| Friday, 13th May 2022, 6:43 pm

സഞ്ജു ഇല്ല, ട്വന്റി 20 ലോകകപ്പിനായി ഇന്ത്യയുടെ മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ നിര്‍ദേശിച്ച് വസീം ജാഫര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി ആരൊക്കെ വേണമെന്നത് ഇത്തവണ സെലക്ടര്‍മാരെ കുഴപ്പിക്കുന്ന ചോദ്യമാണ്.

റിഷഭ് പന്ത് സ്വാഭാവികമായും ടീമിലുണ്ടാവുമെന്നുറപ്പാണ്. ശേഷിക്കുന്ന ഒരാള്‍ ആരാണെന്നതാണ് കണ്ടറിയേണ്ടത്. കെ.എല്‍. രാഹുല്‍ എന്തായാലും ടീമില്‍ ഉണ്ടാവുമെന്നതിനാല്‍ ഇന്ത്യ മറ്റൊരു വിക്കറ്റ് കീപ്പറെ ടീമിലേക്ക് പരിഗണിക്കുമോയെന്നതും കണ്ടറിയേണ്ട കാര്യമാണ്.

ഇപ്പോഴിതാ ലോകകപ്പിലേക്കുള്ള മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. സഞ്ജു സാംസണെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെയാണ് വസീം ജാഫറിന്റെ ലിസ്റ്റ്.

ഐ.പി.എല്‍ അവസാന റൗണ്ടുകളിലേക്ക് അടുക്കുമ്പോള്‍ ടീമുകള്‍ ട്വന്റി 20 ലോകകപ്പിലനായി ഇന്ത്യ ഒരുങ്ങുമ്പോഴാണ് വസീം ജാഫര്‍ ലിസ്റ്റ് പുറത്തുവിടുന്നത്.

കെ.എല്‍. രാഹുല്‍, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരെയാണ് ജാഫര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി അദ്ദേഹം നിര്‍ദേശിച്ചത് കെ.എല്‍. രാഹുലിനെയാണ്.

‘ഒരു വിക്കറ്റ് കീപ്പറുമായി ടീം മുന്നോട്ട് പോകാന്‍ തീരുമാനിച്ചാല്‍ ഞാന്‍ ആദ്യം തിരഞ്ഞെടുക്കുന്ന വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിനെയാണ്. രണ്ടാമനായി റിഷഭിനെ പരിഗണിക്കും.

ഇന്ത്യയുടെ ഭാവി നായകനെന്ന നിലയില്‍ മാറ്റിനിര്‍ത്താനാവില്ല. മൂന്നാമനായി ദിനേഷ് കാര്‍ത്തികാണ്. പന്തോ കാര്‍ത്തികോ എന്ന് ചോദിച്ചാല്‍ ടോസ് ഇട്ട് നോക്കേണ്ടി വരും,’ വസീം ജാഫര്‍ പറഞ്ഞു

ഒക്ടോബര് മാസം വരാനിരിക്കുന്ന ലോകകപ്പ് ഒരുക്കങ്ങള്‍ ബി.സി.സിയും ആരംഭിച്ച് കഴിഞ്ഞു. 2021ലെ ടി20 ലോകകപ്പില്‍ പ്ലേ ഓഫില്‍ പോലും ഇന്ത്യക്ക് കടക്കാന്‍ സാധിച്ചിരുന്നില്ല. പാകിസ്ഥാനോട് ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി തോല്‍ക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് ടീമിന് നിര്‍ദേശങ്ങളുമായി മുന്‍ താരങ്ങള്‍ എത്തുന്നത്. കഴിഞ്ഞ തവണത്തെ കടം വീട്ടാന്‍ തന്നെ ഏറ്റവും മികച്ച ടീമുമായിട്ട് ലോകകപ്പിലേക്ക് കടക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

അതേസമയം, ഐ.പി.എല്‍ സീസണില്‍ ശരാശരി പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ബാറ്റില്‍ നിന്നുണ്ടായത്. 11 മത്സരങ്ങളില്‍ 321 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.

155.82 സ്ട്രൈക്ക് റേറ്റും 32.10 ശരാശരിയുമാണ് സഞ്ജുവിനുള്ളത്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 15ാം സ്ഥാനത്താണ് സഞ്ജു.

Content Highlights: Wasim Jaffer names three India wicketkeepers for T20 World Cup, no sanju samson

We use cookies to give you the best possible experience. Learn more