ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ശ്രീലങ്ക വിജയം സ്വന്തമാക്കിയിരുന്നു. 110 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ലങ്ക സ്വന്തമാക്കിയത്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ലങ്ക ഉയര്‍ത്തിയ 248 റണ്‍സ് മറികടക്കാനാകാതെ ഇന്ത്യ 26.1 ഓവറില്‍ 138 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ ഏകദിന പരമ്പര 2-0ന് ലങ്ക സ്വന്തമാക്കുകയും ചെയ്തു.
ഇന്ത്യയുടെ ഏകദിന പരമ്പരയിലെ തോല്‍വിക്ക് ശേഷം മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ സംസാരിച്ച് രംഗത്ത് വന്നിരുന്നു. ലങ്ക മികച്ച രീതിയില്‍ കളിച്ച് അര്‍ഹിച്ച വിജയമാണ് സ്വന്തമാക്കിയതെന്നും ഇന്ത്യ പരാജയപ്പെട്ടതില്‍ വിഷമമില്ലെന്നും ജാഫര്‍ പറഞ്ഞു. എന്നാല്‍ 2025 ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി ഇന്ത്യയ്ക്ക് മൂന്ന് ഏകദിന മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് ഉള്ളതെന്നും മുന്‍ താരം ഓര്‍മിപ്പിച്ചു.
‘ശ്രീലങ്ക മികച്ച ക്രിക്കറ്റാണ് കളിച്ചത്. പരമ്പര വിജയത്തിന് അവര്‍ അര്‍ഹരാണ്. മാത്രമല്ല ഇന്ത്യയ്ക്ക് ഒരു പരമ്പര നഷ്ടമായത് എന്നെ വിഷമിപ്പിക്കുന്നില്ല. ജയവും തോല്‍വിയും കളിയുടെ ഭാഗമാണ്. എന്നിരുന്നാലും, ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യക്ക് വെറും മൂന്ന് മത്സരങ്ങള്‍ മാത്രമേയുള്ളൂ എന്നത് ആശങ്കാജനകമാണ്,’ തന്റെ എക്‌സ് അക്കൗണ്ടില്‍ ജാഫര്‍ പറഞ്ഞു.
പാകിസ്ഥാനിലാണ് 2025 ചാമ്പ്യന്‍സ് ട്രോഫി നടക്കാനിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യ പാകിസ്ഥാനില്‍ കളിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇതോടെ മുമ്പ് നടന്ന പോലെ ഒരു ഹൈബ്രിഡ്ജ് മോഡലില്‍ ശ്രീലങ്കയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കാനാണ് കൂടുതല്‍ സാധ്യത. എന്നാല്‍ അതിനെല്ലാം മുന്നോടിയായി ഇന്ത്യയ്ക്ക് ഇനി ഇംഗ്ലണ്ടിനോടുള്ള മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.
Content Highlight: Wasim Jaffer Talking About Indian Cricket Team