ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ഫൈനൽ പോരാട്ടം നാളെ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യയും ന്യൂസിലാൻഡുമാണ് കലാശപ്പോരിൽ നേർക്കുനേർ വരുന്നത്. ചാമ്പ്യൻസ് ട്രോഫിയുടെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഇരു കൂട്ടരും ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇതിന് മുമ്പ് 2000ൽ ഏറ്റുമുട്ടിയപ്പോൾ വിജയം ന്യൂസിലാൻഡിനൊപ്പമായിരുന്നു.
ഒന്നാം സെമിയിൽ മുൻ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകർത്താണ് ഇന്ത്യ അവസാന അങ്കത്തിന് ടിക്കറ്റെടുത്തത്. സൗത്ത് ആഫ്രിക്കയെ ഒരിക്കൽ കൂടെ ചോക്കേഴ്സാക്കിയാണ് സാന്റ്നറും സംഘവും ഫൈനലിലെത്തിയത്.
ടൂർണമെന്റിൽ മിച്ചൽ സാന്റ്നർക്ക് കീഴിൽ മികച്ച പ്രകടനമാണ് ന്യൂസിലാൻഡ് കാഴ്ച വെക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിലെ നാല് കളികളിൽ മൂന്നിലും കിവികൾ ജയം സ്വന്തമാക്കിയിരുന്നു. സെമിയിൽ 50 റൺസിന്റെ ജയമാണ് ബ്ലാക്ക് ക്യാപ്സ് സ്വന്തമാക്കിയത്.
ഐ.പി.എല്ലിൽ എം.എസ്. ധോണിയ്ക്ക് കീഴിൽ കളിച്ചത് മിച്ചൽ സാന്റ്നർക്ക് ന്യൂസിലാൻഡ് ടീമിനെ നയിക്കുന്നതിൽ സഹായിച്ചിരിക്കാമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരവും മികച്ച ആഭ്യന്തര ക്രിക്കറ്ററുമായ വസീം ജാഫർ.
ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ഒരുപാട് കാലം ചെലവഴിച്ചത് ഇതിഹാസ നായകന്റെ നേതൃത്വ ശൈലി നിരീക്ഷിക്കാൻ മികച്ച അവസരം നൽകിയിരിക്കാമെന്നും ദേശീയ ടീമിൽ കെയ്ൻ വില്യംസൺ ഒപ്പമുള്ളതും സാന്റ്നർക്ക് ഗുണം ചെയ്തെന്നും ജാഫർ കൂട്ടിച്ചേർത്തു. മുൻ പാകിസ്ഥാൻ ക്രിക്കറ്ററായ ബാസിത് അലിയുടെ യൂട്യൂബ് ചാനലിലാണ് മുൻ താരം അഭിപ്രായം പറഞ്ഞത്.