ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസീസിനെ ഇന്നിങ്‌സിനും 132 റണ്‍സിനും തോല്‍പിച്ച ഇന്ത്യയുടെ അതേ ഡോമിനേഷന്‍ രണ്ടാം മത്സരത്തിലും ആവര്‍ത്തിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
രോഹിത് ശര്‍മ, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരായിരുന്നു ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയ ശില്‍പികള്‍. രോഹിത് ശര്‍മ സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ ഏഴ് വിക്കറ്റും അര്‍ധ സെഞ്ച്വറിയുമായി ജഡേജയും എട്ട് വിക്കറ്റുമായി അശ്വിനും കളം നിറഞ്ഞാടി.
എന്നാല്‍, ആദ്യ മത്സരത്തില്‍ ചില പോരായ്മകളും ഇന്ത്യയെ വലച്ചിരുന്നു. കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി തുടങ്ങിയ സീനിയര്‍ താരങ്ങളുടെയും അരങ്ങേറ്റക്കാരന്‍ സൂര്യകുമാര്‍ യാദവിന്റെയും മോശം ഫോമാണ് ഇന്ത്യക്ക് തലവേദനയായത്.
ഈ പോരായ്മകളെല്ലാം തന്നെ ടീം രണ്ടാം മത്സരത്തില്‍ പരിഹരിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
രണ്ടാം ടെസ്റ്റിന് മുന്നോടിയായി തന്റെ ടീം തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വസീം ജാഫര്‍. സൂര്യകുമാര്‍ യാദവിനെയും കെ.എല്‍. രാഹുലിനെയും ഒഴിവാക്കിക്കൊണ്ടാണ് താരം ടീം സെലക്ട് ചെയ്തിരിക്കുന്നത്.
കെ.എല്‍. രാഹുലിന് പകരം യുവതാരം ശുഭ്മന്‍ ഗില്ലിനെയാണ് വസീം ജാഫര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മധ്യനിരയില്‍ സൂര്യകുമാറിന് പകരക്കാരനായി പരിക്കില്‍ നിന്നും മുക്തനായ ശ്രേയസ് അയ്യരെയാണ് ജാഫര്‍ പരിഗണിച്ചിരിക്കുന്നത്.
രോഹിത് ശര്‍മയും ഗില്ലും ഓപ്പണ്‍ ചെയ്യുന്ന ഇന്നിങ്‌സില്‍ മൂന്നാമനായി പൂജാരയും നാലാമനായി കോഹ്‌ലിയും ഇറങ്ങും. ശ്രേയസ് അയ്യര്‍, എസ്. ഭരത്, ജഡേജ, അശ്വിന്‍, അക്‌സര്‍ എന്നിവര്‍ മധ്യനിരയില്‍ കളിക്കുമ്പോള്‍ പേസര്‍മാരായി സിറാജും ഷമിയും സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്.
ഓസ്‌ട്രേലിയ-ഇന്ത്യ രണ്ടാം ടെസ്റ്റിനുള്ള വസീം ജാഫറിന്റെ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, എസ്. ഭരത്, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഫെബ്രുവരി 17നാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് അരങ്ങേറുന്നത്. ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദി.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുക എന്നതിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കുക എന്ന ലക്ഷ്യവും ഇന്ത്യക്കുണ്ട്. ഓസീസിനെതിരെ മൂന്ന് ടെസ്റ്റുകള്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഫൈനല്‍ കളിക്കാന്‍ സാധിക്കൂ.
Content highlight: Wasim Jaffer picks his team for second test