| Monday, 24th July 2023, 7:06 pm

ലോകകപ്പ് ടീമില്‍ സഞ്ജുവും; തകര്‍പ്പന്‍ സ്‌ക്വാഡുമായി സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിനായാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. 2011ന് ശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആദ്യ ഏകദിന ലോകകപ്പ് എന്ന നിലയിലും സ്വന്തം മണ്ണില്‍ ഇന്ത്യക്ക് കിരീടം ഉയര്‍ത്താനുള്ള അവസരമെന്ന നിലയിലുമാണ് ആരാധകര്‍ ഈ ലോകകപ്പിനെ നോക്കിക്കാണുന്നത്.

2013ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി നേടിയതിന് ശേഷം കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഇന്ത്യക്ക് കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ല. പല ടൂര്‍ണമെന്റുകളുടെ സെമിയിലും ഫൈനലിലും പ്രവേശിച്ചെങ്കിലും കിരീടം മാത്രം ഇന്ത്യയില്‍ നിന്നും അകന്നുനിന്നു.

എന്നാല്‍ ഈ ലോകകപ്പിലൂടെ കിരീട വരള്‍ച്ച അവസാനിപ്പിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. അതിനായുള്ള ശക്തമായ സ്‌ക്വാഡിനെ തന്നെ തയ്യാറാക്കിയെടുക്കലാണ് ബി.സി.സി.ഐയും സെലക്ഷന്‍ കമ്മിറ്റിയും ഒരുങ്ങുന്നത്.

ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന ചര്‍ച്ചയിലാണ് ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം. ഇപ്പോള്‍ തന്റെ ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുകാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ വസീം ജാഫര്‍.

വെറ്ററന്‍ താരം ശിഖര്‍ ധവാനും സഞ്ജു സാംസണമടക്കമുള്ള 15 പേരടങ്ങിയ സ്‌ക്വാഡിനെയാണ് ജാഫര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ഓപ്പണ്‍ ചെയ്യുന്ന ടീമില്‍ ശിഖര്‍ ധവാന് സ്ഥാനമുണ്ടാകില്ലെന്നും ബാക്കപ്പായാണ് ധവാനെ ഉള്‍പ്പെടുത്തിയതെന്നും ജാഫര്‍ പറഞ്ഞു. മൂന്നാം നമ്പറില്‍ വിരാട് കോഹ്‌ലിയും നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലും ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയും ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായാണ് വസീം ജാഫര്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്പിന്നര്‍മാരുടെ റോളില്‍ ജഡേജ, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേലും പേസര്‍മാരായി ബുംറ, സിറാജ്, ഷമി എന്നിവരെയും ജാഫര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകകപ്പ് നടക്കുന്നത് ഇന്ത്യയിലായതിനാല്‍ തന്നെ ഹര്‍ദിക് ബൗള്‍ ചെയ്യണമെന്നും ജാഫര്‍ പറഞ്ഞു. പത്ത് ഓവറിന്റെ ക്വാട്ട പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും ഏഴോ എട്ടോ ഓവര്‍ അദ്ദേഹം പന്തെറിയണമെന്നും ജാഫര്‍ സൂചിപ്പിച്ചു.

‘ഹര്‍ദിക് പന്തെറിയുകയാണെങ്കില്‍ ഉറപ്പായും മൂന്ന് സ്പിന്നര്‍മാരെ കളത്തിലിറക്കാന്‍ ഞാന്‍ ശ്രമിക്കും. ജഡേജയും അക്‌സറും പ്ലെയിങ് ഇലവനില്‍ ഉറപ്പായും വേണം. കാരണം ഇരുവരും ഓള്‍റൗണ്ടര്‍മാരാണ്. മൂന്നാമത്തെ സ്പിന്നറായി കുല്‍ദീപ് യാദവിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വസീം ജാഫറിന്റെ വേള്‍ഡ് കപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, അക്‌സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍.

Content Highlight: Wasim Jaffer selects his world cup squad

We use cookies to give you the best possible experience. Learn more