ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീം കളിക്കുന്ന അവസാന ട്വന്റി-20 പരമ്പരയാണ് ബുധനാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ അരങ്ങേറുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ്.
മത്സരത്തിന് മുമ്പ് തന്നെ ഇന്ത്യന്‍ ടീമിന് രണ്ട് വലിയ നഷ്ടങ്ങള്‍ സംഭവച്ചിരുന്നു. സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരായ ഹര്‍ദിക് പാണ്ഡ്യയും ദീപക് ഹൂഡയുമില്ലാതെയാണ് ഇന്ത്യ പരമ്പരക്ക് ഇറങ്ങുക. പരിക്ക് കാരണമാണ് ഹീഡ കളിക്കാത്തത്.
ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരക്ക് ശേഷം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് ഹര്‍ദിക്. ഹൂഡയുടെ റിപ്ലേസ്‌മെന്റ് എന്ന നിലക്ക് ശ്രേയസ് അയ്യരിനെ ടീമിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഒരു ആറാം ബൗളറുടെ അഭാവം ഈ പരമ്പരയില്‍ കാണാന്‍ സാധിക്കും.
ഇന്ത്യയുടെ ഈ പ്രശ്‌നം ചൂണ്ടികാണിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്ററായ വസീം ജാഫര്‍. രോഹിത് ശര്‍മ ഇക്കാര്യത്തില്‍ ഒരുപാട് ആശങ്കപ്പെടുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ബൗളിങ്ങിലായിരിക്കുമെന്നും ജാഫര്‍ പറയുന്നു. യുവ താരം അര്‍ഷ്ദീപിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യ ഒന്നാം ടി-20യില്‍ അര്‍ഷ്ദീപ് സിങ്ങിനെ കളിപ്പിക്കണം. കാരണം ഇന്ത്യയുടെ പ്രശ്‌നം ഡെത്ത് ബൗളിങ്ങിലാണ്. അര്‍ഷ്ദീപ് വരുന്നത് മധ്യ ഓവറുകളില്‍ ബൗള്‍ ചെയ്യാന്‍ ഹര്‍ഷല്‍ പട്ടേലിനെ സഹായിച്ചേക്കും. ഡെത്ത് ഓവറുകളില്‍ അര്‍ഷ്ദീപിന് നന്നായി പന്തെറിയാന്‍ കഴിയുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.
ഈ പരമ്പരയില്‍, ഞങ്ങള്‍ക്ക് ഹര്‍ദിക് പാണ്ഡ്യയും ദീപക് ഹൂഡയും ഇല്ലാത്തതിനാല്‍ ആറാമത്തെ ബൗളറാരാണെന്ന കാര്യത്തില്‍ ഇന്ത്യക്ക് ആശയകുഴപ്പമുണ്ടാകും. വെറും അഞ്ച് ബൗളര്‍മാരെ കൈകാര്യം ചെയ്യുന്നത് രോഹിത്തിന് പണിയുണ്ടാക്കും,’ ജാഫര്‍ പറഞ്ഞു.