ശ്രീലങ്കക്കെതിരെയുള്ള ആദ്യ ഇലവനിൽ സഞ്ജുവില്ല; വമ്പൻ തെരഞ്ഞെടുപ്പുമായി മുൻ ഇന്ത്യൻ താരം
Cricket
ശ്രീലങ്കക്കെതിരെയുള്ള ആദ്യ ഇലവനിൽ സഞ്ജുവില്ല; വമ്പൻ തെരഞ്ഞെടുപ്പുമായി മുൻ ഇന്ത്യൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th July 2024, 2:37 pm

ശ്രീലങ്കക്കെതിരെയുള്ള മൂന്ന് വീതം ടി-20, ഏകദിന പരമ്പരയ്ക്ക് ഇന്ന് ആരംഭം കുറിക്കുകയാണ്. സൂര്യകുമാര്‍ യാദവിന്റെ കീഴിലാണ് ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ കളത്തില്‍ ഇറങ്ങുന്നത്.  രോഹിത്തിനുശേഷം ഇന്ത്യയുടെ ടി-20 ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ആയിരിക്കുമെന്ന് വന്‍തോതില്‍ ചര്‍ച്ചകള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നു കൊണ്ടാണ് ബി.സി.സി.ഐ സൂര്യകുമാര്‍ യാദവിനെ നായകനായി നിയമിച്ചത്.

പല്ലേക്കെലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനു മുന്നോടിയായി ശ്രീലങ്കക്കെതിരെയുള്ള ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവന്‍ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് ഇന്ത്യന്‍ താരം ഇക്കാര്യം പുറത്തുവിട്ടത്.

ജാഫറിന്റെ പ്ലെയിങ് ഇലവനില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് ഇടം നേടാന്‍ സാധിച്ചില്ല. സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായി റിഷബ് പന്തിനെയാണ് ജാഫര്‍ തന്റെ ടീമില്‍ തെരഞ്ഞെടുത്തത്. സിംബാബ്വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ആയിട്ടായിരുന്നു സഞ്ജു കളത്തിലിറങ്ങിയത്. ആദ്യ രണ്ടു മത്സരങ്ങളില്‍ ടീമിന്റെ ഭാഗമാവാന്‍ മലയാളി താരത്തിന് സാധിച്ചിരുന്നില്ല.

എന്നാല്‍ അവസാന മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടികൊണ്ട് തകര്‍പ്പന്‍ പ്രകടനമായിരുന്നു സഞ്ജു നടത്തിയത്. 45 പന്തില്‍ 58 റണ്‍സാണ് സഞ്ജു നേടിയത്. നാല് കൂറ്റന്‍ സിക്‌സുകളും ഒരു ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഓപ്പണര്‍മാരായി യശസ്വി ജെയ്‌സ്വാളിനെയും ശുഭ്മന്‍ ഗില്ലിനെയുമാണ് ജാഫര്‍ ടീമിന്റെ  തെരഞ്ഞെടുത്തത്.  മൂന്നമനായി പന്തും ഇറങ്ങും . മധ്യനിരയില്‍  ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, എന്നിവര്‍ ആണ് ഇറങ്ങുക. ടീമിന്റെ ഫിനിഷർന്മാരായി ഹര്‍ദിക് പാണ്ഡ്യയും റിങ്കു സിങ്ങും ഇറങ്ങും

ബൗളിങ് യൂണിറ്റ് നോക്കുകയാണെങ്കില്‍ പേസര്‍മാരായി മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങുമാണ് ജാഫറിന്റെ ടീമില്‍ ഇടം നേടിയത്. സ്പിന്നര്‍മാരായി അക്‌സര്‍ പട്ടേല്‍ ബിഷ്‌ണോയ് എന്നിവരും ഇടം നേടി.

 

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി-20യില്‍ വസീം ജാഫറിന്റെ ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

 

Content Highlight: Wasim Jaffer’s India playing XI for the first T20 against Sri Lanka