| Thursday, 22nd November 2018, 7:19 pm

രഞ്ജിയില്‍ പതിനൊന്നായിരം തികച്ച് വസീ ജാഫര്‍; ഈ പ്രകടനം കൊണ്ട് കാര്യമില്ലെന്നും താരം

സ്പോര്‍ട്സ് ഡെസ്‌ക്

നാഗ്പൂര്‍: രഞ്ജി ക്രിക്കറ്റില്‍ 11,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമായിരിക്കുകയാണ് വസീം ജാഫര്‍. ബറോഡയ്‌ക്കെതിരെ 97 ലെത്തിയപ്പോഴാണ് കരിയറിലെ നിര്‍ണായക നാഴികക്കല്ല് വസീം ജാഫര്‍ പിന്നിട്ടത്. മത്സരത്തില്‍ 153 റണ്‍സെടുത്ത താരം ഫസ്റ്റ്ക്ലാസില്‍ 53 സെഞ്ചുറിയും തികച്ചു. രഞ്ജിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവും വസീം തന്നെയാണ്.

എന്നാല്‍ രഞ്ജിയില്‍ എത്രനല്ല പ്രകടനം പുറത്തെടുത്താലും ഇന്ത്യന്‍ ടീമില്‍ നിലനില്‍ക്കാന്‍ ആകില്ലെന്നാണ് വസീം ജാഫറിന്റെ അഭിപ്രായം. അതിന് പണക്കൊഴുപ്പിന്റെ ഐ.പി.എല്‍ തന്നെ കളിക്കണമെന്നും താരം പറയുന്നു. രഞ്ജിയിലെ പ്രകടനത്തില്‍ ഏറിപ്പോയാല്‍ ഇന്ത്യ എ ടീം വരെ സാധ്യത തുറക്കുകയുള്ളുവെന്നും താരം വിമര്‍ശിച്ചിരുന്നു.

ALSO READ: ജര്‍മനിക്കെതിരെ ഓറഞ്ച് പടയുടെ തിരിച്ചുവരവൊരുക്കിയത് റൊണാള്‍ഡ് കോമന്റെ നിര്‍ണായക നീക്കം

ഓപ്പണിങ് ബാറ്റ്‌സ്മാനായ വസീം ജാഫര്‍ ഇന്ത്യയ്ക്കായി ആകെ കളിച്ചത് 31 ടെസ്റ്റുകള്‍ മാത്രമാണ്. ഇതില്‍ 48 ശരാശരിയില്‍ 1944 റണ്‍സെടുത്തു. രണ്ട് ഡബിള്‍ സെഞ്ചുറിയും 5 സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. പക്ഷെ തുടര്‍ന്ന് അവസരം ലഭിച്ചില്ല. വസീം ജാഫറിനെപ്പോലെ ഐ.പി.എല്‍ വന്നതിന് ശേഷം ഇന്ത്യന്‍ ദേശീയ ടീമില്‍ ഇടം നേടാന്‍ ആകാത്ത നിരവധി മികവുറ്റ താരങ്ങള്‍ ആഭ്യന്തര ലീഗില്‍ കളിക്കുന്നുണ്ട്.

കേരളത്തിന്റെ ജലജ് സക്‌സേനയെ പോലെ നിരവധി കഴിവുറ്റ താരങ്ങള്‍ രഞ്ജിയില്‍ കളിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് ഇവര്‍ക്ക് സാധ്യത തെളിയുന്നില്ല. ഒരുകാലത്ത് ഇന്ത്യന്‍ ടീമിലേക്കുള്ള മാനദണ്ഡം രഞ്ജി ആയിരുന്നെങ്കില്‍ ഇന്നത് ഐ.പി.എല്ലായി മാറി. ഇതോടെ ആഭ്യന്തര ക്രിക്കറ്റില്‍ കഴിവ് തെളിയിച്ച താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള സാധ്യത അടഞ്ഞെന്നും ക്രിക്കറ്റ് നിരൂപകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള ആദ്യ പരിഗണനയായി ഐ.പി.എല്‍ ആയതോടെ സാങ്കേതികത്തികവുള്ള ടെസ്റ്റ് താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more