|

ബുംറയും ഷമിയുമല്ല, ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ കറുത്ത കുതിരയാവുക അവനായിരിക്കും: മുൻ ഇന്ത്യൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പര 2-0ത്തിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീട് നടന്ന രണ്ട് മത്സരവും വിജയിച്ചുകൊണ്ട് ശ്രീലങ്ക പരമ്പര വിജയം ഉറപ്പാക്കുകയായിരുന്നു.

ഇനി ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് സീരീസില്‍ ഉള്ളത്. ബംഗ്ലാദേശിനെതിരെയുള്ള പരമ്പര കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് മുന്നില്‍ അടുത്ത നാല് മാസത്തിനുള്ളില്‍ പത്ത് ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. നവംബറിൽ നടക്കുന്ന ബോർഡർ ഗവാസ്‌ക്കർ ട്രോഫിക്കാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയില്‍ ഇന്ത്യന്‍ ബൗളിങ്ങിലെ കറുത്ത കുതിരയാവാന്‍ പോകുന്ന താരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. യുവതാരം മായങ്ക് യാദവിനെയാണ് വസിം ജാഫര്‍ തെരഞ്ഞെടുത്തത്.

‘ബുംറയും ഷമിയും സിറാജും ഫിറ്റായി തുടരുകയും പരമ്പരയുടെ ഭൂരിഭാഗം മത്സരങ്ങളും കളിക്കാന്‍ അവര്‍ക്ക് കഴിയുകയും ചെയ്താല്‍ ഇന്ത്യക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കും. അര്‍ഷ്ദീപ് സിങ്ങിനെ ഇടംകയ്യന്‍ ബൗളര്‍ ആയി ഉപയോഗിക്കാം. മായങ്ക് യാദവ് ഈ പരമ്പരയില്‍ ഇന്ത്യയുടെ കറുത്ത കുതിരയാകും. കാരണം അവനിപ്പോള്‍ ആരോഗ്യവാനാണ്,’ മുന്‍ ഇന്ത്യന്‍ താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വേഗത കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച താരമായിരുന്നു മായങ്ക് യാദവ്. ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിന് 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞുകൊണ്ടാണ് മായങ്ക് ശ്രദ്ധ നേടിയത്. എന്നാല്‍ പരിക്കു പറ്റിയതിനു പിന്നാലെ താരത്തിന് ഐ.പി.എല്‍ നഷ്ടമാവുകയായിരുന്നു.

ലഖ്‌നൗവിനായി നാല് മത്സരങ്ങളില്‍ മാത്രമേ താരത്തിന് കളിക്കാന്‍ സാധിച്ചിട്ടുള്ളൂ. എന്നാല്‍ ഈ നാലു മത്സരങ്ങളില്‍ നിന്നും ഏഴ് വിക്കറ്റുകളാണ് താരം നേടിയെടുത്തത്. 6.99 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

പഞ്ചാബ് കിങ്‌സിനെതിരെയാണ് താരം അരങ്ങേറ്റം കുറിച്ചത്. ആദ്യമത്സരത്തില്‍ നാല് ഓവറില്‍ 27 റണ്‍സ് വിട്ടു നല്‍കി മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. മത്സരത്തിലെ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു.

പിന്നീട് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നാല്ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകളാണ് മായങ്ക് വീഴ്ത്തിയത്. 3.5 എക്കോണമിയിലാണ് യാദവ് പന്തെറിഞ്ഞത്.

ഈ മത്സരത്തിലും കളിയിലെ താരമാവാന്‍ മായങ്കിന് സാധിച്ചിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ അരങ്ങേറ്റം കുറിച്ച ഒരു താരം ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും തുടര്‍ച്ചയായി പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്നത് ഇതാദ്യമായിട്ടായിരുന്നു.

Content Highlight: Wasim Jaffer Talks About Mayank Yadav