ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആദ്യ ഏകദിനത്തില്‍ ഒറ്റ വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി.
മുന്‍ നായകന്‍ ഷാകിബ് അല്‍ ഹസന്റെയും സൂപ്പര്‍ താരം എദാബോത് ഹുസൈന്റെയും ബൗളിങ്ങിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് സാധിച്ചിരുന്നില്ല. അഞ്ച് വിക്കറ്റ് നേടിയ ഷാകിബും നാല് വിക്കറ്റ് നേടിയ ഹുസൈനും അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയെ എറിഞ്ഞിടുകയായിരുന്നു.
ഇവരുടെ ബൗളിങ് മികവില്‍ 187 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടാവുകയായിരുന്നു.
എന്നാല്‍ ഇന്ത്യ മറ്റൊരു താരത്തെ മടക്കിക്കൊണ്ടുവരാന്‍ ആവശ്യപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വസീം ജാഫര്‍. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
‘ഷാകിബിനെതിരെയും എദാബോതിനെതിരെയും ഇന്ത്യ കുറച്ചുകൂടി നന്നായി ബാറ്റ് ചെയ്യെണം. ഷാകിബിന് വിക്കറ്റ് സമ്മാനിക്കാതിരിക്കുകയാണെങ്കില്‍ അത് ബംഗ്ലാദേശിന് മേല്‍ വലിയ സമ്മര്‍ദ്ദമാണുണ്ടാക്കുക.
ഞാനിയിരുന്നുവെങ്കില്‍ കുല്‍ദീപ് സെന്നിന് പകരം അക്‌സര്‍ പട്ടേലിനെ തിരിച്ചുകൊണ്ടുവരുമായിരുന്നു. അടുത്ത വര്‍ഷത്തെ ലോകകപ്പ് കൂടി കണക്കിലെടുത്താണ് ഞാനിത് പറയുന്നത്. 20-25 മത്സരങ്ങളാവും ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുക, അക്‌സറിന് മാക്‌സിമം മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കിണം.
ഇത്തരത്തിലുള്ള പിച്ചില്‍ സ്പിന്നര്‍മാരാകും കൂടുതല്‍ അപകടകാരികളാകുക. ഷഹബാസ് ഉണ്ടെങ്കില്‍ കൂടിയും അവന്‍ ടീമില്‍ പുതിയതാണ്. അക്‌സറിനെ പോലെ സീനിയറായ ഒരു സ്പിന്നര്‍ ടീമിലുണ്ടാകണം,’ അദ്ദേഹം പറയുന്നു.
ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 186 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ.
ഇന്ത്യയെ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ടെങ്കിലും ബംഗ്ലാദേശിനും ചെയ്‌സിങ് എളുപ്പമായിരുന്നില്ല. ഒടുവില്‍ 46 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഏറെ പണിപ്പെട്ടാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്.
വിജയത്തിന് 51 റണ്‍സ് അകലെ ബംഗ്ലാദേശിന് തങ്ങളുടെ ഒമ്പതാം വിക്കറ്റ് നഷ്ടമായിരുന്നു. എന്നാല്‍ അവസാന ബാറ്ററായ മുസ്തഫിസുര്‍ റഹ്മാനെ കൂട്ടുപിടിച്ച് മെഹിദി ഹസന്‍ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു.
136 റണ്‍സില്‍ ആരംഭിച്ച ആ കൂട്ടുകെട്ട് ബംഗ്ലാദേശിന്റെ വിജയത്തിലാണ് ചെന്നവസാനിച്ചത്.
39 പന്തില്‍ നിന്നും 38 റണ്‍സുമായി ഹസനും 11 പന്തില്‍ നിന്നും 10 റണ്‍സുമായി മുസ്തഫിസുര്‍ റഹീമും പുറത്താകാതെ നിന്നു.
ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ബംഗ്ലാദേശിന് സാധിച്ചു.
ഡിസംബര്‍ ഏഴിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ഇതേ സ്റ്റേഡിയത്തില്‍ വെച്ച് തന്നെയാണ് മത്സരം നടക്കുന്നത്
Content Highlight: Wasim Jaffer about Axar Patel