അവരുണ്ടെങ്കില്‍, അവര്‍ കളിക്കുകയാണെങ്കില്‍ ഇത്തവണയും ട്രോഫി ഇന്ത്യ നേടും; വമ്പന്‍ പ്രസ്താവനയുമായി സൂപ്പര്‍ താരം
Sports News
അവരുണ്ടെങ്കില്‍, അവര്‍ കളിക്കുകയാണെങ്കില്‍ ഇത്തവണയും ട്രോഫി ഇന്ത്യ നേടും; വമ്പന്‍ പ്രസ്താവനയുമായി സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th August 2024, 8:16 pm

ഇത്തവണയും ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയില്‍ ഇന്ത്യ വിജയിക്കുമെന്നും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കുമെന്നും മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വസീം ജാഫര്‍. മുമ്പ് നടന്ന രണ്ട് തവണയും ഇന്ത്യയായിരുന്നു കിരീടം നേടിയത്. ഇത്തവണയും ഇന്ത്യക്ക് അതിന് സാധിക്കുമെന്നും ജാഫര്‍ വിശ്വസിക്കുന്നു.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമിനൊപ്പമുണ്ടെങ്കില്‍ ഇന്ത്യയുടെ സാധ്യതകളേറെയാണെന്നും വസീം ജാഫര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയെന്നോണമാണ് വസീം ജാഫര്‍ ഇക്കാര്യം പറഞ്ഞത്.

‘(ജസ്പ്രീത്) ബുറയും (മുഹമ്മദ്) ഷമിയും (മുഹമ്മദ്) സിറാജും ഫിറ്റാണെങ്കില്‍, അവര്‍ പരമ്പരയുടെ ഭൂരിഭാഗം മത്സരങ്ങളും കളിക്കുന്നുണ്ടെങ്കില്‍ ഇന്ത്യക്ക് ഹാട്രിക് വിജയം നേടാനുള്ള എല്ലാ സാധ്യകളുമുണ്ട്. ലെഫ്റ്റ് ആം പേസറായി അര്‍ഷ്ദീപിനെ ഉള്‍പ്പെടുത്താം. മായങ്ക് യാദവാകും ഈ സീരീസിലെ കറുത്ത കുതിര,’ വസീം ജാഫര്‍ പറഞ്ഞു.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പ് ഇന്ത്യക്ക് മറ്റ് രണ്ട് ടെസ്റ്റ് പരമ്പരകളും രണ്ട് ടി-20 പരമ്പരകളും കളിക്കാനുണ്ട്.

സെപ്റ്റംബര്‍ 19 നാണ് ഇന്ത്യ ആദ്യ പരമ്പരക്കിറങ്ങുന്നത്. ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയാണ് ആദ്യം നടക്കുക. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരക്കാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ പര്യടനം നടത്തുന്നത്.

 

ചെപ്പോക്കാണ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് വേദിയാകുന്നത്. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് പരമ്പരയിലെ രണ്ടാം മത്സരം. ഗ്രീന്‍ പാര്‍ക്കാണ് വേദി.

ടെസ്റ്റ് പരമ്പരക്ക് പിന്നാലെ മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പരയും ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കും.

ഒക്ടോബര്‍ 16നാണ് ഇന്ത്യ അടുത്ത റെഡ് ബോള്‍ സീരീസിനിറങ്ങുന്നത്. സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റാണ് കിവികള്‍ ഇന്ത്യക്കെതിരെ കളിക്കുക.

നവംബര്‍ 22ന് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി ഓസ്‌ട്രേലിയയിലേക്ക് പറക്കും മുമ്പേ പ്രോട്ടിയാസിനെതിരെ നാല് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയും ഇന്ത്യ കളിക്കും.

അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇന്ത്യ ഓസീസ് മണ്ണില്‍ കളിക്കുക. ഒപ്റ്റസ് സ്റ്റേഡിയമാണ് ആദ്യ ടെസ്റ്റിന് വേദിയാകുന്നത്.

രണ്ടാം മത്സരം അഡ്ലെയ്ഡിലും മൂന്നാം മത്സരം ഗാബയിലും അവസാന ടെസ്റ്റ് സിഡ്‌നിയിലും നടക്കും. മെല്‍ബണിലാണ് ബോക്‌സിങ് ഡേ ടെസ്റ്റ് അരങ്ങേറുന്നത്.

 

 

Content Highlight: Wasim Jaffer about Border-Gavaskar Trophy