'അടികൊള്ളുമെന്നോര്‍ത്ത് തല്ലുമാല വേണ്ടെന്ന് വെച്ചു'
അടികൊള്ളണമല്ലോ എന്നോര്‍ത്താണ് തല്ലുമാലയിലെ അവസരം വേണ്ടെന്ന് വെച്ചതെന്ന് നടന്‍ അഭിരാം രാധാകൃഷ്ണന്‍. ചിത്രത്തിന്റെ സംവിധായകന്‍ ഖാലിദ് റഹ്മാന്‍ വളരെ അടുത്ത സുഹൃത്താണെന്നും എന്നാല്‍ തല്ലുമാലയിലെ കാര്യം വന്നപ്പോള്‍ പടം വേണ്ടെന്ന് വെക്കുകയായിരുന്നെന്നും അഭിരാം പറഞ്ഞു. തല്ലുമാലയില്‍ അഭിനയിച്ചവരെല്ലാം കൃത്യമായ ചര്യ പാലിച്ച് പോരുന്നവരാണെന്നും തനിക്കങ്ങനെ സാധിക്കില്ലെന്ന് റഹ്മാന് നന്നായിട്ടറിയാമെന്നും അഭിരാം പറഞ്ഞു. കാന്‍ ചാനല്‍ മീഡിയയില്‍ കാസര്‍ഗോള്‍ഡിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുമ്പോഴാണ് അഭിരാം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘റഹ്മാന്‍ അത്രയും അടുത്ത സുഹൃത്താണ്. തല്ലുമാലയില്‍ ഉണ്ടായിരുന്നവര്‍ക്കൊപ്പം നേരത്തെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഉണ്ടയിലാണ് ഒരു ആക്ടര്‍ എന്ന നിലയില്‍ ആളുകള്‍ എന്നെ തിരിച്ചറിയുന്നത്. അത് റഹ്മാന്‍ തന്ന അവസരമാണ്.
പക്ഷെ തല്ലുമാലയുടെ കാര്യം വന്നപ്പോള്‍ മാനസികമായി വേണ്ടെന്ന് വെച്ചതാണ്. എനിക്ക് അടി കൊള്ളാന്‍ വയ്യ, കൊടുക്കാനും പറ്റില്ല. അത് ത്രൂ ഔട്ട് അങ്ങനെയൊരു പടമാണ്. അതില്‍ അഭിനയിച്ച എല്ലാവരും കൃത്യമായ ഒരു ചര്യ പാലിച്ചിട്ടാണ് പോയത്. വര്‍ക്ക് ഔട്ട് ഒക്കെ ചെയ്ത് അത്രയും ഡിസിപ്ലിന്‍ഡ് ആയിട്ടാണ് അവരെല്ലാം അതിനെ അപ്രോച്ച് ചെയ്തത്. എന്റെ ലൈഫ് സ്റ്റൈലും മറ്റ് തിരക്കുകളൊക്കെ വെച്ച് എനിക്കത്രയും ഡിസിപ്ലിന്‍ഡ് ആയിട്ട് നില്‍ക്കാന്‍ പറ്റില്ല.
ഫ്രണ്ട് എന്ന നിലയില്‍ എന്നെ നന്നായിട്ട് അറിയാവുന്നതോണ്ട് ഞാന്‍ ഇതിന് തയ്യാറാവില്ലെന്ന് റഹ്മാന് അറിയാമായിരുന്നു. അതുകൊണ്ടാണ്, അതല്ലാതെ അതൊരു കോണ്‍ട്രോവേര്‍ഷ്യല്‍ വിഷയമല്ല,’ അഭിരാം പറഞ്ഞു.
കാസര്‍ഗോള്‍ഡാണ് അഭിരാം രാധാകൃഷ്ണന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാസര്‍ഗോള്‍ഡ്. ആസിഫ് അലി, സണ്ണി വെയിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍, സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോല്‍ ധ്രുവന്‍,അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Content Highlights: Wasn’t ready to act in the movie Thallumala says Abhiram Radhakrishnan