| Tuesday, 20th September 2022, 7:53 am

പന്തോ? ഏത് പന്ത്? റിഷബ് പന്തിനെയും മറ്റൊരു സൂപ്പര്‍ താരത്തേയും ഒഴിവാക്കി വസീം ജാഫറിന്റെ കിടിലന്‍ ഇലവന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന് ഇന്ന് തുടക്കമാവുകയാണ്. മൂന്ന് ടി-20കളാണ് പരമ്പരയിലുള്ളത്. മൊഹാലിയില്‍ വെച്ചാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്.

ടി-20 ലോകകപ്പിന് മുമ്പ് തന്നെ ഓസീസ് ടീമിന് മേല്‍ അധീശത്വം സ്ഥാപിക്കാന്‍ ഈ പരമ്പര വിജയിച്ചാല്‍ ഇന്ത്യക്കാവും. ലോകകപ്പില്‍ അത് ഇന്ത്യക്ക് നല്‍കുന്ന കോണ്‍ഫിഡന്‍സ് ചെറുതാവില്ല.

നേരത്തെ തന്നെ ഇന്ത്യ തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നു. ശക്തമായ സ്‌ക്വാഡ് തന്നെയാണ് ഇന്ത്യ അനൗണ്‍സ് ചെയ്തത്.

ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്ത് അപാരമാണെന്നിരിക്കെ ഏത് കോമ്പിനേഷനാവും ഇന്ത്യ പരീക്ഷിക്കുക എന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. ഈ സമയം, മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ആഭ്യന്തര ക്രിക്കറ്റിലെ ലെജന്‍ഡുമായ വസീം ജാഫര്‍ ഓസീസിനെതിരായ ഒന്നാം ടി-20ക്കുള്ള തന്റെ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ്.

യുവതാരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ റിഷബ് പന്തിനെ ഒഴിവാക്കിക്കൊണ്ടാണ് ജാഫര്‍ തന്റെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പന്തിന് പുറമെ വെറ്ററന്‍ സൂപ്പര്‍ താരം ആര്‍. അശ്വിനും ജാഫറിന്റെ പ്ലെയിങ് ഇലവനില്‍ സ്ഥാനമില്ല.

പന്തിന്റെ സ്ഥാനത്ത് ദിനേഷ് കാര്‍ത്തിക്കും അശ്വിന്റെ സ്ഥാനത്ത് അക്‌സര്‍ പട്ടേലുമാണ് താരത്തിന്റെ ടീമിലുള്ളത്. ദീപക് ഹൂഡക്കും ജാഫറിന്റെ ഇലവനില്‍ ഇടം കണ്ടെത്താനായിട്ടില്ല.

ടോപ് ഓര്‍ഡറില്‍ രാഹുലും രോഹിത്തും വിരാടും സൂര്യകുമാറും ഇടം നേടുമ്പോള്‍ മിഡില്‍ ഓര്‍ഡറില്‍ ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍ എന്നിവരാണുള്ളത്. ലോവര്‍ ഓര്‍ഡറില്‍ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ചഹല്‍ എന്നിവരും ജാഫറിന്റെ ഇലവനില്‍ സ്ഥാനം കണ്ടെത്തി.

ഇന്ത്യ vs ഓസ്‌ട്രേലിയ, ഒന്നാം ടി-20, വസീം ജാഫറിന്റെ പ്ലെയിങ് ഇലവന്‍

കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, യൂസ്വേന്ദ്ര ചഹല്‍

സെപ്റ്റംബര്‍ 23നാണ് പരമ്പരയിലെ രണ്ടാം മത്സരം. നാഗ്പൂരാണ് വേദി. ഹൈദരാബാദില്‍ വെച്ച് സെപ്റ്റംബര്‍ 25ന് ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിലെ മൂന്നമാത്തേതും അവസാനത്തേതും മത്സരം നടക്കും.

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന് പിന്നാലെ സൗത്ത് ആഫ്രിക്കയും ഇന്ത്യയില്‍ പര്യടനം നടത്തുന്നുണ്ട്. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് പ്രോട്ടീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുണ്ടാവുക.

സെപ്റ്റംബര്‍ 28നാണ് ടി-20 ഫോര്‍മാറ്റിലെ ആദ്യ മത്സരം. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയമാണ് ആദ്യ ടി-20 ഐക്കുള്ള വേദി. ഒക്ടോബര്‍ രണ്ട്, ഒക്ടോബര്‍ നാല് എന്നീ ദിവസങ്ങളില്‍ ടി-20 പരമ്പരയിലെ മറ്റ് രണ്ട് മത്സരങ്ങള്‍ ഗുവാഹത്തി, ഇന്‍ഡോര്‍ എന്നിവിടങ്ങളിലായി നടക്കും.

Content Highlight: Wasim Jaffer announces his playin eleven against Australia, excludes Rishabh Pant

We use cookies to give you the best possible experience. Learn more