ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് മത്സരത്തില്‍ മികച്ച ജയം കരസ്ഥമാക്കാന്‍ ദക്ഷിണാഫ്രിക്കക്ക് സാധിച്ചിരുന്നു. ഒരു ഇന്നിങ്‌സിനും 12 റണ്‍സിനുമായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ആദ്യ ഇന്നിങ്‌സില്‍ 161 റണ്‍സിന്റെ മികച്ച ലീഡ് നേടാന്‍ പ്രോട്ടീസിന് സാധിച്ചിരുന്നു.
എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ വെറും 149 റണ്‍സില്‍ ഇംഗ്ലണ്ട് ഓളൗട്ടായി. ബെന്‍ സ്‌റ്റോക്‌സിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിന്റെ ആദ്യ തോല്‍വിയാണ് ഇത്. നേരത്തെ ഇന്ത്യയെയും ന്യൂസിലാന്‍ഡിനേയും ഇംഗ്ലണ്ട് തറപറ്റിച്ചിരുന്നു.
ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയിലാണ് ഇംഗ്ലണ്ട് സ്‌റ്റോക്‌സിനെയും ബ്രണ്ടന്‍ മക്കെല്ലത്തെയും ക്യാപ്റ്റന്‍-കോച്ച് സ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഇവരുടെ വരവോട് കൂടിയാണ് ഇംഗ്ലണ്ട് ബാസ്‌ബോള്‍ പദ്ധതി ആരംഭിച്ചത്. ട്വന്റി-20 ക്രിക്കറ്റിന്റെ ആക്രമണ ശൈലി ടെസ്റ്റിലും പ്രാവര്‍ത്തികമാക്കുക എന്നതാണ് ഈ പദ്ധതിയില്‍ മക്കെല്ലം ഉദ്ദേശിക്കുന്നത്.
ഇന്ത്യക്കെതിരെയും ന്യൂസിലാന്‍ഡിനെതിരെയും ഈ പദ്ധതി വിജയം കണ്ടിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് നായകന്‍ ഡീന്‍ എല്‍ഗര്‍ ബാസ്‌ബോളിനെ വെല്ലുവിളിച്ചിരുന്നു. ധൈര്യമുണ്ടെങ്കില്‍ ഞങ്ങളുടെ പേസ് ബൗളര്‍മാര്‍ക്കെതിരെ ബാസ് ബോള്‍ ചെയ്ത് കാണിക്കാനാണ് അദ്ദേഹം പറഞ്ഞ്.
എന്നാല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിന് ബാസ്‌ബോള്‍ പദ്ധതി നടപ്പിലാക്കാന്‍ സാധിച്ചില്ല. ഇതിന് ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ഇംഗ്ലണ്ടിനെ ട്രോളുന്നതിലും കളിയാക്കുന്നതിലും എന്നും മുന്‍പന്തിയിലുള്ള താരമാണ് ജാഫര്‍.
നാലാം ഇന്നിങ്‌സില്‍ മത്സരങ്ങള്‍ തിരിക്കുന്നതാണ് ബാസ്‌ബോളിന്റെ പ്രത്യേകത. നാലാം ഇന്നിങ്‌സില്‍ ഒരുപാട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ബാസ്‌ബോളിനും ഇംഗ്ലണ്ടിനും സാധിച്ചിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ നാലാം ഇന്നിങ്‌സ് ഇല്ലായിരുന്നു.
‘ബാസ്‌ബോള്‍ നാലാം ഇന്നിങ്‌സില്‍ ഒരുപാട് അത്ഭുതങ്ങള്‍ സൃഷടിച്ചിട്ടുണ്ട്’ എന്നാല്‍ നാലാം ഇന്നിങ്‌സ് ഇല്ലെന്ന് ദക്ഷിണാഫ്രിക്ക,’ ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.
മൂന്നാം ഇന്നിങ്‌സില്‍ തന്നെ മത്സരം അവസാനിച്ചിരുന്നു. ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ച് ദക്ഷിണാഫ്രിക്ക അവരെ വെറും 165 റണ്‍സിന് ഓളൗട്ടാക്കിയിരുന്നു. 73 റണ്‍സ് നേടിയ ഒലി പോപ് ഒഴികെ മറ്റാരും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയില്ല. ദക്ഷിണാഫ്രിക്കക്കായി റബാദ അഞ്ച് വിക്കറ്റ് നേടി.
മറുപടിയായി ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്ക മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. 326 റണ്‍സാണ് ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്.
മത്സരത്തിന്റെ മൂന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ വെറും 149 റണ്‍സിന് ഓളൗട്ടാക്കിയതോടെ ദക്ഷിണാഫ്രിക്ക 12 റണ്‍സിന്റെ വിജയം കരസ്ഥമാക്കുകയായിരുന്നു.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ഓഗസ്റ്റ് 25നാണ് ആരംഭിക്കുക.
Content Highlight: Wasim Jaffer Trolls England cricket and Bazzball