| Tuesday, 20th July 2021, 12:17 pm

കോഹ്‌ലിയ്ക്കും രോഹിതിനുമിടയില്‍ അറിയപ്പെടാതെ പോകുന്ന കരിയര്‍; ധവാനെ പിന്തുണച്ച് വസീം ജാഫര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: വരാനിരിക്കുന്ന ടി-20 ലോകകപ്പിലും 2023 ഏകദിന ലോകകപ്പിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓപ്പണര്‍മാരിലൊരാള്‍ ശിഖര്‍ ധവാന്‍ തന്നെയായിരിക്കണമെന്ന് മുന്‍താരം വസീം ജാഫര്‍. അതുല്യപ്രതിഭകളായ വിരാട് കോഹ്‌ലിയുടേയും രോഹിത് ശര്‍മ്മയുടേയും ഇടയില്‍ അധികം പ്രശംസിക്കപ്പെടാതെ പോകുന്ന കരിയറാണ് ധവാന്റേതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഐ.പി.എല്‍. പ്രകടനം നോക്കിയാല്‍ ധവാന്റെ സ്ഥിരത മനസിലാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഓപ്പണിംഗ് സ്ഥാനത്ത് രോഹിത് ശര്‍മ്മയുടെ റോള്‍ ഭദ്രമാണ്. മറുവശത്തേക്ക് രാഹുല്‍, പൃഥ്വി ഷാ തുടങ്ങിയവരുടെ പേരുമുണ്ട്. പക്ഷെ ധവാന്റെ പേര് മാറ്റിനിര്‍ത്തരുത്,’ വസീം ജാഫര്‍ പറഞ്ഞു.

2020 ഐ.പി.എല്‍. സീസണില്‍ 618 റണ്‍സ് നേടി റണ്‍വേട്ടക്കാരില്‍ രണ്ടാമതായിരുന്നു ധവാന്‍. കൊവിഡ് കാരണം പാതിവഴിയില്‍ മുടങ്ങിയ 2021 ഐ.പി.എല്‍. സീസണില്‍ 380 റണ്‍സുമായി ഒന്നാം സ്ഥാനത്താണ് ധവാന്‍.

മാത്രമല്ല വീരേന്ദ്ര സെവാഗ്, ഗൗതം ഗംഭീര്‍, യുവരാജ് സിംഗ് തുടങ്ങിയ ബാറ്റിംഗ് പ്രതിഭകളേക്കാള്‍ കൂടുതല്‍ സെഞ്ച്വറി ഏകദിനത്തില്‍ ധവാന്റെ പേരിലുണ്ടെന്നും വസീം ജാഫര്‍ ഓര്‍മ്മിപ്പിച്ചു.

17 സെഞ്ച്വറിയാണ് ഏകദിനത്തില്‍ ധവാന്‍ നേടിയിട്ടുള്ളത്. സെവാഗിന് 15 ഉം ഗംഭീറിന് 11 ഉം യുവരാജിന് 14 ഉം സെഞ്ച്വറിയാണുള്ളത്. ഐ.സി.സി. ടൂര്‍ണ്ണമെന്റുകളില്‍ ധവാനുള്ള പരിചയം മുതല്‍ക്കൂട്ടാവുമെന്നും വസീം ജാഫര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Wasim Jaffer wants India to consider Shikhar Dhawan for World Cup spot Rohit Sharma Virat Kohli

We use cookies to give you the best possible experience. Learn more