| Monday, 12th September 2022, 4:18 pm

ഏഷ്യാ കപ്പിലെ ഏറ്റവും മികച്ച നിമിഷം അതായിരുന്നു; മൊമന്റ് ഓഫ് ഏഷ്യാ കപ്പ് പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരം 

സ്പോര്‍ട്സ് ഡെസ്‌ക്

ഒരുപാട് ആവേശത്തോടെ നീണ്ടുനിന്ന ഏഷ്യാ കപ്പ് മത്സരങ്ങള്‍ കഴിഞ്ഞ ദിവസമായിരുന്നു അവസാനിച്ചത്. ആദ്യ മത്സരം മുതല്‍ ഫൈനല്‍ വരെ എല്ലാ മത്സരത്തിലും ആവേശം കെട്ടിനിന്നിരുന്നു.
ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കാന്‍ ഈ ഏഷ്യാ കപ്പിന് സാധിച്ചിട്ടുണ്ട്. ക്ലബ്ബ് ക്രിക്കറ്റിന് മാത്രമല്ല  അന്താരാഷ്ട്ര ക്രിക്കറ്റിനും ആരാധകരെ ത്രസിപ്പിക്കാന്‍ കഴിയുമെന്നും ഈ ഏഷ്യാ കപ്പ് തെളിയിച്ചു.

ഒരുപാട് പ്രതീക്ഷകളുമായെത്തിയ ഇന്ത്യന്‍ ടീമിനെയും പാകിസ്ഥാനെയും ബംഗ്ലാദേശിനെയുമെല്ലാം കടത്തിവെട്ടികൊണ്ട് യുവ ശ്രീലങ്കന്‍ പടയായിരുന്നു ഏഷ്യാ കപ്പ് നേടിയത്. കുറേ നാളുകളായി ക്രിക്കറ്റില്‍ പറയത്തക്ക നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ സാധിക്കാതിരുന്ന ടീമായിരുന്നു ലങ്ക. ഈ ഏഷ്യാ കപ്പില്‍ യാതൊരു പ്രതീക്ഷയും ലങ്കയുടെ മേലില്‍ ആര്‍ക്കുമില്ലായിരുന്നു. എന്നാല്‍ അവരുടെ ടീം ഏഫേര്‍ട്ട് കൃത്യമായി തന്നെ ഏഷ്യാ കപ്പില്‍ വര്‍ക്കായി വരുകയായിരുന്നു.

ലങ്ക കപ്പ് നേടിയതടക്കം ഒരുപാട് മികച്ച നിമിഷങ്ങള്‍ ഏഷ്യാ കപ്പില്‍ ഉണ്ടായിരുന്നുവെങ്കിലും മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറിന്റെ ഫേവറേറ്റ് മൊമന്റ് അതൊന്നുമല്ല.
അഫ്ഗാനിസ്ഥാനെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നേടിയ സെഞ്ച്വറിയാണ് വസീം ജാഫറിന് ഏഷ്യാ കപ്പില്‍ ഏറ്റവും ഇഷ്ടപ്പെട്ട മൊമന്റ്. കരിയറിലെ 71ാം സെഞ്ച്വറിയായിരുന്നു വിരാട്  അഫ്ഗാനെതിരെ നേടിയത്.

‘വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയാണ് ഈ ടൂര്‍ണമെന്റിലെ എന്റെ പ്രിയപ്പെട്ട മെമ്മറി എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം സെഞ്ച്വറി അടിച്ചത്. ലോകമെമ്പാടുമുള്ള എല്ലാവരും ഇതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. വിന്റേജ് കോഹ്ലിയെ ഈ ഏഷ്യാ കപ്പില്‍ കാണാന്‍ സാധിച്ചു, എന്നെ സംബന്ധിച്ചിടത്തോളം അവന്‍ കളിച്ച രീതിയാണ്  ടൂര്‍ണമെന്റിന്റെ  ഹൈലൈറ്റ്,’ വസീം ജാഫര്‍ പറഞ്ഞു.

ഒരുപാട് പ്രതീക്ഷകളുമായി ഏഷ്യാ കപ്പിന് എത്തിയ ഇന്ത്യന്‍ ടീമിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടാനായിരുന്നു വിധി. ടീം മൊത്തത്തില്‍ മോശം പ്രകടനമായിരുന്നുവെങ്കിലും വിരാട് ഫോമിലേക്ക് മടങ്ങിയെത്തിയത് പോസിറ്റീവായ കാര്യമാണ്.

മികച്ച ബാറ്റിങ്ങാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ പുറത്തെടുത്തത്. രണ്ട് അര്‍ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയുമടക്കം 276 റണ്‍സുമായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്തവരില്‍ രണ്ടാം സ്ഥാനത്തായിരുന്നു വിരാട് കോഹ്‌ലി.

ഒരുപാട് നാളുകള്‍ക്ക് ശേഷം മികച്ച ടച്ചിലായ വിരാടിനെയായിരുന്നു ഏഷ്യാ കപ്പില്‍ കണ്ടത്. വരാനിരിക്കുന്ന ലോകകപ്പില്‍ വിരാടിന്റെ ഈ മികച്ച പ്രകടനം തുടര്‍ന്നാല്‍  ഇന്ത്യന്‍ ടീമിന് ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Wasim Jaffer selects Virat Kohli’s Century as moment of asia cup

We use cookies to give you the best possible experience. Learn more