ചെന്നൈയിൽ ആ താരത്തിന്റെ സാന്നിധ്യം ഗെയ്ക്‌വാദിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും: വസീം ജാഫർ
Cricket
ചെന്നൈയിൽ ആ താരത്തിന്റെ സാന്നിധ്യം ഗെയ്ക്‌വാദിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും: വസീം ജാഫർ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd March 2024, 1:15 pm

ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കമായ ഐ.പി. എല്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുവുമാണ് ഏറ്റുമുട്ടാന്‍ തയ്യാറെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ചെന്നൈ ആരാധകര്‍ക്ക് നിരാശ നല്‍കിക്കൊണ്ടായിരുന്നു എം.എസ് ധോണി ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിയുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്.

ധോണിയുടെ പകരക്കാരനായി യുവതാരം ഋതുരാജ് ഗെയ്ക്വാദിനെയാണ് ചെന്നൈ പുതിയ ക്യാപ്റ്റനായി നിയമിച്ചത്. ഇപ്പോഴിതാ ഋതുരാജ് ഗെയ്ഗ്വാദ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വസീം ജാഫര്‍.

ഗെയ്ക്വാദിനെ പുതിയ ക്യാപ്റ്റനായി നിയമിച്ചത് മികച്ച തീരുമാനമായിരുന്നുവെന്നും എന്നാല്‍ ടീമില്‍ ധോണിയുടെ സാന്നിധ്യം ഗെയ്ക്വാദിനെ കൂടുതല്‍ സമ്മര്‍ദത്തില്‍ ആക്കുമെന്നുമാണ് വസീം ജാഫര്‍ പറഞ്ഞത്.

‘ധോണി ഇപ്പോഴും ചെന്നൈ ടീമിന് വേണ്ടി കളിക്കുമ്പോള്‍ അത് ഗെയ്ക്വാദിന് കാര്യങ്ങള്‍ വളരെ ബുദ്ധിമുട്ടാവും ഉണ്ടാക്കും. ധോണിയുടെ സാന്നിധ്യം ടീമില്‍ ഉണ്ടെങ്കില്‍ ഏതൊരു പുതിയ ക്യാപ്റ്റനും ടെന്‍ഷന്‍ ഉണ്ടായേക്കാം. കാരണം പുതിയ ക്യാപ്റ്റന്റെ തീരുമാനങ്ങളെ ധോണി ചോദ്യം ചെയ്യുകയോ വിയോജിക്കുകയോ ചെയ്യാന്‍ സാധ്യതകളുണ്ട്. ധോണിയുടെ കൃത്യമായ ഒരു പിന്‍ഗാമി ഗെയ്ക്വാദ് തന്നെയാണ്. എന്നാല്‍ ധോണി ടീമില്‍ ഉള്ളപ്പോള്‍ ഗെയ്ക്വാദിനെ ക്യാപ്റ്റന്‍ കൊണ്ടുവന്നത് ടീമില്‍ ഒരു മോശം അവസ്ഥയാണ് സൃഷ്ടിക്കുക,’ വസീം ജാഫര്‍ പറഞ്ഞു.

അതേസമയം ധോണി അഞ്ച് കിരീടങ്ങളാണ് ചെന്നൈക്കായി നേടിക്കൊടുത്തത്. 2010, 2011, 2018, 2021, 2023 എന്നീ വര്‍ഷങ്ങളിലാണ് ധോണി കിരീടം നേടിയത്. 2010, 2014 ചാമ്പ്യന്‍ ട്രോഫിയിലും ധോണിയുടെ കീഴില്‍ ചെന്നൈ കിരീടം ചൂടി.

ഐ.പി.എല്ലില്‍ 212 മത്സരങ്ങളിലാണ് ക്യാപ്റ്റനായി ചെന്നൈയെ മുന്നില്‍ നിന്നും നയിച്ചത്. ഇതില്‍ 128 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ 82 മത്സരങ്ങള്‍ പരാജയപ്പെടുകയായിരുന്നു. രണ്ട് മത്സരങ്ങള്‍ ഫലം ഒന്നും കാണാതെ അവസാനിക്കുകയുമായിരുന്നു.

Content Highlight: Wasim Jaffer talks about Ruturaj Gaikwad captaincy of CSK