പത്തനംതിട്ട: ശബരിമല സന്നിധാനത്തും പമ്പയിലും തീര്‍ഥാടന മേഖലകളിലും മാലിന്യം വലിച്ചെറിയുന്നത് ജില്ലാ കളക്ടര്‍ നിരോധിച്ചു. നിരോധനം ലംഘിക്കുന്നവരെ ഇന്ത്യന്‍ പീനല്‍കോഡ് 188 വകുപ്പ് പ്രകാരം ഒരു മാസം തടവോ ആയിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷിക്കും.[]
ജില്ലാ പോലീസ് മേധാവി, തിരുവല്ല, അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ദേവസ്വം കമ്മീഷണര്‍, റാന്നി ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പത്തനംതിട്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍, റാന്നി- പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെ ഉത്തരവ് നടപ്പാക്കുന്നതിന് ചുമതലപ്പെടുത്തി.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മാതാ അമൃതാനന്ദമയീമഠം, അഖില ഭാരതീയ അയ്യപ്പസേവാ സംഘം, സത്യസായി സേവാ സമിതി, ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റി, വന സംരക്ഷണ സമിതി, എന്‍.എസ്.എസ്യൂണിറ്റ്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെ മൂന്ന് മുതല്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും മറ്റ് തീര്‍ഥാടന മേഖലകളിലും നടത്തിയ ശുചീകരണ യജ്ഞം പൂര്‍ത്തിയായി.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളെല്ലാം ഈ സ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്ത് ശുചീകരിച്ചു കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ തീര്‍ഥാടന മേഖല ശുചിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.