ഇന്ത്യ അവനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്, പക്ഷെ സൂപ്പർ എട്ടിൽ സഞ്ജു ആ സ്ഥാനത്ത് കളിക്കും: മുൻ ഇന്ത്യൻ താരം
Cricket
ഇന്ത്യ അവനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്, പക്ഷെ സൂപ്പർ എട്ടിൽ സഞ്ജു ആ സ്ഥാനത്ത് കളിക്കും: മുൻ ഇന്ത്യൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th June 2024, 12:18 pm

ഐ.സി.സി ടി-20 ലോകകപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഇന്ത്യ സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചിരുന്നു. അവസാന മത്സരത്തില്‍ യു.എസ്.എയെ ഏഴുവിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രോഹിത് ശര്‍മയും സംഘവും അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.

ഇപ്പോഴിതാ സൂപ്പര്‍ എട്ടില്‍ ഇന്ത്യന്‍ ടീമിന്റെ പ്ലെയിങ് ഇലവനിലെ സെലക്ഷനിലെ പ്രതിസന്ധികളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനെ ഇന്ത്യന്‍ ടീമിന്റെ പ്ലെയിങ് ഇലവനില്‍ നാലാം നമ്പറില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതകളെക്കുറിച്ച് ടീം മാനേജ്‌മെന്റ് ചര്‍ച്ച ചെയ്യുമെന്നാണ് താന്‍ കരുതുന്നതെന്നാണ് വസിം ജാഫര്‍ പറഞ്ഞത്.

‘സൂപ്പര്‍ എട്ടില്‍ സഞ്ജു സാംസൺ ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പറില്‍ ഒരു സ്ഥാനം ഉണ്ടായേക്കും. എന്നാല്‍ പിന്നീട് ശിവം ദുബെക്ക് രണ്ട് മത്സരങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളൂ. ടീം മാനേജ്‌മെന്റ് ദുബെക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ സഞ്ജു സാംസണ്‍ ആണോ യശസ്വി ജെയ്സ്വാള്‍ ആണോ കളിക്കേണ്ടത് എന്നതിനെക്കുറിച്ച് മാനേജ്‌മെന്റ് ചിന്തിക്കേണ്ട സമയമാണിത്,’ വസീം ജാഫര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

ലോകകപ്പിലെ ആദ്യം മൂന്ന് മത്സരങ്ങളിലും സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിരുന്നില്ല. ലോകകപ്പിന് മുന്നോടിയായി നടന്ന ബംഗ്ലാദേശിനെതിരെയുള്ള സൗഹൃദ മത്സരത്തിലായിരുന്നു സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചത്. ആ മത്സരത്തില്‍ വരും ഒരു റണ്‍സ് നേടിയാണ് മലയാളി താരം മടങ്ങിയത്.

അതേസമയം ശിവം ദുബെ അമേരിക്കക്കെതിരെയുള്ള അവസാന മത്സരത്തില്‍ 35 പന്തില്‍ പുറത്താവാതെ 31 റണ്‍സ് നേടി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു. ജൂണ്‍ 15ന് കാനഡയ്‌ക്കെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം. ഈ മത്സരത്തില്‍ ടീമില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുമെന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Wasim Jaffer talks about Indian Team selection in T20 word cup