ത്, ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ ശ്രീകുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു, തിരുമല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. മോഹനചന്ദ്രന്‍, പുന്നയ്ക്കാമുഗള്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.പി ശിവജി എന്നിവര്‍ സ്ഥലത്തെത്തിയതിന് ശേഷമാണ് നടപടികള്‍ സ്വീകരിച്ചത്. അനധകൃതമായി മാലിന്യം നിക്ഷേപിച്ച ബിഗ് ബാസാര്‍ അധികൃതരെ സ്ഥലത്ത് വിളിച്ച് വരുത്തുകയും 25,000 രൂപ പിഴുചുമത്തുകയും ചെയ്തു.

പഴയ സാധനങ്ങള്‍ സ്വീകരിച്ച് പകരം ഡിസ്‌കൗണ്ട് കൂപ്പണുകള്‍ നല്‍കുന്ന പദ്ധതി പ്രകാരം ശേഖരിച്ച സാധനങ്ങളാണ് ബിഗ് ബസാര്‍ രാത്രിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് നിക്ഷേപിച്ചത്. ഇവരെ കൊണ്ടുതന്നെ മാലിന്യങ്ങള്‍ സ്ഥലത്ത് നിന്നും മാറ്റുന്ന നടപടികളും നഗരസഭ സ്വീകരിച്ചു.നാളെ ഉച്ചയോടെ സ്ഥലത്ത് നിന്നും മാലിന്യം നീക്കാന്‍ സാധിക്കുമെന്ന് നഗരസഭാമേയര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

പഴയ സാധനങ്ങള്‍ സ്വീകരിച്ച് പകരം ഡിസ്‌കൗണ്ടില്‍ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കുന്ന പഴയ സാധനങ്ങള്‍ എങ്ങിനെയാണ് ഒഴിവാക്കുന്നതെന്ന് നഗരസഭയെ ബോധ്യപ്പെടുത്തണമെന്നും മേയര്‍ ഉത്തരവിട്ടു. വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നഗരസഭ മേയര്‍ അറിയിച്ചു.