'അല്ലെങ്കിലെ മുഴുവന്‍ ഓപ്പണര്‍മാരാണ് ഇനി ഇവനെകൂടെ അവിടെ കൊണ്ടുവരണോ'? ഇന്ത്യന്‍ സൂപ്പര്‍താരത്തിനെ ഓപ്പണിങ്ങില്‍ കളിപ്പിക്കാന്‍ നിര്‍ദേശിച്ച് വസീം ജാഫര്‍
Cricket
'അല്ലെങ്കിലെ മുഴുവന്‍ ഓപ്പണര്‍മാരാണ് ഇനി ഇവനെകൂടെ അവിടെ കൊണ്ടുവരണോ'? ഇന്ത്യന്‍ സൂപ്പര്‍താരത്തിനെ ഓപ്പണിങ്ങില്‍ കളിപ്പിക്കാന്‍ നിര്‍ദേശിച്ച് വസീം ജാഫര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th July 2022, 2:12 pm

 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ പോസീറ്റീവും നെഗറ്റീവും താരങ്ങളുടെ അതിപ്രസരമാണ്. എല്ലാ ബാറ്റിങ് പൊസിഷനിലേക്കും ഒരുപാട് ഓപ്ഷനുകള്‍ ഇന്ത്യന്‍ ടീമിനുണ്ട്.

ട്വന്റി-20 ലോകകപ്പ് വരാനിരിക്കെ ഒരുപാട് താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആരൊക്കെ ഇടം നേടുമെന്ന് കണ്ടറിയണം. നിലവില്‍ സ്ഥിരമായി കളിക്കുന്ന താരങ്ങളായിരിക്കും ലോകകപ്പിനുണ്ടാകുക എന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഓപ്പണിങ് പൊസിഷനിലായിരിക്കും നിലവില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ഓപ്ഷനുകളുള്ളത്. ഇപ്പോഴിതാ മറ്റൊരു താരത്തെകൂടെ ഓപ്പണിങ് പൊസിഷനിലേക്ക് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ വസീം ജാഫര്‍.

വിക്കറ്റ് കീപ്പര്‍ ബാറ്റരായ റിഷബ് പന്തിനെയാണ് വസീം ജാഫര്‍ ഓപ്പണിങ് പൊസിഷനിലേക്ക് നിര്‍ദേശിച്ചത്. ഇന്ത്യന്‍ ‘തിക്- ടാങ്കുകള്‍’ ട്വന്റി-20 ക്രിക്കറ്റില്‍ പന്തിനെ ഓപ്പണിങ് പൊസിഷനില്‍ കളിപ്പിക്കുന്നത് പരിഗണിക്കണമെന്നും അദ്ദേഹത്തിന് അവിടെ തിളങ്ങാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് അദ്ദേഹം ഇത് കുറിച്ചത്. നിലവില്‍ പന്ത് അഞ്ചാമതും ആറാമതുമായാണ് ഇറങ്ങുന്നത്. എന്നാല്‍ ടെസ്റ്റില്‍ ഉണ്ടാക്കുന്ന ഇംപാക്റ്റ് അദ്ദേഹത്തിന് ട്വന്റി-20 മത്സരങ്ങളില്‍ ഉണ്ടാക്കാന്‍ സാധിക്കാറില്ല. ഈ ഒരു സാഹചര്യത്തിലാണ് അദ്ദേഹത്തെ ഓപ്പണിങ് ഇറക്കി നോക്കാം എന്ന് വസീം ജാഫര്‍ നിര്‍ദേശിച്ചത്.

നിലവില്‍ ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങാന്‍ ഇഷ്ടം പോലെ താരങ്ങളുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ മുതല്‍ യുവ താരങ്ങളായ ഇഷന്‍ കിഷാനും ഋതുരാജ് ഗെയ്ക്വാദുമെല്ലാം ഓപ്പണിങ് പൊസിഷന്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരാണ്. അതുകൊണ്ട് തന്നെ വസീം ജാഫറിന്റെ നിര്‍ദേശം പരിഗണിക്കുമൊ എന്ന് കണ്ടറിയണം.

Content Highlights:  Wasim Jaffer suggested Rishab Pant in opening position