| Wednesday, 2nd August 2023, 7:19 pm

നാലാം നമ്പറില്‍ ഇങ്ങനെയല്ല ബാറ്റ് ചെയ്യേണ്ടത്; സഞ്ജുവിന്റെ പ്രശ്‌നം ചൂണ്ടിക്കാട്ടി മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. മൂന്ന് മത്സരത്തിന്റെ പരമ്പരയും ഇന്ത്യ ഇതോടെ സ്വന്തമാക്കി. ആദ്യ മത്സരവും മൂന്നാം മത്സരവും ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാമത്തെ ഏകദിനത്തില്‍ വിന്‍ഡീസ് ജയിക്കുകയായിരുന്നു.

മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 151 റണ്‍സെടുത്ത് എല്ലാവരും പുറത്തായി.

നാലാമനായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണിന്റെ ഇന്നിങ്‌സ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 41 പന്തില്‍ 51 റണ്‍സായിരുന്നു സഞ്ജു നേടിയത്. ടീം സ്‌കോര്‍ 154ല്‍ നില്‍ക്കെയായിരുന്നു സഞ്ജു ക്രീസില്‍ എത്തിയത് നേരിട്ട രണ്ടാം പന്ത് തന്നെ സിക്‌സറടിച്ച് തുടങ്ങിയ അദ്ദേഹം റണ്‍ റേറ്റ് കുറയാതെ തന്നെ സ്‌കോറിങ് കൂട്ടുകയായിരുന്നു.

നാല് സിക്‌സറും രണ്ട് ഫോറും അടങ്ങിയതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. മൂന്നാം വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലുമായി 69 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. സഞ്ജുവിന്റെ ഈ പ്രകടനത്തിന് ഏറെ പ്രശംസ ലഭിച്ചുവെങ്കിലും സഞ്ജുവിന്റെ ഇന്നിങ്‌സിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍.

സഞ്ജുവിന്റെ ബാറ്റിങ്ങില്‍ ഒരുപാട് റിസ്‌ക് എലമെന്റ്‌സുണ്ടെന്നും അദ്ദേഹം വളരെ സാഹസികമായാണ് കളിക്കുന്നതെന്നും വസീം ജാഫര്‍ പറഞ്ഞു.

‘സഞ്ജു നന്നായി കളിച്ചു. എന്നാല്‍ അതി സാഹസികമായ പ്രകടനമാണ് അവന്‍ നടത്തിയത്. അവന്റെ ഇന്നിങ്സിലേക്ക് നോക്കുക. ക്രീസില്‍ നിന്ന് കയറി ഒന്ന് രണ്ട് സിക്സുകള്‍ പറത്തി. കൃത്യമായി കണക്ട് ആയതുകൊണ്ട് സിക്സര്‍ പോയി. എന്നാല്‍ മിസ് ടൈമായ ഷോട്ടിലാണ് ക്യാച്ചിലൂടെ അവന്‍ പുറത്തായത്. അതാണ് സഞ്ജു ശ്രദ്ധിക്കേണ്ട കാര്യം.

ഏകദിനത്തില്‍ നാലാം നമ്പറില്‍ കളിക്കുന്ന താരം ഇങ്ങനെ കളിക്കുമോ? എനിക്ക് സംശയമുണ്ട്. എന്നാല്‍ ടീം മാനേജ്മെന്റ് അവനോട് ആക്രമിച്ച് കളിക്കാനാണ് പറഞ്ഞതെങ്കില്‍ പിന്നെ പ്രശ്നമില്ല. എന്നാല്‍ സ്ഥിരത നോക്കേണ്ടത് സഞ്ജുവിന്റെ ഉത്തരവാദിത്തമാണ്. എത്ര വേണമെങ്കിലും ആക്രമിച്ച് കളിക്കാം. പക്ഷെ ആറ് ഇന്നിങ്സ് കളിച്ചാല്‍ മൂന്ന് നാലോ ഇന്നിങ്സിലെങ്കിലും ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സാധിക്കണം. ഐ.പി.എല്ലിലടക്കം നമ്മള്‍ സഞ്ജുവിന്റെ പ്രകടനം കണ്ടിട്ടുള്ളതാണ്.

ഒരു മികച്ച ഇന്നിങ്സിന് ശേഷം തുടര്‍ച്ചയായി ഫ്ളോപ്പാവുകയാണ്. അത് വലിയ പ്രശ്നമാണ്. അതുകൊണ്ടുതന്നെ സഞ്ജു സ്ഥിരത ശ്രദ്ധിക്കണം,’ ക്രിക്ക് ഇന്‍ഫോയില്‍ സംസാരിക്കവെ വസിം ജാഫര്‍ അഭിപ്രായപ്പെട്ടു.

Content Highlight: Wasim Jaffer  Criticize Sanju Samsons Batting

Latest Stories

We use cookies to give you the best possible experience. Learn more